വിളിച്ചുവരുത്തുന്ന ദുരന്തങ്ങൾ

choondu-rain-t
SHARE

വളരെ ദുഃഖകരമായ ഒരു സാഹചര്യത്തില് നിന്നാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്. അതിവൃഷ്ടിയില് മുപ്പതോളം മനുഷ്യര് ചുരുങ്ങിയ ദിവസങ്ങളില് മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്. പ്രളയദുരിതവും, രക്ഷാദൗത്യവുമെല്ലാം വിശദമായി കേരളം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഉരുള്പൊട്ടലും മണ്ണിടിച്ചിലുമാണ് ഏറ്റവും കൂടുതല് ജീവനെടുത്തത്. കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്തൊരു സ്ഥലം കേന്ദ്രീകരിച്ചായിരുന്നു വിഷയം പഠിക്കാന് ശ്രമിച്ചത്. കോട്ടൂര് പഞ്ചായത്തിലെ മനോഹരമായ ഒരു ഭൂപ്രദേശം. രണ്ട് കാരണങ്ങള് കൊണ്ടാണ് ഇവിടം തിരഞ്ഞെടുത്തത്. ഇവിടെ മുമ്പ് ഉരുള്പൊട്ടലുണ്ടായിട്ടുണ്ട്. വളരെ സ്വാഭാവികമായും, അപൂര്വമായും നാട്ടിലുണ്ടാകുന്ന തരത്തിലുളളത്. രണ്ടാമത്, പുതിയൊരു കരിങ്കല് ക്വാറിക്ക് ഈ മേഖലയില് അനുമതി ലഭിച്ചിട്ടുണ്ട്. അതെച്ചൊല്ലി നാട്ടില് സമരവും നടക്കുന്നുണ്ട്. അതിലേക്ക് വരാം. അതിന് മുമ്പ്. 

കേരളത്തിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ചിലത് പറയാനുണ്ട്. ഞങ്ങളെക്കാള് ധാരണയുളളവരുടെ വാക്കുകളിലൂടെ അത് പരിശോധിക്കാം. 

ആരാണ് ഈ പ്രകൃതിക്ഷേഭത്തിന്റെ, പാവം മനുഷ്യരുടെ മരണത്തിന് ഉത്തരവാദികള്. വാസ്തവത്തില് അവരില് മഹാഭൂരിപക്ഷവും രക്തസാക്ഷികളാണ്. ദിശതെറ്റിയ വികസനമാതൃകയുടെ രക്തസാക്ഷികള്.

ഭൂമിക്കടിയില് വേരുകള്കൊണ്ട് 

കെട്ടിപ്പിടിച്ചിരിക്കുന്നു.

ഇലകള് തമ്മില്

തൊടുമെന്ന് പേടിച്ച്

നാം അകറ്റിനട്ട മരങ്ങള്

ഈ മനോഹര വരികളെഴുതിയ കവി വീരാന് കുട്ടിയെയും ഞങ്ങള് കണ്ടു. ചെങ്ങോട്ടുമലയുടെ താഴ്വാരങ്ങളില് വളര്ന്നുവന്നയാളാണ് വീരാന്കുട്ടി. എന് എന് കക്കാടിന്റെ അയല്വാസി. ഇവിടെ ജനിച്ചുവളര്ന്ന ടി പി രാജീവന് ഇവിടെ നടക്കുന്ന സമരത്തിന്റെ മുന്നിരയിലുണ്ട്. ടി പി രാജീവന്റെ കെ ടി എന് കോട്ടൂര്, എഴുത്തും ജീവിതവും എന്ന നോവലില് ചെങ്ങോട്ടുമലയുണ്ട്.

വികസനത്തിന്റെ പുതുഭാഷയില് വലിയ പ്രശ്നങ്ങളുണ്ട്. അത് ലോകം തിരിച്ചറിയുന്നുണ്ട്. കേരളം അത് തിരിച്ചറിയാന് ഇനിയും തയാറാവുന്നില്ല. 

വികസനത്തിന്റെ പുതിയ മാതൃകയെക്കുറിച്ച്, സുസ്ഥിരമായ വികസനത്തെക്കുറിച്ച്, മനുഷ്യനൊപ്പം പ്രകൃതിയെക്കൂടി പങ്കാളിയാക്കുന്ന വികസനത്തെക്കുറിച്ച് ലോകമാകെ ചര്ച്ച ചെയ്യുന്ന കാലമാണിത്. എന്തുകൊണ്ടാണ് നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാരികള്ക്ക്, നാം തിരഞ്ഞെടുത്തയക്കുന്ന രാഷ്ട്രീയപ്പാര്ട്ടി പ്രതിനിധികള്ക്ക് അതെക്കുറിച്ച് ബോധ്യമില്ലാതാവുന്നത്.

പറഞ്ഞുവന്നാല്, മുഖ്യധാരാരാഷ്ട്രീയപ്പാര്ട്ടികളത്രയും പരിസ്ഥിതിയുടെ രാഷ്ട്രീയത്തിനൊപ്പം നില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന കാലത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. സി പി എമ്മൊക്കെ പാര്ട്ടി സമ്മേളനങ്ങളില് ആ മുദ്രാവാക്യത്തെ ചേര്ത്ത് പിടിക്കുന്നവരാണ്. അവരാണ് മണലൂറ്റിനും, വയല് നികത്തിയുളള ഹൈവേക്കും, നീര്ത്തടസംരക്ഷണനിയമം അട്ടിമറിക്കാനും, ലോലപരിസ്ഥിതിയെ അട്ടിമറിക്കുന്ന പാറമടകള്ക്കനുമതി നല്കാനും മുന്നിലുളളത്.

നമ്മളുദ്ദേശിക്കുന്നത് പോലെയല്ല. അനുമതിയൊന്ന് കിട്ടിയാല് മതി, പിന്നെയെല്ലാം മാഫിയകളുടെ നിയന്ത്രണത്തിലാവും. അവര്ക്ക് കളങ്കിതരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയുമുണ്ടാവും.

അനിയന്ത്രിതമായി മണലൂറ്റുന്നതിന്റെയും, പാറപൊട്ടിക്കുന്നതിന്റെയും ദുരന്തമനുഭവിക്കുന്നതത്രയും ദളിതരും ആദിവാസികളും ദരിദ്രരുമാണ്. ഈ പെരുമഴക്കാലം ആ ധാരണകള് ഒരിക്കല്കൂടി ഉറപ്പിച്ചു.

പറഞ്ഞുപറഞ്ഞങ്ങ് പോകാനാണെങ്കില് ഒരുപാടുണ്ട്. ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ലോകമാകെ നിരാകരിച്ച വികസനവാദികളുടെ കോറസാലാപനമാണ്. നാട്ടിലെ വികസനത്തിന് മണ്ണ് വേണ്ടേ, പാറ വേണ്ടേ.... നിങ്ങള്ക്ക് വീടുപണിയാന് മണല് വേണ്ടേ, തടി വേണ്ടേ, പാറ വേണ്ടേ. മറുപടിയിതാണ്.

നിയമത്തിന്റെ ഈ പരിചയെക്കുറിച്ചാണ് ഇനി പറയാനുളളത്. നിയമപരമായ എല്ലാ അനുമതിയും ഞങ്ങള്ക്കുണ്ട് എന്ന അവകാശവാദമാണ് പ്രകൃതിവിഭവങ്ങള് 

അമിതലാഭേച്ഛയോടെ ചൂഷണം ചെയ്യുന്ന എല്ലാവര്ക്കും പറയാനുളളത്. അമിതലാഭേച്ഛ ഒരു തെറ്റേയല്ല. എന്നാലത് പ്രകൃതിവിഭവങ്ങള് ചൂഷണം ചെയ്യുന്ന തരത്തിലാവുമ്പോള് അത് ജനങ്ങളോട് ചെയ്യുന്ന യുദ്ധമായി മാറും. അത് ഭാവി തലമുറയുടെ കൂട്ടക്കൊലയായി മാറും. വര്ത്തമാനകാലത്തില് തന്നെ അത് പ്രകൃതിക്ഷോഭമുനമ്പിലെ കൂട്ടക്കൊലകള്ക്ക് കാരണമാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

നിയമപരമായ എല്ലാ കടലാസുകളുമുണ്ടെങ്കില് തന്നെ അത് നാടിന്റെ താത്പര്യത്തിന് എതിരാണെങ്കിലോ. നിയമം ഭേദഗതി ചെയ്യുകയല്ലേ വേണ്ടത്. അങ്ങനെ എത്രയെത്ര നിയമങ്ങള് കേരളവും ഇന്ത്യയും ഭേദഗതി ചെയ്തിരിക്കുന്നു. അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഉരുള്പൊട്ടലില് കുത്തിയൊഴുകിയെത്തുന്ന വെളളവും പാറക്കൂട്ടങ്ങളും മനുഷ്യനെ നിസഹായനാക്കി മണ്ണിനടിയിലാക്കുന്ന ഈ കാലത്ത് അത് കാലത്തിന്റെ അനിവാര്യതയാണ്.

മുന്വിധിയോ, തീര്പ്പുകല്പ്പിക്കലോ ഇല്ലാതെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. പാറഖനനം തുടങ്ങാനിരിക്കുന്ന കമ്പനി നല്കിയ വിശദീകരണം കൊടുക്കാതിരിക്കുന്നത് തീര്ച്ചയായും നീതികേടാണ്. 

ഫയര് ആന്ഡ് സേഫ്റ്റി, മൈനിങ് ആന്ഡ് ജിയോളജി, ജില്ലാ പാരിസ്ഥിതികാഘാത നിര്ണയ സമിതി തുടങ്ങിയവയുടെ അനുമതി ക്വാറിക്ക് ലഭിച്ചിട്ടുണ്ട്. 

രേഖകള്പ്രകാരം 2018 ജനുവരി മാസം പത്തിനാണ് പാരിസ്ഥിതിക അനുമതി ജില്ലാ പാരിസ്ഥിതികാഘാത നിര്ണയ സമിതി നല്കിയത്. 

ഇനി, വിവരാകാശപ്രകാരം ലഭിച്ച ചില രേഖകള്  നോക്കാം. 

ഏറ്റവും പ്രധാനപ്പെട്ടത് അസിസിറ്റന്റ് കളക്ടറുടേത്. പാരിസ്ഥിതികാനുമതി നല്കുന്നതിന് 20 ദിവസം മുമ്പ് നല്കിയത്. ഭൂമി സ്ഥിതി ചെയ്യുന്നത് പാരിസ്ഥിതികമായി ദുര്ബലപ്രദേശത്താണെന്നും ആത് തരത്തിലുളള ഖനനവും ഈ പ്രദേശത്തെ ജൈവവൈവിധ്യത്തെ നശിപ്പിക്കുമെന്നും ഭൂഗര്ഭജലലഭ്യതയെ ബാധിക്കുമെന്നാണ് റിപ്പോര്ട്ട്. വിശദമായ പാരിസ്ഥിതികപരിശോധന നടത്താനും ശുപാര്ശയുണ്ട്.

ജില്ലാ മെഡിക്കല് ഓഫീസര്. 20/3/18  പാരിസ്ഥിതികാനുമതി നല്കി രണ്ട് മാസത്തിന് ശേഷം ലഭിച്ച മറുപടി. നിരാക്ഷേപപത്രം നല്കിയിട്ടില്ല.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്. 19/6/2018  പാരിസ്ഥിതികാനുമതി നല്കി ആറ് മാസത്തിന് ശേഷം ലഭിച്ച മറുപടി. മരം മുറിക്കാന് അനുമതി നല്കിയിട്ടില്ല. ഇരുള് മരങ്ങള് മുറിക്കാന് അനുമതി നല്കിയിട്ടില്ല.

കോട്ടൂര് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. 27/6/18  പാരിസ്ഥിതികാനുമതി നല്കി ആറ് മാസത്തിന് ശേഷം ലഭിച്ച മറുപടി. ജനങ്ങളുടെ ആശങ്ക ഗൗരവമുളളതാണ്. അത് ശാസ്ത്രീയമായി വിലയിരുത്തിയതിന് ശേഷമേ അനുമതി നല്കാവൂ എന്ന് മൈനിങ് ആന്ഡ് ജിയോളജി വകുപ്പിന് കത്തയച്ചിട്ടുണ്ട്. 

ഇനിയുളളത് പ്രധാനപ്പെട്ടതാണ്. ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് നല്കിയത്. 10/4/18 പാരിസ്ഥിതികാനുമതി നല്കി മൂന്ന് മാസങ്ങള്ക്ക് ശേഷമാണ് ഡി എഫ് ഒ ഈ മറുപടി നല്കിയത്. പ്രധാനമായും പറയുന്നത് ഇതൊക്കെ.

പ്രാഥമികാന്വേഷണത്തില് പാരിസ്ഥിതികാഘാതങ്ങള് ഉറപ്പാണ്. ഖനനം ജൈവവൈവിധ്യം നശിപ്പിക്കും, നീര്മറി പ്രദേശം ശോഷിക്കും, നൈസര്ഗിക ജലസംരക്ഷണത്തെ ബാധിക്കും. ഡി ഇ എ സി യുടെ പരിശോധന വിദഗ്ധരെ കൂടാതെയാണ്. പ്രധാനകാര്യങ്ങള് പരിഗണിച്ചിട്ടില്ല. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പാലിക്കപ്പെട്ടിട്ടില്ല. ആയതിനാല് ഖനനാനുമതി പുനഃപരിശോധിക്കണം.

അനുമതി സംബന്ധിച്ച വിഷയത്തില് സര്ക്കാര് ഏജന്സികള്ക്കിടയില് തന്നെ അഭിപ്രായഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്. ഇത്തരത്തിലുളള അഭിപ്രായഭിന്നതകള് പരിഹരിച്ചുവേണം ഇത്തരം പദ്ധതികള്ക്ക് പ്രവര്ത്തനാനുമതി നല്കേണ്ടതെന്ന പരിസ്ഥിതി പ്രവര്ത്തകരുടെയും സാംസ്കാരികപ്രവര്ത്തകരുടെയും അഭിപ്രായങ്ങള്ക്ക് അടിവരയിടുന്നതാണ് രേഖകള്.

MORE IN CHOONDU VIRAL
SHOW MORE