അന്യരല്ല, അതിഥികളായ തൊഴിലാളികൾ

choondu-labour-t
SHARE

ഇത് പറഞ്ഞുതുടങ്ങേണ്ടതെങ്ങനെയെന്ന് സംശയമുണ്ട്. കാരണം കുറേയേറെ വര്ഷങ്ങള്ക്കുമുമ്പ് ഇതേ വിഷയം ഒന്ന് കൈകാര്യം ചെയ്തതാണ്. അന്ന് സംഭവിച്ച ഒരു പിഴവ് തിരുത്തി ആരംഭിക്കാമെന്ന് തോന്നി. അന്ന് മറുനാടന് തൊഴിലാളിയെന്നാണ് വിശേഷിപ്പിച്ചത്. മറുനാടന് എന്ന് പറയുന്നതില് അന്യസംസ്ഥാനക്കാരന് എന്ന് പറയുമ്പോലത്തെ ഒരു അന്യവത്കരണമുണ്ടല്ലോ. അതുകൊണ്ടാണ് അതിഥിതൊഴിലാളിയെന്ന് തിരുത്തുന്നത്. പരിപാടിയില് സംസാരിക്കുന്ന ചിലരെങ്കിലും പഴയ വിശേഷണങ്ങള് ഉപയോഗിക്കുന്നുണ്ട്. അതും പതുക്കെ മാറും, മാറണം എന്നാണാഗ്രഹിക്കുന്നത്. 

പെരുമ്പാവൂരില് ഒരു കൊലപാതകം നടന്നു. ഒരു കോളജ് വിദ്യാര്ഥിനി കൊല്ലപ്പെട്ടു. കേരളത്തില് തൊഴിലെടുക്കാനെത്തിയ ഒരു ചെറുപ്പക്കാരനാണ് നിഷ്ഠൂരമായ ആ കൊലപാതകം നടത്തിയത്. അയാള് ശിക്ഷിക്കപ്പെടട്ടെ. ശിക്ഷിക്കപ്പെടണം. നിഷ്ഠൂരമായ കുറ്റകൃത്യങ്ങള് നടത്താന് ഒരു മടിയുമില്ലാത്ത നിരവധിയനവധി മലയാളികള്ക്കൊപ്പം ആ കുറ്റവാളിയും ശിക്ഷിക്കപ്പെടട്ടെ. അതിന് കേരളത്തില് ജോലി ചെയ്യുന്ന അതിഥിതൊഴിലാളിസമൂഹം എന്ത് പിഴച്ചു. 

ഞങ്ങള് പെരുമ്പാവൂരില് രണ്ട് ദിവസം ചിലവഴിക്കാനെത്തിയത് അതിഥിതൊഴിലാളികളോട് മാത്രം സംസാരിക്കാനാണ്. പക്ഷെ, അത്തരം സംഭാഷണങ്ങള് സുഗമമായി നടത്താന് കഴിയുന്ന സാഹചര്യമായിരുന്നില്ല പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും നിലവിലുണ്ടായിരുന്നത്. ക്രിമിനലുകള്, കുറ്റവാളികള്, സ്ത്രീപീഡകര്... അങ്ങനെയൊരു ഇമേജിലേക്ക് അതിഥിതൊഴിലാളികളെ ചുരുക്കാന് ബോധപൂര്വമായ ശ്രമങ്ങള് നടന്നു. പലയിടങ്ങളിലും അവരെ ഒറ്റപ്പെടുത്തി. ചിലയിടങ്ങളില് മര്ദിച്ചു. അതെല്ലാം പറഞ്ഞ് വിഷയം ദീര്ഘിപ്പിക്കുന്നില്ല. കാണാനും സംസാരിക്കാനും കഴിഞ്ഞ ചുരുക്കം ചിലര് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില് അതിഥിതൊഴിലാളികളെയാകെ പ്രതിസ്ഥാനത്ത് നിര്ത്തുന്ന ശരാശരി മലയാളിധാരണകള്ക്കുളള മറുപടി പറഞ്ഞിട്ടുണ്ട്.

അതെ. അതിഥികളായി വന്ന് കേരളത്തെ കെട്ടിപ്പടുക്കാനെത്തിയ തൊഴിലാളികള് ഒന്ന് ഉള്വലിയേണ്ടി വന്നിരിക്കുന്നു. ഉത്തരേന്ത്യയില് നമ്മളിത് കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയില് ശിവസേന ഇത് നടപ്പിലാക്കിയിട്ടുണ്ട്. അത്തരം മണ്ണിന്റെ മക്കള് വാദങ്ങള്ക്കെല്ലാം എതിരായ മലയാളിക്ക് എങ്ങനെയാണ് നമ്മുടെ വീട് പണിയുന്ന, നമുക്ക് പൊറോട്ടയടിച്ചുതരുന്ന, നമ്മുടെ നഗരവികസനനവീകരണങ്ങള്ക്കെല്ലാം സംഭാവനനല്കുന്ന അതിഥിതൊഴിലാളികളെ വെറുക്കാന് കഴിയുക. 

എന്തിനാണ് വാസ്തവത്തില് കേരളത്തിന് പുറത്തുനിന്നും തൊഴിലാളികള് കേരളത്തിലെത്തുന്നത്. ജീവിക്കാനാണ്. മാര്ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്ട്ടി ദശകങ്ങള് ഭരിച്ച മധുരമനോഹരമനോഞ്ജസ ബംഗാളിലടക്കം പട്ടിണിയും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്നുവെന്ന പ്രഖ്യാപനമാണ് ഈ തൊഴിലാളികള് നടത്തുന്നത്. ആ മേഖലയുടെ മൊത്തം പിന്നോക്കാവസ്ഥയുടെ സാക്ഷ്യവും.

ഇനിയൊരാളെ പരിചയപ്പെടുത്താം. ജോര്ജെന്ന് പേര്. തൊടുപുഴക്കാരനായിരുന്നു. ദീര്ഘകാലമായി അതിഥിതൊഴിലാളികളുടെ സമരക്ഷേമപ്രവര്ത്തനങ്ങളില് സജീവം. ബ്രൂണോയെന്ന് വിളിപ്പേരുളള ജോര്ജ് ഈ മനുഷ്യര്ക്കിടയില് ജീവിച്ച് പഠിച്ചത്രയൊന്നും ഹ്രസ്വസന്ദര്ശനങ്ങളില് ഞങ്ങള്ക്ക് മനസിലാകാന് സാധ്യതയില്ല.

വാസ്തവത്തില് എന്തിനാണ് അതിഥികളായി ഈ തൊഴിലാളികള് കേരളത്തിലേക്ക് വരുന്നത്. ജീവിക്കാനാണ്. കുടുംബം പോറ്റാനാണ്. മലയാളി പണ്ട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്ഫിലേക്കും പോയത് പോലെ തന്നെയാണ്. ഒരുപക്ഷെ, അതിനെക്കാള് ദുരിതപൂര്ണമായ സാഹചര്യങ്ങളില് നിന്നാണ്. പുതിയകാലത്തെ മലയാളിയുടെ കുടിയേറ്റങ്ങള്ക്ക് ഈ മനുഷ്യരുടെ കേരളത്തിലേക്കുളള വരവുമായി താരതമ്യം ഏതുമില്ല. 

ഞങ്ങള് പോയ സ്ഥലങ്ങളിലൊന്ന് വാസ്തവത്തില് ബംഗാളിലെ മുര്ഷിദാബാദ് ജില്ലയെ പറിച്ചെടുത്ത് വച്ചത് പോലെയാണ്. മുര്ഷിദാബാദിലെ ഒരു തെരുവ് പോലെ.

യഥാര്ഥത്തില് പറയാനുദ്ദേശിക്കുന്നത് ഇതൊന്നുമല്ല. ഞങ്ങള് പോയതിലും മോശപ്പെട്ട ലേബര്ക്യാമ്പുകള് എറണാകുളം ജില്ലയിലും, കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. 

വിഷയം അതല്ലാത്തത് കൊണ്ട് മാത്രം അവിടേക്ക് പോകുന്നില്ല. എങ്കിലും ഒന്ന് പറയട്ടെ. ഇമ്മാതിരി ഇടങ്ങളില് താമസിച്ച്, അരക്ഷിതമായ തൊഴില്, ജീവിതസാഹചര്യങ്ങള് അടിച്ചേല്പ്പിക്കപ്പെടുന്ന തൊഴിലാളികളെയാണ് സുഹൃത്തുക്കളടക്കം കൊടുംകുറ്റവാളികളായി മുദ്രകുത്തുന്നത്. 

പരത്തിപ്പറയുന്നില്ല. അതിഥിതൊഴിലാളികള് നേരിടുന്ന ചൂഷണങ്ങളുടെ നീണ്ട പട്ടിക നിരത്തുന്നുമില്ല. അത് പിന്നീടാവാം. ഇപ്പോഴത്തെ കാര്യം പറയാം.

പെരുമ്പാവൂരിലെ നിര്ഭാഗ്യകരമായ കൊലപാതകത്തിന് ശേഷം ഏറ്റവുമധികം ഉയര്ന്നുകേട്ട വാദഗതിക്ക് ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. മറുനാട്ടില് നിന്നെത്തുന്ന അതിഥി തൊലിലാളികള് അവരുടെ പേര് റജിസ്റ്റര് ചെയ്യണമെന്ന്. എവിടെ... പൊലീസ് സ്റ്റേഷനില്.. എന്തിന്?

ഈ രാജ്യത്തിനൊരു ഭരണഘടനയുണ്ടെന്ന കാര്യത്തില് ആര്ക്കും തര്ക്കമുണ്ടാകാനിടയില്ല. ആ ഭരണഘടന ഇന്ത്യയിലെവിടെയും ജീവിക്കാനും തൊഴിലെടുക്കാനും ഈ രാജ്യത്തെ പൗരന്മാര്ക്ക് അവകാശം നല്കുന്നുണ്ടെന്ന കാര്യം പക്ഷെ പലര്ക്കുമറിയില്ല. രാജ്യത്താകെയെന്നല്ല, ലോകത്താകെ കുടിയേറി തൊഴിലെടുത്ത് ജീവിക്കുന്ന മലയാളിക്ക് ബംഗാളുില് നിന്നും, ഒറീസയില് നിന്നും, ജാര്ക്കണ്ടില് നിന്നും, ബിഹാറില് നിന്നുമെത്തുന്ന തൊഴിലാളികളെ സംശയം, പേടി.

പൊതുവില് ഞങ്ങള് കണ്ട തൊഴിലാളികളത്രയും കേരളത്തെക്കുറിച്ച് പറഞ്ഞത് നല്ല വാക്കുകള്. മലയാളിയെക്കുറിച്ച് പറഞ്ഞതും നല്ല വാക്കുകള്. അവിടെയുമോര്ക്കണം. മലയാളി പരോക്ഷമായി അവന്റെ പോക്കറ്റടിക്കുന്നുണ്ട്, പല തരത്തില്. അതിനും പുറമെ പ്രത്യക്ഷത്തിലുമുണ്ട് പോക്കറ്റടി. 

അങ്ങനെയൊരു പോക്കറ്റടിയുടെ പേരില് കേരളമാകെ, മലയാളിയാകെ പോക്കറ്റടിക്കാരാണെന്ന് ആരെങ്കിലും പറയുമോ. ഇല്ല. അതുകൊണ്ടാണ് ആവര്ത്തിച്ചാവര്ത്തിച്ചു പറയുന്നത്, പറയേണ്ടി വരുന്നത്.... ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില് അതിഥിതൊഴിലാളികളെ സംശയമുനയില് നിര്ത്തരുതെന്ന്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില് അതിഥിതൊഴിലാളികളെ ആരെങ്കിലും പേടിക്കുന്നുവെങ്കില് അവരോടാണ് പറയാനുളളത്. കേരളത്തിന് പുറത്ത്, രാജ്യത്തിനകത്തും പുറത്തും മലയാളി ചെയ്തിട്ടുളള, ഉള്പ്പെട്ടിട്ടുളള കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല് ഒരിടത്തും പണിക്കുപോകാന് പറ്റില്ലായിരുന്നു മലയാളിക്ക്. 

ഒറ്റപ്പെട്ട അക്രമങ്ങളുടെ പശ്ചാത്തലത്തില് അതിഥിതൊഴിലാളികള്ക്കെതിരെ ഉയരുന്ന വികാരം തികച്ചും സ്വാഭാവികമെന്ന് കരുതാന് നിവൃത്തിയില്ല. പ്രത്യേകിച്ചും ബി ജെ പി നേതാവ് കെ സുരേന്ദ്രനടക്കം വിഷയത്തില് ഇടപെട്ട് പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ സ്വഭാവം പരിശേോധിക്കുമ്പോള്. രാജ്യത്ത് വളര്ത്തിക്കൊണ്ടുവരാന് ശ്രമിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് മുതല്ക്കൂട്ടാനുളള ശ്രമമാണത്. പുതിയതല്ല. പഴയൊരു വാദമാണ്.

രണ്ട് മൂന്ന് കാര്യങ്ങള് ഓടിച്ചുപറയുകയാണ്. പ്രത്യേകിച്ചും, കേരളത്തില് വെച്ച് മരിക്കുകയോ, പരിക്കേല്ക്കുകയോ ചെയ്യുന്ന അതിഥി തൊഴിലാളികളെ കേരളം എങ്ങനെ പരിഗണിക്കുന്നുവെന്ന് ഓരോ മലയാളിയും അറിഞ്ഞിരിക്കണം. എന്റെയോ, നിങ്ങളുടെയോ സഹോദരനോ സുഹൃത്തോ വിദേശത്തെവിടെയെങ്കിലും മരണപ്പെട്ടാല്, മൃതദേഹം കേരളത്തിലെത്തിക്കാന് വൈകിയാല് എന്തൊരു സങ്കടമായിരിക്കും നമുക്ക്. കേരളത്തിലെ അതിഥിതൊഴിലാളികള്ക്ക് പരുക്കേല്ക്കുകയോ മരണപ്പെടുകയോ ചെയ്യുമ്പോള് മാന്യമായി പെരുമാറാന് കേരളത്തിനപ്പോള് തീര്ച്ചയായും ബാധ്യതയുണ്ട്. ആ ബാധ്യത കേരളം ഏറ്റെടുക്കുന്നതേയില്ല. 

ചിലരെങ്കിലും വിചാരിക്കാനിടയുണ്ട്. ലോകം മുഴുവനറിയുന്ന കേരളത്തിലെ തൊഴിലാളി സംഘടനകളുടെ ഇടപെടല് എന്തുകൊണ്ടുണ്ടാകുന്നില്ലെന്ന്. ഉണ്ടാകില്ലെന്ന്. എ ഐ ടി യു സി പേരിനുണ്ടാക്കിയ സംഘടന ഇപ്പൊ ജീവനോടെയുണ്ടോയെന്ന് ആര്ക്കുമറിയില്ല.

മുഖ്യധാരാതൊഴിലാളി സംഘടനകള് മൈന്ഡ് ചെയ്യുന്നില്ലെങ്കിലും തൊഴിലുടമകള് ചെയ്യുന്നുണ്ട്. ഏറ്റവും അപകടകരമായ, മലയാളി ചെയ്യാന് മടിക്കുന്ന എല്ലാ ജോലിക്കും അതിഥിതൊഴിലാളികളെ കണ്ടെത്തി നിയോഗിക്കും. 

വര്ഷങ്ങള്ക്കു മുമ്പ് ആദ്യമായി ഈ വിഷയം പഠിക്കാനെത്തിയപ്പോള് തുടങ്ങിയത് അങ്കമാലിയില് നിന്നാണ്. ഇത്തവണയും അവിടെ പോയി. 

ആഫ്രിക്കയിലും മറ്റും ഒരു കാലത്ത് സജീവമായിരുന്ന അടിമച്ചന്തകള്ക്ക് 21 ാം നൂറ്റാണ്ടില് കേരളമൊരുക്കുന്ന പകര്പ്പ്. എറണാകുളം ജില്ലയിലെ അങ്കമാലിയിലും, പെരുന്പാവൂരിലും, കാലടിയിലും, വൈറ്റിലയിലും, കലൂരിലുമുണ്ട് സംസ്ഥാനത്ത് മറ്റ് പല ഭാഗങ്ങളിലുമുണ്ടാവും  ഈ ചന്ത.  

ചന്തയില് നടക്കുന്നത് ലേലമാണ്. രാവിലെ ആറ് മണി മുതല് ഒന്പത് മണി വരെ തൊഴിലാളികള് ഇവിടെയുണ്ടാവും. നിരന്ന് നില്ക്കും. ആരെങ്കിലും വിളിക്കുന്നതും കാത്ത്. വിലപേശും. കുറഞ്ഞ കൂലിക്ക് പറഞ്ഞുറപ്പിച്ചാല് പിന്നെ, തൊഴിലിടത്തേക്കുളള യാത്ര. 

ചന്തയില് എല്ലാവരും ലേലം കൊള്ളപ്പെടും എന്നൊരുറപ്പുമില്ല. ദൈന്യഭാവത്തിലുളള  കാത്തുനില്പ് ചിലപ്പോള് ഒന്പത് മണി വരെ തുടരും. പിന്നെ, താമസ സ്ഥലത്തേക്ക് മടക്കം. ഇവിടെ വന്ന് നില്ക്കുന്നവരില് ഇരുപത് ശതമാനത്തിനേ പണിയുണ്ടാവൂ. കാത്തിരുന്നു മടുത്ത് ചിലരെന്തായാലും മടങ്ങേണ്ടി വരും. 

ജീവിക്കാന് ഇങ്ങനെ കഷ്ടപ്പെടുന്ന, ജീവിക്കാന് വേണ്ടി മാത്രം കേരളത്തിലെത്തിയ തൊഴിലാളികളെ അതിഥികളായി തന്നെ കാണണം. ആ പരിഗണന അവരര്ഹിക്കുന്നുണ്ട്. കാരണം, അവരാണ് നമ്മുടെ പുതിയ കേരളം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നത്.

MORE IN CHOONDU VIRAL
SHOW MORE