വട്ടവടയുടെ സ്വന്തം അഭിമന്യു കൊച്ചിയിൽ കൊല്ലപ്പെട്ടു

ചൂണ്ടുവിരല്‍ ഷൂട്ടിന് വേണ്ടി ആവശ്യമുളളതെല്ലാം ഷൂട്ട് ചെയ്ത് മടങ്ങിയശേഷം തിരികെയെത്തിയെടുത്തതാണിത്. അത്രവലിയ ആക്ഷേപണങ്ങളും ആരോപണങ്ങളും പരിഹാസങ്ങളുമാണ് അന്തരീക്ഷത്തില്‍. പ്രധാനമായും ഹാദിയ വിഷയത്തിലെടുത്ത നിലപാടാണ് പ്രശ്നവത്കരിക്കപ്പെടുന്നത്. ഹാദിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ചവരെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് പറയാന്‍ ലഭിച്ച അവസരം എന്ന നിലയില്‍ അഭിമന്യുവെന്ന സഖാവിന്റെ കൊലപാതകത്തെ ഉപയോഗിക്കുന്നവരോട് മറുപടിയില്ല. നിലപാടില്‍ സന്ദേഹം തോന്നിയവരോട് പറയാം. ഹാദിയയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളോട് നിയമസംവിധാനങ്ങളും മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ച നിലപാട് ഇന്ത്യന്‍ ഭരണഘടനക്ക് ചേരുന്നതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സുപ്രീം കോടതി അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്, ഹാദിയ മതവിദ്യാഭ്യാസം നേടിയ സ്ഥാപനമായ സത്യസരണിയെക്കുറിച്ച് പറഞ്ഞ ഒരു ലക്കമുണ്ട്. അതിന്റെ പേരില്‍ ഇങ്ങനെ ഒരു വിമര്‍ശനം പല ഭാഗത്ത് നിന്നും വന്നിട്ടുണ്ട്.

സത്യസരണിയെക്കുറിച്ച് അതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. അതിനെ നിരാകരിക്കുന്ന അടിസ്ഥാനമുളള എന്തെങ്കിലും ഇനിയും പറഞ്ഞുകേട്ടിട്ടില്ല. പൊലീസോ, കോടതികളോ. എന്നുവെച്ച് എന്തെങ്കിലും വിശ്വസനീയമായ വിവരം ലഭ്യമായാല്‍ നിലപാട് മാറ്റുന്നതിന് ഒരു തടസവുമില്ല. കാരണം ഹാദിയ വിഷയത്തിലും സത്യസരണിയിലും ചൂണ്ടുവിരല്‍ സ്വീകരിച്ച നിലപാടിലൊരിടത്തും പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ സംഘടനകള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ല. അവരിപ്പോഴും ജോസഫ് മാഷിന്റെ കൈവെട്ടിയവര്‍ തന്നെയാണ്. ഇപ്പോഴിതാ അഭിമന്യുവെന്ന പുഞ്ചിരിയുടെ ഹൃദയം നോക്കി കഠാരയാഴ്ത്തിയവരാണ്. അവര്‍ക്കൊപ്പമോ, കിട്ടിയ തക്കം നോക്കി മുസ്ലിം തീവ്രവാദമെന്ന സംഘപരിവാര്‍ പ്രയോഗം ആര്‍ത്താവര്‍ത്തിച്ചുപയോഗിക്കുന്നവര്‍ക്കോ ഒപ്പമല്ല. അഭിമന്യ മരിച്ചപ്പോള്‍ ആര്‍ക്ക് പോയി, അവന്റെ കുടുംബത്തിന് പോയി എന്ന് പറയുന്ന അരാഷ്ട്രീയനിഷ്കളങ്ക ബോറന്‍മാര്‍ക്കോ, ബോറത്തികള്‍ക്കോ ഒപ്പമല്ല. പറയാനുളളത്, അഭിമന്യുവിനെക്കുറിച്ചും അവന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തെക്കുറിച്ചുമാണ്. അവന്‍ നടന്നുവന്ന വഴികളെക്കുറിച്ചാണ്. ആ വഴികളില്‍ അവന്‍ അതിജീവിക്കേണ്ടിവന്ന യുദ്ധങ്ങളെക്കുറിച്ചാണ്. 

അവന്‍, അഭിമന്യു. ഒരു പൂക്കാലമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഇറുത്തുകളഞ്ഞ പൂക്കാലം. അവന്റെ നാട്ടിന്‍പുറത്ത് നിന്ന് അഭിമന്യുവിനെക്കുറിച്ച് ഹൃദയവേദനയോടെയല്ലാതെ ആര്‍ക്കാണ് സംസാരിക്കാനാവുക. ഇടുക്കി ജില്ലയിലെ ഒരു അതിര്‍ത്തിഗ്രാമമാണ് വട്ടവട. വട്ടവടയിലെ കൊട്ടക്കാമ്പൂര്‍ വില്ലേജ്. ജോയ്സ് ജോര്‍ജ് എം പിയുമായി ബന്ധപ്പെട്ട് മാത്രം പലരും കേട്ടിട്ടുളള പേര്. ആ പേര് ഇനി അഭിമന്യുവിന്റെ നാടെന്നറിയപ്പെടും. 

തമിഴ്നാട്ടില്‍ നിന്നും കേരളം അടര്‍ത്തിയെടുത്തത് പോലെയാരു ഗ്രാമമാണിത്. കോവിലുകള്‍, വഴികള്‍, തെരുവുകള്‍, ഭാഷ, സംസ്കാരം.... എല്ലാം തമിഴിനോട് ചേര്‍ന്ന് നില്‍ക്കും. 

കൃഷിയാണ് അഭിമന്യുവിന്റെ ഗ്രാമത്തിന്റെ ഉപജീവനം. പ്രധാനമായും പച്ചക്കറി. ഈ പച്ചക്കറി ജീവിതത്തില്‍ നിന്ന് കൊച്ചിയെന്ന മഹാനഗരത്തിലേക്ക് സ്വപ്നങ്ങളുടെ കുട്ടയുമായി വന്ന ചെറുപ്പക്കാരനായിരുന്നു അഭിമന്യു. അവന്റെ ഹൃദയത്തിലേക്കാണ് എസ് ഡി പി ഐ കത്തിയാഴ്ത്തിയത്. കത്തി ചുഴറ്റി മരണമുറപ്പ് വരുത്തിയത്. 

മടിച്ചുമടിച്ചാണ് അഭിമന്യുവിന്റെ വീട്ടിലേക്ക് പോയത്. ആ അച്ഛനോടും അമ്മയോടും, ആ ചേട്ടനോടും ചേച്ചിയോടും എന്ത് പറയാനാണ്. അവരുടെ മുഖത്തെങ്ങനെ നോക്കാനാണ്. അവര്‍ക്കറിയില്ലല്ലോ അഭിമന്യു കൊച്ചിമഹാനഗരത്തിലെ മഹാരാജാസ് കോളജിലെ മുത്തായിരുന്നുവെന്ന്. നിലപാട് കൊണ്ടും പെരുമാറ്റം കൊണ്ടും അവനെല്ലാവരുടെയും പ്രിയപ്പെട്ട സഖാവായിരുന്നുവെന്ന്. 

മരണവീട്ടിലെ പെരുമാറ്റത്തെക്കുറിച്ചുളള ഞങ്ങളുടെ ആശങ്കകള്‍ പോലെയായിരുന്നില്ല ആ വീട്. വീടെന്ന് പറയാനാവില്ല, ഒരു കുഞ്ഞുമുറി. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ പോലെയാരു സംവിധാനം. ഇടുങ്ങിയൊരു മുറിയാണ് അഭിമന്യുവിന്റെ വീട്. ഈ വീട്ടില്‍ നിന്ന് പഠിക്കാനിറങ്ങിയ ഒരു കുട്ടിയുടെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയവര്‍ ഇനി ഒരു രാഷ്ട്രീയവും പറയാനില്ല. ഈ അമ്മയുടെ മരവിച്ചുപോയ ശബ്ദത്തിന് മുന്നില്‍ അവരുടെ സകലരാഷ്ട്രീയവും റദ്ദായിരിക്കുകയാണ്. 

കഠിനവേദനയടക്കാനാവാതെ ആ അമ്മ ഞങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞു. വിടരുതൊരുവനെയുമെന്ന്. അവര്‍ പെറ്റ മകന്റെ ജീവനെടുത്ത ഒരാളും ഒരു പ്രസ്ഥാനവും രക്ഷപ്പെട്ട് പോകരുതെന്ന്. അങ്ങനെ പറയാന്‍ ഈ അമ്മയോളം അവകാശമുളളവരാരുമുണ്ടാവില്ല. 

അപ്പൂപ്പനാണ് അഭിമന്യുവിന് ആ പേരിട്ടത്. അതൊരു വല്ലാത്ത പേരായി മാറുമെന്ന് ഇവരാരും കരുതിയിട്ടുണ്ടാവില്ല. അങ്ങനെ കരുതേണ്ടൊരു സാഹചര്യവും അഭിമന്യു ഉണ്ടാക്കിയിട്ടില്ല. ഈ കുഞ്ഞുമുറിയില്‍ നിന്നിറങ്ങി സന്തോഷത്തിന്റെ ഒരു കൊട്ടാരമായി മാറിയവനാണവന്‍.

ആ ചിരി മായ്ച്ചവരോട് ക്ഷമിക്കാനാവില്ല. ഈയച്ഛനൊരിക്കലുമാവില്ല. ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ചുമലിലേറ്റിയാണ് അവന്‍ എറണാകുളത്തേക്ക് പോയത്. മഹാരാജാസിലേക്ക് പോയത്. ആ മഹാരാജാസിന്റെ ഗെയ്റ്റിന് മുന്നിലാണ് ജോസഫ് മാഷുടെ കൈവെട്ടിയവരുടെ ആളുകള്‍ അവന്റെ ജീവനെടുത്തത്.

ഡി വൈ എഫ് ഐയുടെ മേഖലസമ്മേളനത്തിനെത്തിയ അഭിമന്യുവിനെ മഹാരാജാസിലേക്ക് ആവര്‍ത്തിച്ചുവിളിച്ചുവരുത്തിയതാണെന്ന് ഞങ്ങളോടും അഭിമന്യുവിന്റെ അച്ഛനാവര്‍ത്തിച്ചു. അതിലൊരു വാര്‍ത്താആംഗിളുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയതേയില്ല. എസ് എഫ് ഐയുടെ ഹോസ്റ്റല്‍ സെക്രട്ടറിയായിരുന്നു അഭിമന്യു. അഭിമന്യുവല്ലാതെ മറ്റാരാണ് നവാഗതര്‍ക്ക് സ്വാഗതമോതാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അഭിമന്യു അവിടെ തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്. അതുറപ്പുളളത് കൊണ്ടാണ് കടംവാങ്ങിയ കാശുമായി അഭിമന്യു പച്ചക്കറി ലോറി കയറി കൊച്ചിയിലെത്തിയത്. ലോറികയറി മഹാനഗരത്തിലേക്ക് പോയ പൊന്നനിയനെക്കുറിച്ച് ചേച്ചിക്കും ചേട്ടനുമുണ്ടായിരുന്നു ഒരുപാടൊരുപാട് പറയാന്‍.

അഭിമന്യുവിന്റെ ബന്ധുക്കള്‍ പലരും സംസാരിച്ചു. തമിഴ് കലര്‍ന്ന മലയാളത്തില്‍. അവരുടെ പറച്ചിലിന് മലയാളത്തിന്റെ സൗന്ദര്യമല്ല, തമിഴിന്റെ മൂര്‍ഛയാണ്. 

ബന്ധുക്കള്‍ പലരും പറഞ്ഞിട്ടുണ്ട് അഭിമന്യുവിനോട്. രാഷ്ട്രീയത്തിലെ ചുഴികളെക്കുറിച്ച്. ഇപ്പോള്‍ പലരും പറയുന്നുമുണ്ട്. വിദ്യാര്‍ഥിരാഷ്ട്രീയമാണ് ഈ കുടുംബത്തിന് അഭിമന്യുവിനെ നഷ്ടപ്പെടുത്തിയതെന്ന്. അത് കേള്‍ക്കാന്‍ അവന്‍ തയാറായിരുന്നില്ല. അവനായിരുന്നു, അവനാണ് ശരി. ആ ശരി അവന്‍ ഉറ്റവരോട് പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്.

വളരെ പ്രിവിലേജ്ഡായ ഒരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് വിദ്യാര്‍ഥിരാഷ്ട്രീയത്തിലിടപെട്ട ഞാന്‍ ഓര്‍ക്കുമ്പോളോര്‍ക്കുമ്പോള്‍ സങ്കടപ്പെട്ടു.  ഒട്ടും പ്രിവിലേജ്ഡല്ലാത്ത ജീവിതപരിസരത്തു നിന്നു വന്ന് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന് മുഷ്ടി ചുരുട്ടി വിളിച്ച് രക്തനക്ഷത്രം പതിച്ച ശുഭ്രപതാക തോളിലേന്തിയ അഭിമന്യുവിനെയാണ് ജോസഫ് മാഷുടെ കൈ വെട്ടിയ അതേ കൂട്ടം മരണമുറപ്പാക്കുന്ന വിധത്തില്‍ കുത്തിക്കൊന്നത്. അഭിമന്യുവിന്റെ വീട്ടില്‍നിന്നിറങ്ങി കുറച്ചുസമയം ആ ചെറുകവലയില്‍ ചിലവഴിച്ചു. അഭിമന്യുവിന്റെ കുറെ കൂട്ടുകാരെ കണ്ടു. ഒപ്പം പഠിച്ചവരും കൂടെ കളിച്ചവരും. നല്ലതല്ലാതൊന്നും അവര്‍ക്ക് അഭിമന്യുവിനെക്കുറിച്ച് പറയാനുണ്ടായിരുന്നില്ല. 

വിദ്യാഭ്യാസമേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന മേഖല അവന്‍ സ്വപ്നം കണ്ടിരുന്നു. ഉന്നതവിദ്യാഭ്യാസം അപൂര്‍വമായ മേഖലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുക്കാനെത്തിയ അഭിമന്യുവിന്റെ കൊലപാതകം കുടുംബത്തിന്റേതോ അവന്റെ പ്രസ്ഥാനത്തിന്റേതോ മാത്രം നഷ്ടമല്ല. ഈ പ്രദേശത്തിന്റെയാകെയാണ്. അവനെയാണ് ജോസഫ് മാഷുടെ കൈവെട്ടിയവരുടെ പിന്‍മുറക്കാര്‍ ഇല്ലാതാക്കിയത്. 

വട്ടവടക്ക് ആകെയുള്ളൊരു സ്കൂളാണ്. ചെറിയൊരു ഇടവേള ഒഴിച്ചുനിര്‍ത്തിയാല്‍ അഭിമന്യുവിന്റെ പഠനം ഇവിടെയായിരുന്നു. കൊള്ളാവുന്നൊരു ഓഫീസ് റൂം പോലുമില്ല. ലബോറട്ടറി രൂപം മാറ്റിയെടുത്ത മുറിയിലിരുന്നാണ് പ്രിന്‍സിപ്പലടക്കം സംസാരിച്ചത്. അഭിമാനത്തിന്റെ അഭിമന്യുവിനെ ഇല്ലാതാക്കിയത് ഞെട്ടലോടെയാണ് അഭിമന്യുവിന്റെ അധ്യാപകര്‍ കേട്ടതും ഓര്‍ക്കുന്നതും.

പറയാനൊരുപാട് ബാക്കിയുള്ളൊരു ഗ്രാമമാണ് അഭിമന്യുവിന്റേത്. പറയാനൊരുപാട് ബാക്കിയുള്ളൊരു ജീവിതമായിരുന്നു അഭിമന്യുവിന്റേതും. പിന്നോക്കക്കാരനായിരുന്നു. ആ സ്വത്വമല്ല പക്ഷെ അഭിമന്യുവിന്റെ ജീവനെടുക്കാന്‍ കാരണമായത്. അവന്‍ പ്രതിനിധാനം ചെയ്ത വിദ്യാര്‍ഥിസംഘടനയെ വിമര്‍ശിക്കാനുളള അവസരമായി അഭിമന്യുവിന്റെ കൊലപാതകത്തെ ഉപയോഗിക്കുന്നതിനോട് തീരെ യോജിപ്പില്ല. 

അവര്‍ക്ക് നഷ്ടപ്പെട്ടത്ര ജീവനൊന്നും കേരളത്തിലെ ക്യാംപസുകളില്‍ ആര്‍ക്കും നഷ്ടപ്പെട്ടിട്ടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിന് ഒരേയൊരു പശ്ചാത്തലമേയുളളു. വെറുപ്പിന്റേതാണത്. അത് സംഘപരിവാറിന്റെ രാഷ്ട്രീയത്തോട് ഏതാണ്ട് സമാനമാണ്. ജോസഫ് മാഷുടെ കൈവെട്ടിയ, അഭിമന്യുവെന്ന പ്രതീക്ഷയെ നിരാശയാക്കിയ ആ സംഘം ഈ രാജ്യത്തെ മുസ്ലിങ്ങളുടെയും ദളിതരുടെയും ദുര്‍ബലരുടെയും പോരാട്ടങ്ങളുടെ എതിര്‍പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.