കലയില്ലാത്ത കലാപസ്ക്രീനുകൾ

choondu-thilakan-t
SHARE

തിലകനെക്കുറിച്ച് ഇപ്പോള് പറയുന്നതെന്തിനെന്ന് പലരും കരുതുന്നുണ്ടാവും. ചിലര്ക്ക് സംശയങ്ങളുണ്ടാവും. അതിലൊന്നും കഥയില്ല. മലയാളസിനിമയുടെ ചരിത്രത്തിലും വികാസത്തിലും സങ്കോചത്തിലും താത്പര്യമുളളവര്ക്ക് എപ്പോഴും പറയാനുണ്ടാവും തിലകനെക്കുറിച്ച്. അമ്മാതിരി നടനായിരുന്നു തിലകന്. അമ്മാതിരി ഫൈറ്ററായിരുന്നു തിലകന്. ജീവിതത്തിലും സിനിമയിലും. തിലകനെക്കുറിച്ച് പറഞ്ഞുതുടങ്ങാന് ഞങ്ങളൊരു ഇടം തിരഞ്ഞെടുത്തു. ആലപ്പുഴ അമ്പലപ്പുഴയില്. സാധാരണഗതിയില് തിലകനെ അമ്പലപ്പുഴയുമായി കാര്യമായ ബന്ധം ഉണ്ടാകേണ്ടതല്ല. അതുണ്ടായിപ്പോയതാണ്. ചിലര് ഉണ്ടാക്കിയെടുത്തതാണ്.

പോരാളിയായ തിലകനിലേക്ക് വരുംമുമ്പ് നടനായ തിലകനിലേക്ക് ചെറുതായൊന്ന് തിരിഞ്ഞുനോക്കാം. ചെറുതായെന്ന് പറഞ്ഞത് വെറുതെയല്ല. അഭിനേതാവായ തിലകനെ മലയാളിക്ക് പ്രത്യേകിച്ചും പരിചയപ്പെടുത്തേണ്ടതില്ലല്ലോ. മഹാനടനായിരുന്നല്ലോ അദ്ദേഹം. ഇന്ത്യന് സിനിമയിലെ എക്കാലത്തെയും മികച്ച പത്ത് നടന്മാരുടെ പട്ടികയുണ്ടാക്കിയാല് അതില് മലയാളത്തില് നിന്നും ഉറപ്പായും ഉണ്ടാകുമെന്ന് നിശ്ചയമുളള ഒരാള്. 

തിലകന് മലയാളസിനിമയില് നിന്ന് ഒരു ബ്രെയ്ക്കെടുക്കേണ്ടി വന്നകാര്യം ചലച്ചിത്രാസ്വാദകര്ക്ക് അറിവുളളതാണ്. അദ്ദേഹം സ്വമേധയാ ബ്രെയ്ക്കെടുത്തതല്ലെന്നും എടുപ്പിച്ചതാണെന്നും മലയാളിക്കും അറിവുളളതാണല്ലോ. അതിലേക്ക് വരാം. അതിന് മുമ്പ് ഒന്ന് പറയട്ടെ. നീണ്ട ഒരു ഇടവേളക്ക് ശേഷം തിലകന് തിരിച്ചെത്തിയപ്പോഴേക്കും മലയാളസിനിമ ഒരുപാട് മാറിയിരുന്നു. സിനിമയുടെ രൂപവും ഭാവവും ആഖ്യാനവും മാറിയിരുന്നു. തീര്ച്ചയായും അഭിനയവും. ആ ഗ്യാപ്പ് ഒരുതരത്തിലുമുളള അസ്വാഭാവികതയുമില്ലാതെ ഫില്ല് ചെയ്തിടത്താണ് തിലകന് ചേട്ടന് എഴുന്നേറ്റുനിന്ന് കയ്യടിക്കേണ്ടത്. നാടകത്തില് നിന്ന് സിനിമയിലേക്കുളള ഭാവപ്പകര്ച്ച പോലെ അനായാസമായിരുന്നു തിലകന്റെ മാറ്റം. 

തിലകന്റെ അഭിനയജീവിതത്തെക്കുറിച്ച് കൂടുതല് സംസാരിക്കുന്നത് അധികപ്പറ്റായിരിക്കുമെന്നറിയാം. അതുകൊണ്ട് നേരിട്ട് കാര്യത്തിലേക്ക് കടക്കാം. തിലകനെ മലയാളസിനിമക്ക് ഏറെക്കാലം നഷ്ടമാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പറയാം. അതിടക്കിടെ ഓര്മിക്കുന്നത് മലയാളസിനിമക്ക് നല്ലതാണ്. മഹാഭൂരിപക്ഷം ചലച്ചിത്രതാരങ്ങളെയും പോലെ എ എം എം എ എന്ന സംഘടന അഭിനേതാക്കളുടെ നിരവധി പ്രശ്നങ്ങള്ക്ക് പരിഹാരമുണ്ടാക്കും എന്ന് തന്നെ വിശ്വസിച്ചിരുന്നയാളാണ് തിലകനും.

സിനിമാതാരങ്ങളുടെ, ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും, പ്രശ്നങ്ങളിലൊന്നും ഇടപെടുന്ന സംഘടനയായിരുന്നില്ല അന്ന് എ എം എം എ. സംഘടനയുടെ കൗതുകങ്ങള് മറ്റ് പലതുമായിരുന്നുവെന്ന് തിലകന് പലവട്ടം ആരോപിച്ചു.

ഒരു പക്ഷെ, പുതിയ തലമുറയിലെ കാഴ്ച്ചക്കാരാരെങ്കിലുമുണ്ടെങ്കില് അറിയുമായിരിക്കില്ല, തിലകന് എങ്ങനെ എ എം എം എ എന്ന സംഘടനക്ക് അനഭിമതനായെന്ന്. തിലകനെ എങ്ങനെ എഫ് ഇ എഫ് സി എ എന്ന സംഘടനയും, എ എം എം എ എന്ന സംഘടനയും ചേര്ന്ന് സിനിമയുടെ പടിക്ക് പുറത്ത് നിറുത്തിയെന്ന്.

അഭിനേതാക്കളും നിര്മാതാക്കളും തമ്മില് ഒരു കരാര് വേണമെന്ന നിര്ദേശത്തിലായിരുന്നു പ്രശ്നം. ലോകമാകെ അത്തരം കരാറുകളുണ്ട്. അതംഗീകരിക്കാനോ, കരാറൊപ്പിടാനോ അക്കാലത്ത് എ എം എം എ എന്ന സംഘടന തയാറായില്ല. സമരമായി, പുകിലായി. സമരത്തെ വെല്ലുവിളിച്ച് അന്നത്തെ സാങ്കേതിക പ്രവര്ത്തകരുടെ സംഘടന, എം എ സി ടി എ, ഒരു സിനിമ ചെയ്തു. സത്യയെന്നായിരുന്നു സിനിമയുടെ പേര്. പൃഥ്വിരാജും, തിലകനും, ക്യാപ്റ്റന് രാജുവും, ലാലു അലക്സുമൊക്കെയായിരുന്നു അഭിനേതാക്കള്. ആ സിനിമയുമായി സഹകരിക്കാന് തിലകന് കൃത്യമായ കാരണമുണ്ടായിരുന്നു. 

സിനിമയിറങ്ങി, ഓടി. എ എം എം എ സമരം പിന്വലിച്ചു. എം എ സി ടി എ എന്ന തൊഴിലാളിസംഘടന പിളര്ന്ന് എഫ് ഇ എഫ് സി എ എന്നൊരു സംഘടന പൊട്ടിപ്പുറപ്പടുകയും ചെയ്തു. അപ്പോഴും സമരകാലത്തിറങ്ങിയ സിനിമയിലെ അഭിനേതാക്കളോട് ഒരുപാധി വെച്ചു. മുട്ടിപ്പായി മാപ്പ് പറയണം. പൃഥ്വിരാജുള്പെടെ എല്ലാവരും മാപ്പു പറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തു. തിലകന് പക്ഷെ അതിന് തയാറായില്ല. അന്നെന്നല്ല, ഒരിക്കലും തയാറായില്ല. തൊഴിലെടുത്തതിന് മാപ്പ് പറയുകയോ ഖേദം പ്രകടിപ്പിക്കുയോ വേണ്ടതില്ലെന്ന് തിലകന് ഉറപ്പിച്ചു. 

അങ്ങനെ തിലകന് മലയാളസിനിമക്ക് പുറത്തായി. അങ്ങനെ പുറത്തായിരിക്കുന്ന ഘട്ടത്തില് തിലകനൊരു സിനിമ കിട്ടി. ഡാം 999 എന്നൊരു ഇന്ത്യനിംഗ്ലീഷ് സിനിമ. തിലകന് നിര്ണായകമായ റോള്. വാസ്തവത്തില് തിലകനും എം എം എം എ എന്ന അഭിനേതാക്കളുടെ സംഘടനയും തമ്മിലായിരുന്നു അതുവരെ പ്രശ്നം. ആ പ്രശ്നത്തില് സാങ്കേതികപ്രവര്ത്തകര്ക്ക് റോളൊന്നും ഉണ്ടാവേണ്ടതല്ല. അവിടെയൊരു ട്വിസ്റ്റുണ്ടായി. തിലകനഭിനയിച്ചാല് സാങ്കേതികപ്രവര്ത്തകരെ വിട്ടുനല്കില്ലെന്ന് എഫ് ഇ എഫ് സി എ എന്ന സാങ്കേതികപ്രവര്ത്തകരുടെ സംഘടന നിലപാടെടുത്തു. തിലകനെ ആ സിനിമയില് നിന്ന് എഫ് ഇ എഫ് സി എ എന്ന സംഘടന ഒഴിവാക്കി ആഘോഷിച്ചു. എ എം എം എയും എഫ് ഇ എഫ് സി എയും ഒരേ തൂവല്പക്ഷികളാണെന്ന ആക്ഷേപം ആദ്യമായി ഉയരുന്നത് അന്നാണ്.

അങ്ങനെ പറയുമ്പോള് രണ്ട് കാര്യങ്ങള് എടുത്തുപറയേണ്ടതുണ്ട്. ഒന്നാമതായി, എഫ് ഇ എഫ് സി എ ഭാരവാഹികള് കഴിഞ്ഞദിവസം പറഞ്ഞ ഒന്നുണ്ട്. ആഷിഖ് അബുവിന്റെ സിനിമാ സെറ്റിലേക്ക് എം എ സി ടി എ പ്രവര്ത്തകര് മാര്ച്ച് നടത്തിയപ്പോള് എഫ് ഇ എഫ് സി എ പ്രവര്ത്തകര് സംരക്ഷണം ഒരുക്കിയെന്ന്. അത് തെറ്റാണെന്ന് ഉറപ്പിച്ച് പറയാന് കഴിയും. മമ്മൂട്ടിയുടെ സെറ്റിലേക്ക് മാര്ച്ചെന്നായിരുന്നു അന്ന് പ്രതിഷേധക്കാര് ഞാനടക്കമുളള ജില്ലാ ലേഖകരെ വിളിച്ചറിയിച്ചത്. മമ്മൂട്ടിയെ അന്ന് പ്രതിഷേധത്തിനിടയില്നിന്നും ഒരു ജനപ്രതിനിധിയാണ് വാഹനത്തില് കയറ്റി സുരക്ഷിതനാക്കിയത്.

ഇനിയെന്തിന് മമ്മൂട്ടിയുചടെ സെറ്റിലേക്ക് തിലകനെ അനുകൂലിക്കുന്ന സംഘം മാര്ച്ച് നടത്തണം. കാരണമുണ്ട്. തിലകന് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ പോക്കിരിരാജ എന്ന സിനിമയുടെ സെറ്റില് മമ്മൂട്ടി ഒരു വാര്ത്താസമ്മേളനം വിളിച്ചു. അങ്ങോട്ടൊന്നും ചോദിക്കരുതെന്ന് മുന്കൂട്ടി അഭ്യര്ഥിച്ച് നടത്തിയ വാര്ത്താസമ്മേളനത്തില് തിലകനുമായി അനുരഞ്ജനം വേണമെന്ന വികാരമാണ് മമ്മൂട്ടി പങ്കുവെച്ചത്. 

മമ്മൂട്ടിയുടെ വാര്ത്താസമ്മേളനത്തോട് തിലകന് ആവേശത്തോടെ പ്രതികരിച്ചു. മമ്മൂട്ടി മധ്യസ്ഥം വഹിച്ചാല് അനുരഞ്ജനമാവാമെന്നായിരുന്നു തിലകന്റെ പ്രതികരണം.

സിനിമാ സെറ്റുകളില് നിന്ന് തിലകനെ അയിത്തം പാലിച്ചകറ്റി. അങ്ങനെയാണ് ഒരു വാതില് തുറന്നപ്പോള് തിലകന് സീരിയലിലഭിനയിക്കാന് തീരുമാനിച്ചത്. അന്ന് സീരിയല് അഭിനേതാക്കളുടെ സംഘടനയുടെ നേതാവിന്റെ പേര് കെ ബി ഗണേഷ് കുമാറെന്നായിരുന്നു. അന്ന് യു ഡി എഫിന്റെ എം എല് എ, ഇന്ന് എല് ഡി എഫിന്റെ എം എല് എ.

സിനിമയില്ല, സീരിയലില്ല....പിന്നെന്ത് ചെയ്യും. ജീവിക്കണ്ടേ. മറ്റെന്താണ് മാര്ഗം.... അങ്ങനെ കീഴടങ്ങുന്നൊരു പോരാളിയായിരുന്നില്ല സുരേന്ദ്രനാഥതിലകന്. ഒരൂന്നുവടിയില് തൂങ്ങിനിന്ന് നാടാകെ നാടകം കളിക്കാന് തിലകനെ മലയാളസിനിമയിലെ സംഘടനകള് നിര്ബന്ധിതനാക്കി. അതും ദിവസം ഒന്നരമണിക്കൂര് വരെ. 

തിലകന്റെ പോരാട്ടം മലയാളസിനിമയുടെ എക്കാലത്തെയും വലുതെന്ന് ബോധ്യപ്പെട്ട എ എം എം എ യും എഫ് ഇ എഫ് സി എ യും വിലക്ക് പിന്വലിക്കാന് നിര്ബന്ധിതരായി. അങ്ങനെയാണ് തിലകന് വീണ്ടും അസ്വാഭാവികമായ സ്വാഭാവികതയോടെ പുതുതലമുറ മലയാളസിനിമകളില് അഭിനയിച്ചുതകര്ത്തത്.

തിലകന് മാത്രമല്ല നഷ്ടം. തിലകനെപ്പോലൊരു നടന് മലയാളസിനിമയില് തകര്ന്നാടേണ്ട എത്രയെത്ര വേഷങ്ങളാണെന്നോ സിനിമാസംഘടനകളുടെ ബാലചാപല്യം കൊണ്ട് നഷ്ടമായത്. ഒന്ന് കൂടി പറയാതെ നിവൃത്തിയില്ല. കാരണം, തിലകന് ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. നടക്കുന്ന അനീതിയെക്കുറിച്ച് ധാരണയില്ലാത്തവരായി അന്ന് എ എം എം എ യുടെയും, എഫ് ഇ എഫ് സിയുടെയും ഭാരവാഹികള് മാത്രമേ ഉണ്ടായിരുന്നുളളൂ. 

മലയാളസിനിമക്കല്ല, കേരളത്തിലെ തൊഴിലാളിസംഘടനകള്ക്കും തൊഴിലാളികള്ക്കും മുഴുവന് മനുഷ്യര്ക്കും നേര്ക്ക് തിലകനുയര്ത്തുന്ന ചൂണ്ടുവിരലുണ്ട്. അത് ട്രേഡ് യൂണിയന് പാഠത്തിലെ ആദ്യത്തെ പാഠമാണ്. നിങ്ങളുടെ സംഘടനയില് നിന്ന് ഒരാളെ പുറത്താക്കാം. പക്ഷെ, തൊഴിലിടത്തില് നിന്ന് പുറത്താക്കുന്ന അത്യപൂര്വനടപടിയാണ് മലയാളസിനിമയില് നടന്നുവന്നത്.

അതെ. അനീതിയെന്നുറപ്പിച്ചാലും കൂട്ടത്തിലാരും ഒപ്പമുണ്ടാവില്ലെന്നുറപ്പുളള മേഖലകൂടിയാണ് മലയാളസിനിമയെന്ന് കൂടി ഉറപ്പിച്ചു തിലകന്. തിലകന് വേണ്ടി ആഞ്ഞുസംസാരിക്കാനുണ്ടായിരുന്നത് സുകുമാര് അഴീക്കോട് മാത്രമാണ്. തിലകനെ പിന്തുണച്ചതിന്റെ പേരില് അഴീക്കോടിനെ അപമാനിക്കാന് മല്സരിച്ചവര് പിന്നീട് ഇടതുപക്ഷത്തിന് വേണ്ടി തിരഞ്ഞെടുപ്പില് മല്സരിച്ചു.

തിലകനെ തെരുവില് കൈകാര്യം ചെയ്യാനൊരുമ്പെട്ടവരും ഇന്ന് ഇടതുപക്ഷത്തെ ജനപ്രതിനിധികളാണ്.

അതുകൊണ്ട് പറയാനുളളതിത്രമാണ്. മലയാളസിനിമയിലെ സംഘടനകള് വളഞ്ഞിട്ടാക്രമിച്ചവസാനിപ്പിച്ചൊരു മഹാനടനജീവിതമാണ് തിലകന്റേത്. അതുകൊണ്ട്, അതല്ല, അതിലപ്പുറവും പ്രതീക്ഷിക്കണമെന്നാണ് തിലകന് അഭിനയിച്ചുജീവിച്ചോര്മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നത്. 

MORE IN CHOONDU VIRAL
SHOW MORE