പൊലീസ് നിറയൊഴിച്ചിട്ടും നിർവീര്യമാകാത്ത തൂത്തുക്കുടിയിലെ സമര കാഹളം| ചൂണ്ടുവിരൽ

ജനങ്ങളുടെ നികുതിപ്പണത്തില് നിന്നും ശമ്പളം വാങ്ങുന്ന പൊലീസുകാര്. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മലിനീകരണത്തിനെതിരെ സമരം നടത്തിയ ജനങ്ങള്ക്ക് നേരെ തോക്ക് ചൂണ്ടുന്നു. ഒരു മുന്നറിയിപ്പും നല്കാതെ ഉന്നംപിടിച്ച് നിറയൊഴിക്കുന്നു. ശിരസില് വെടിയേറ്റ് ജനങ്ങള് മരിച്ചുവീഴുന്നു. 

സമീപകാലത്തൊന്നും പട്ടാളഭരണം നടക്കുന്ന രാജ്യങ്ങളില് നിന്ന് പോലും ഇങ്ങനെയൊരു വാര്ത്തയോ ദൃശ്യങ്ങളോ കണ്ടിരുന്നില്ല. കണ്ടിട്ടേയില്ല. ഒരാളെയെങ്കിലും കൊന്നിട്ട് വരൂയെന്നാക്രോശിക്കുന്ന പൊലീസുകാര്. ന്യൂസ് ഡസ്കില് ഈ ദൃശ്യങ്ങളാവര്ത്തിച്ചു കണ്ടുകൊണ്ടേയിരുന്നു. അസ്വസ്ഥത മുറുകിക്കൊണ്ടേയിരുന്നു. സംഘര്ഷവാര്ത്തകള് വീണ്ടും വന്നുകൊണ്ടേയിരുന്നു. 

തൂത്തുക്കുടിയിലേക്ക് പോവുകയെന്ന് തീരുമാനിച്ചത് അങ്ങനെയാണ്. പുനലൂര്, തെന്മല, ചെങ്കോട്ട, തെങ്കാശി വഴിയായിരുന്നു യാത്ര. ഇതിനോടകം തൂത്തുക്കുടുയില് കേരളത്തില് നിന്നുളള ഏതാനും മാധ്യമസംഘങ്ങളെത്തിയിരുന്നു. അവര് നല്കിയ വിവരങ്ങള് അത്ര ധൈര്യം പകരുന്നതായിരുന്നില്ല. താമസിക്കുന്ന ഹോട്ടലിന് പരിസരത്ത് തലേന്ന് രാത്രി തീവെയ്പ്പും സംഘര്ഷങ്ങളുമുണ്ടായി. ഹോട്ടലുകളടക്കം പ്രവര്ത്തിക്കുന്നില്ല. എന്തായാലും തിരുനെല്വേലി പിന്നിട്ട് ഞങ്ങള് തൂത്തുക്കുടിയുടെ പ്രാന്തപ്രദേശങ്ങളിലെത്തി. തുറമുഖവും വിമാനത്താവളവുമുളള പട്ടണമാണ് തൂത്തുക്കുടി. നാലുവരിപ്പാത പക്ഷെ വിജനമായിരുന്നു. പൊലീസ് വാഹനങ്ങള് മാത്രമാണ് റോഡുകളിലുണ്ടായിരുന്നത്. ജല്ലിക്കെട്ട് വിഷയത്തില് ഇളകിമറിഞ്ഞ തമിഴ്നാട് അതേ തീവ്രതയില് തൂത്തുക്കുടിയിലെ പൊലീസ് നായാട്ടിനോട് പ്രതികരിച്ചിട്ടില്ലെന്ന് തോന്നി.

നഗരത്തില് അങ്ങിങ്ങ് കത്തിക്കരിഞ്ഞ വാഹനങ്ങള്. കിരാതമായ പൊലീസ് വെടിവെപ്പിലുളള ജനരോഷം അഗ്നിക്കിരയാക്കിയ വാഹനങ്ങളാണ്. നഗരത്തിലെ സര്ക്കാരാശുപത്രിയില് ഒന്ന് കയറി. പൊലീസിന്റെ ക്രൂരമായ ആക്രമണത്തില് പരുക്കേറ്റവരും ബന്ധുക്കളും. പ്രതികാരബുദ്ധിയോടെയായിരുന്നു പൊലീസിന്റെ അഴിഞ്ഞാട്ടമെന്ന് വ്യക്തമാക്കുന്ന കാഴ്ചകള്. ആശുപത്രിദൃശ്യങ്ങളും പ്രതികരണങ്ങളും ഇതിനോടകം വാര്ത്താ ഏജന്സികളില് നിന്ന് ലഭ്യമായിരുന്നതിനാല് അധികസമയം അവിടെ ചെലവഴിച്ചില്ല. നേരം സന്ധ്യയോടടുക്കുകയും ചെയ്യുന്നു. കുറേയേറെ പരതിയ ശേഷം ഒരു ഹോട്ടലില് മുറി തരപ്പെടുത്തി. ഹോട്ടലുകാര് വിലക്കിയെങ്കിലും ക്യാമറയുമായി പുറത്തിറങ്ങി. ഹോട്ടലില് ഭക്ഷണമില്ലെന്ന് പറഞ്ഞതിനാല് ഭക്ഷണവും കഴിക്കണം.

വിജനമായിരുന്നു നഗരരാത്രി. വെടിയൊച്ചകള് നിലച്ച നിശബ്ദത. ഇടക്കിടെ പൊലീസ് പിക്കറ്റുകള്. ചില കവലകളില് ഒറ്റപ്പെട്ട ആള്ക്കൂട്ടങ്ങള്. ഭക്ഷണം ലഭിക്കില്ലെന്നുറപ്പായതോടെ കുറച്ച് റോബസ്റ്റാ പഴം വാങ്ങി മടങ്ങി. പിറ്റേന്നത്തെക്കുളള പരിപാടി ക്രമപ്പെടുത്തി ഉറങ്ങി.

മൂന്നേ, മൂന്ന് അജണ്ടകള്. ഫാക്ടറി സന്ദര്ശിക്കണം. കമ്പനി മലിനീകരിച്ച ഗ്രാമങ്ങളില് പോകണം. മരണപ്പെട്ട ആരുടെയെങ്കിലും വീട്ടിലും പോകണം.

ചന്ദനമുത്ത് എന്നൊരു മധ്യവയസ്കനെ സംഘടിപ്പിച്ചു. സമരത്തില് പങ്കെടുത്തയാളാണ്. പണവും മറ്റ് സൗകര്യങ്ങളും നല്കാമെന്നാവര്ത്തിക്കുന്ന കമ്പനിയുടെ പ്രലോഭനങ്ങള്ക്ക് വഴങ്ങാത്ത ചന്ദനമുത്ത് ശരിക്കും ചന്ദനമാണ്, മുത്താണ്. ഞങ്ങളാദ്യം പോയത് സമരത്തില് പങ്കെടുത്ത് മരിച്ച പതിനേഴുകാരിയുടെ വീട്ടിലേക്കാണ്. അഭിഭാഷകയാകാനാഗ്രഹിച്ച മിടുക്കിയായ സ്നോളിന്. തൂത്തുക്കൂടി തീരത്തെ തെരുവിലാണ് വീട്. മുന്നില് ചെറിയൊരോലപ്പന്തല്. ദേശീയമാധ്യമപ്രതിനിധികള് വീട്ടിലുണ്ടായിരുന്നു. കരഞ്ഞുവിങ്ങിയ മുഖവുമായി സ്നോളിന്റെ അമ്മ അവരോട് സംസാരിക്കുന്നു. 

സമരങ്ങളോട് മുഖം തിരിക്കുന്ന പുതിയ കാലത്തെ ചെറുപ്പക്കാരുടെയിടയില് സ്നോളിന് ഒരപവാദമായിരുന്നു. കാലഘട്ടത്തോട് സംവദിക്കാനാഗ്രഹിച്ച പെണ്കുട്ടി. അങ്ങനെയാണ് അവള് കാലത്തുണര്ന്ന് ഒരു ജനതയുടെ അവകാശസമരത്തില് പങ്കെടുക്കാനിറങ്ങിയത്. അത്തരം സംവാദങ്ങളെ ഭയക്കുന്നത് കൊണ്ടാവണം പൊലീസ് സ്നോളിന്റെ വായിലേക്ക് തന്നെ തോക്ക് ചൂണ്ടിയത്. വെടിയുതിര്ത്തത്. വായിലൂടെ തുളച്ചുകയറിയ വെടിയുണ്ട സ്നോളിന്റെ ശിരസ് തകര്ത്തു. അധികാരത്തെ വെല്ലുവിളിക്കുന്ന ഒരു മുദ്രാവാക്യത്തിന്റെ ശബ്ദം പാതിയില് മുറിഞ്ഞുപോയി. 

അണപൊട്ടിയൊഴുകുന്ന രോഷവും നിരാശയും. വെടിവെപ്പിനെ നിസാരവത്കരിച്ച എടപ്പാടി പളനിസ്വാമിയും ഒ പനീര്ശെല്വവും നിരാശരായ ഒരു ജനതയെ രോഷാകുലരാക്കിയിരിക്കുന്നു. സ്നോളിന്റെ വീട്ട് പരിസരത്ത് നില്ക്കുമ്പോഴാണ് മറ്റൊരു വാര്ത്തയറിഞ്ഞത്. സമരസ്ഥലത്തു പോകാത്തവരും, സമരത്തില് പങ്കെടുക്കാത്തവരും പോലീസിന്റെ ഭ്രാന്തന്ക്രോധത്തിനിരയായിട്ടുണ്ട്. മരിയപുരം എന്ന സ്ഥലത്തെ ജാന്സിയെന്ന വീട്ടമ്മ അവരിലൊരാളാണ്.നേരെ ജാന്സിയുടെ വീട്ടിലേക്ക് പോയി. ടിപ്പിക്കല് തീരം. നിരാശനായ ജാന്സിയുടെ ഭര്ത്താവ്. പ്രതികരണങ്ങള്ക്ക് അശക്തന്. ജാന്സിയുടെ ഇളയമകന് റൂബിള് രാജാണ് അമ്മയുടെ ശിരസ് ചിതറിച്ച പൊലീസിന്റെ നടപടി വിശദീകരിച്ചത്. ഇളയമകള്ക്ക് ഭക്ഷണവുമായി പോവുകയായിരുന്ന ജാന്സിക്ക് നേരെ തൂത്തുക്കുടിയുടെ തെരുവുകളില് അഴിഞ്ഞാടിയ തമിഴ്നാട് പൊലീസ് നിറയൊഴിക്കുകയായിരുന്നു. തിരിച്ചറിയാനാവാത്ത വിധം തകര്ന്ന ശിരസുമായി ജാന്സിയെ വാരിയെടുത്ത് മറ്റൊരു പേരില് ആശുപത്രിയിലാക്കുകയായിരുന്നു പൊലീസ്. 

ഈ മകന് അവന്റെ രാജ്യത്തെ സംവിധാനങ്ങളോട് ഭാവിയില് ഏത് തരത്തില് പ്രതികരിച്ചാലും ന്യായം അവന്റെ ഭാഗത്താണ്.പിന്നെയുമുണ്ട് സമരത്തില് പങ്കെടുക്കാതിരിന്നിട്ടും കൊല്ലപ്പെട്ടവര്. എ ടി എമ്മില് നിന്ന് പണമെടുക്കാന് പോയ എം ബി എക്കാരന് ബി ഷണ്മുഖം,  വീട്ടിലേക്ക് നേരത്തെയിറങ്ങിയ കലക്ടറേറ്റ് ജീവനക്കാരന് ആന്റണി സെല്വരാജ്. ഉച്ചഭാഷിണിയില് മുന്നറിയിപ്പ് നല്കുക, കണ്ണീര്വാതകം പ്രയോഗിക്കുക, ആകാശത്തേക്ക് വെടിവെക്കുക, അരക്ക് താഴെ വെടിവെക്കുക തുടങ്ങിയ നടപടിക്രമങ്ങളേതും പാലിക്കാതെയായിരുന്നു വെടിവെപ്പെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. നടന്നത് കൂട്ടക്കൊലയാണെന്ന കാര്യത്തില് സംശയങ്ങള്ക്ക് പഴുത് കുറവാണ്. അത് തെളിയാതിരിക്കാനുളള ശ്രമങ്ങള് സര്ക്കാരും ജില്ലാ ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു. കോടതിനിര്ദേശപ്രകാരം ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടം നടത്താന് സമ്മതപ്പത്രം നല്കാനും, മൃതദേഹങ്ങള് ഏറ്റുവാങ്ങാനും ബന്ധുക്കള്ക്ക് മേല് കടുത്ത സമ്മര്ദ്ദമാണുളളത്. 

മരണവീടുകളില് നിന്നും ഞങ്ങള് വേദാന്തയുടെ സ്റ്റെര്ലൈറ്റ് കോപ്പര് ഫാക്ടറിയിലേക്ക് തിരിച്ചു. വഴിയിലൊരു ഗ്രാമമുണ്ട്. മീനവിട്ടാന്. കമ്പനിയുടെ പ്രാന്തപ്രദേശത്ത്. റോഡരികില് കരിങ്കൊടികള്. ആണുങ്ങള് മിക്കവാറും പൊലീസിന്റെ പിടിയിലോ, അതല്ലെങ്കില് ഒളിവിലോ ആണ്. 

തൂത്തുക്കുടിയില് ഞങ്ങള്ക്ക് വഴികാട്ടിയായ ചന്ദനമുത്തിന്റെ ഗ്രാമമാണിത്. കാമറക്ക് മുന്നില് ചന്ദനമുത്ത് രോഷാകുലനായി. സമരത്തെ ചോരയില്മുക്കിയ തമിഴ്നാട് സര്ക്കാരിനോടായിരുന്നു രോഷമെങ്കിലും നരനായാട്ടിന് മൗനമായി അനുവാദം നല്കിയ ഓരോരുത്തര്ക്കും നേരെയായിരുന്നു അത്. 

ഒരു ബഹുരാഷ്ട്രകമ്പനിക്ക് വേണ്ടി തമിഴനെ കുരുതികൊടുത്ത സര്ക്കാരിനോട് ക്ഷമിക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് എല്ലാവരും ആവര്ത്തിച്ചു പറഞ്ഞു. സമരം തുടങ്ങി നൂറ് ദിവസമായിട്ടും ചര്ച്ചക്ക് പോലും തയാറാകാതിരുന്ന ജില്ലാ കലക്ടറും, ശത്രുരാജ്യക്കാരോടെന്ന പോലെ തങ്ങളോട് പെരുമാറിയ പൊലീസ് സൂപ്രണ്ടും വേദാന്തയുടെ ശമ്പളക്കാരാണെന്ന ആരോപണവും അവരുന്നയിച്ചു.

സ്റ്റെര്ലൈറ്റിന്റെ ചെമ്പ് ഫാക്ടറി ഈ ഗ്രാമത്തോട് ചെയ്യുന്നത് പറയാന് സ്ത്രീകള് മത്സരിച്ചു. അര്ബദമടക്കമുളള രോഗങ്ങള് പെരുകുന്നത്. കിണറുകളിലെ കുടിവെളളം മാലിന്യഭരിതമായത് കൊണ്ട് ദീര്ഘദൂരത്ത് നിന്നും വെളളം കൊണ്ടുവരേണ്ടി വരുന്നത്... അങ്ങനെയങ്ങനെ പലതും.

സ്വന്തം ജനതയെ ദുരിതങ്ങളുടെ ആഴങ്ങളിലേക്കെറിഞ്ഞ്, വരും തലമുറകളുടെ സ്വാഭാവികവിഭവങ്ങളെല്ലാം കൊളളയടിച്ച് ഏത് തരം വികസനമാണ് ഈ രാജ്യത്ത് നടപ്പാക്കപ്പെടുന്നതെന്ന് ഒരിക്കല് കൂടി ഓര്മ്മിപ്പിക്കുന്ന വാക്കുകള്. പറഞ്ഞവസാനിപ്പിക്കാതെ അവര് തുടര്ന്നുകൊണ്ടേയിരുന്നു. കമ്പനി പൂട്ടുകയാണെന്ന അധികാരികളുടെ വാക്ക് വെറും പാഴ്്വാക്കാണെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണിവര്.

കോപ്പര് കമ്പനി കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ നോവിന്റെ തീവ്രതയറിഞ്ഞ് ഞങ്ങള് ഫാക്ടറി പരിസരത്തേക്ക് പുറപ്പെട്ടു. പിന്നീടുളള യാത്രയില് ചന്ദനമുത്തുവിനെ ഒഴിവാക്കി. കൂട്ടത്തിലൊരു സമരക്കാരനെ കണ്ട് പൊലീസ് നമുക്ക് നേരെ വെടിയുതിര്ത്താലോ എന്ന പേടിയായിരുന്നു കാരണം. സംശയിക്കേണ്ട, ആ പേടിയില് കഴമ്പുണ്ടെന്ന് തൂത്തുക്കുടിയില് ഈ ദിവസങ്ങളില് വന്നിരുന്നെങ്കില് ആര്ക്കും ബോധ്യപ്പെട്ടേനെ.

ആദ്യം പോയത് ഫാക്ടറിയുടെ മെറ്റീരിയല് ഗേറ്റിലേക്കാണ്. ഏതാനും ദൃശ്യങ്ങള് പകര്ത്തി. അപ്പോഴേക്കും കുറച്ച് പേരെത്തി തടഞ്ഞു. മഫ്തിയിലുളള പൊലീസുകാരോ, കമ്പനിയിലെ ജീവനക്കാരോയെന്ന് അന്വേഷിക്കാന് നിന്നില്ല. യൂണിഫോമിലുളള പൊലീസുകാര് അനങ്ങിയില്ല.

കമ്പനിയുടെ മെയിന്ഗെയറ്റില് നിറയെ പൊലീസ്. തടയുമെന്നുറപ്പായിരുന്നു. അതിന് മുമ്പ് ഇത്രയും പറഞ്ഞൊപ്പിച്ചു.

പി ടു സി, വേദാന്തയുടെ വേദാന്തം. ഒന്നുമെടുക്കാന് അനുവാദമില്ലെന്ന് ഒരു പൊലീസുദ്യോഗസ്ഥന് ആവര്ത്തിച്ചാവശ്യപ്പെട്ടു. കേരളമല്ലാത്തത് കൊണ്ട് തര്ക്കിക്കാന് നിന്നില്ല. ഒരു കമ്പനിയുടെ മലിനീകരണത്തിനെതിരെ സമരം ചെയ്ത പതിമ്മൂന്ന് പേര് കൊല്ലപ്പെട്ടു. എന്നിട്ടും കമ്പനിയുടെ കവാടതിന്റെ ദൃശ്യങ്ങള് പകര്ത്താന് പോലുമനുവദിക്കാതെ സംരക്ഷണം. ഈ രാജ്യത്ത്, ഇപ്പോഴിതൊന്നും ഒട്ടും ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളല്ല. 

അല്പം മുന്നോട്ട് പോയപ്പോള് കമ്പനി ദൂരെ നിന്ന് കാണാവുന്ന ഒരിടത്ത് നിര്ത്തി ദൃശ്യങ്ങള് പകര്ത്തി. പലതും പറയണമെന്നുണ്ടായിരുന്നു അവിടെനിന്ന്. എങ്കിലും ഇടക്കിടെ പോകുന്ന പോലീസ് വാഹനങ്ങളുടെ നോട്ടത്തിനുളളില് നിന്ന് ആ സാഹസത്തിന് മുതിര്ന്നില്ല. കാരണം പൊലീസല്ലാതെ സാക്ഷിപറയാന് പോലും ആ മേഖലയിലെങ്ങും ആരുമുണ്ടായിരുന്നില്ല. പോരാത്തതിന് തമിഴ്നാട് ബന്ദെന്ന ആനുകൂല്യവുമുണ്ട് പൊലീസിന്. അതുകൊണ്ട് ഇത്രമാത്രം പറഞ്ഞ് അവിടെനിന്ന് വീണ്ടും കടപ്പുറത്തേക്ക് മടങ്ങി. 

കടപ്പുറത്ത് ചെന്ന് പറഞ്ഞവസാനിപ്പിക്കുകയേ വേണ്ടിയിരുന്നുളളൂ. ഒരു ചെറുപ്പക്കാരന് സംസാരിക്കണമെന്ന് നിര്ബന്ധം. ഇത്രയും വലിയൊരു ദുരന്തം നടന്നിട്ട് രാജ്യത്തിന്റെ സ്വന്തം പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടാത്തതിലാണ് അവന് നിരാശ. തൂത്തുക്കുടി വിഷയത്തില് മൗനത്തിന്റെ പുതപ്പിനുളളിലായിരുന്ന 

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചതിനെക്കുറിച്ചോര്ത്ത് അവന് പുച്ഛം.രാത്രിയാത്ര ഒഴിവാക്കി പിറ്റേന്ന് മടങ്ങുമ്പോഴും തൂത്തുക്കുടിയുടെ തെരുവുകളില് വെടിയൊച്ചകളും നിരാലംബരായ മനുഷ്യരുടെ നിലവിളികളും മുഴങ്ങുന്നത് പോലെ തോന്നി. അതിനെ അതിജീവിച്ചുയരുന്ന മുദ്രാവാക്യം വിളികളും കേള്ക്കാമായിരുന്നു.