നീലക്കുറിഞ്ഞി കാണാൻ പോകുന്നവരോട്; നിങ്ങളല്ല അവസാനകാണികൾ

Neelakurinji
SHARE

തുടക്കത്തില് തന്നെ ഒന്ന് പറഞ്ഞോട്ടെ. നീലക്കുറിഞ്ഞി പൂത്തതിന്റെ കുറെ മനോഹരമായ ചിത്രങ്ങളുണ്ടാവും ഈ ലക്കത്തില്. പഴയതാണ്. അതുകൊണ്ട് ആവേശഭരിതരായി ആരും മൂന്നാറിലേക്ക് ഓടിക്കിതച്ചെത്തരുത്. ഓഗസ്റ്റ് മാസത്തോടെ കുറിഞ്ഞി പൂക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പോഴും എല്ലാവരും കൂടി വരേണ്ടതുണ്ടോയെന്ന് ആലോചനയുണ്ടാക്കുക കൂടി ഈ ലക്കം ചൂണ്ടുവിരലിന്റെ ലക്ഷ്യമാണ്. കാരണം, ഒന്നല്ല, പലതുണ്ട്. കുറിഞ്ഞി പൂക്കാറാകുമ്പോള് പറഞ്ഞാല് പോരെ. നേരത്തെ പറയുന്നതെന്തിനെന്ന് തോന്നും. കുറിഞ്ഞിക്കാലത്തെ വരവേല്ക്കാന് ഭരണകൂടസംവിധാനങ്ങളും സഞ്ചാരികളും ഒരേപോലെ ഇപ്പോഴേ തയാറെടുപ്പുകള് തുടങ്ങിക്കഴിഞ്ഞതാണ് അതിന് കാരണം.

അതെ മൂന്നാര് കേരളത്തിന് പലതുമാണ്. അതിലേറ്റവും പ്രധാനം വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില് മൂന്നാറിന് ലോകമാകെയുളള സ്ഥാനമാണ്. അത് കേരളത്തിന് നല്കുന്ന അഭിമാനവും വരുമാനവും ചെറുതല്ല. മൂന്നാറിനെക്കുറിച്ച് വിശാലമായി പറഞ്ഞ് നേരം കളയുന്നില്ല. പലതും മുമ്പും പറഞ്ഞിട്ടുളളതാണ്. അതൊക്കെ ഏറ്റവും പ്രസക്തമാകുന്ന കാലമാണ് നീലക്കുറിഞ്ഞിപ്പൂക്കാലമെന്ന് ഓര്ക്കണമെന്ന് മാത്രം. 

ആദ്യം നമുക്ക് നീലക്കുറിഞ്ഞിയെക്കുറിച്ച് ഒരല്പം. കാണാനിരിക്കുന്നതിനെ കുിറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. കുറിഞ്ഞികള് നിരവധിയുണ്ടെങ്കിലും പ്രിയപ്പെട്ടത് നീലക്കുറിഞ്ഞി തന്നെ. വ്യാഴവട്ടത്തിലെത്തുന്ന നീലക്കുറിഞ്ഞിക്ക് അനുയോജ്യമായ ഒരു ഭൂമിശാസ്ത്രമുണ്ട്. അതാണ് മൂന്നാറിനെ നീലക്കുറിഞ്ഞിക്ക് പ്രിയപ്പെട്ടതാക്കുന്നത്.

കഴിഞ്ഞ തവണ, 2006 ല് നീലക്കുറിഞ്ഞി പൂത്തപ്പോള് മൂന്നാറിലേക്കെത്തിയവരുടെ എണ്ണത്തെക്കുറിച്ച് പല കണക്കുകളുണ്ട്. ഏറ്റവുമധികമാളുകള് നീലക്കുറിഞ്ഞി കാണാന് പോവുക ഇരവികുളം നാഷണല് പാര്ക്കിലെ രാജമലയിലാണ്. 2006 ല് അവിടെയെത്തിയത് രണ്ട് ലക്ഷത്തിലധികം പേരാണ്. അതായത് മൂന്നാറിലാകെയെത്തിയവരില് പകുതിയോളം പേര്ക്ക് മാത്രമാണ് രാജമലയിലെത്തി നീലക്കുറിഞ്ഞി കാണാനായത്.

അതായത്, ചലനം നിലച്ച വാഹനങ്ങളുടെ നീണ്ട നിരയാണ് മൂന്നാറില് 2006 ലെ പൂക്കാലത്ത് ഉണ്ടായിരുന്നത്. മണിക്കൂറുകള് നീളുന്ന ബ്ലോക്കുകള് രൂപപ്പെട്ടു. സ്വാഭാവികമായും അപ്പോഴുയരുന്ന ചോദ്യം ഇത്തവണ എത്രയാളുകള് മൂന്നാറിലേക്ക് കുറിഞ്ഞിക്കാലത്തെത്തുമെന്ന് കരുതപ്പെടുന്നുവെന്നതാണ്. 2006 നെ അപേക്ഷിച്ച് സാഹചര്യം വല്ലാതെ മാറിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സാന്നിധ്യം നിര്ണായകമാണ്. ഒൗദ്യോഗികമായും അല്ലാതെയും വരാനിരിക്കുന്ന നീലക്കുറിഞ്ഞി സീസണെക്കുറിച്ചുളള അറിവും പരസ്യവും കാര്യമായുണ്ട്. രാജ്യത്തിനകത്തും പുറത്തുംനിന്നുളള ലക്ഷങ്ങള് മൂന്നാറിലേക്കൊഴുകുമെന്ന കാര്യത്തില് സംശയമേതുമില്ല. സങ്കല്പിക്കാവുന്നതിലും വലിയൊരു സംഖ്യയായിരിക്കും എത്തുക. ബുക്ക് ചെയ്തും അല്ലാതെയും എത്തുന്നവരുടെ കണക്കുണ്ടാക്കുക പ്രായോഗികവുമല്ല. 

പ്രതീക്ഷിക്കാനോ കണക്കുകൂട്ടാനോ കഴിയാത്ത ലക്ഷങ്ങള് മൂന്നാറിലേക്കെത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കെ എന്തെല്ലാം സൗകര്യങ്ങളാണ്, എന്തെല്ലാം ജാഗ്രതയാണ് മൂന്നാറിലൊരുക്കേണ്ടത്. ഓര്ക്കുക പരിചിതമല്ലാത്ത സാഹചര്യമാണ് മുന്നിലുളളത്. ഭൗതികമായ സൗകര്യങ്ങള്ക്കൊപ്പം അതിലോലമായ 

മൂന്നാറിന്റെ പരിസ്ഥിതിക്ക് ഏറ്റവും കുറച്ച് ആഘാതമുണ്ടാക്കാനും ശ്രമിക്കേണ്ടതുണ്ട്. ആദ്യം ഭൗതികസൗകര്യങ്ങള് നോക്കാം.

ഇപ്പേോള് തന്നെ സീസണായാല് കുരുങ്ങിപ്പോകുന്നതാണ് മൂന്നാറിന്റെ വഴികള്. തിരക്കേറിയാല് ജീവിതവും ടൂറിസവും ഒരേപോലെ നിശ്ചലമാകുന്ന അവസ്ഥ. ഗതാഗതക്രമീകരണത്തിന് ചില ശ്രമങ്ങളൊക്കെ പൊലീസും ജില്ലാ ഭരണകൂടവും ആരംഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. 

ഇപ്പറഞ്ഞതൊന്നും ഒന്നിനും പോരാതെ വരുമെന്ന കാര്യത്തില് പൊലീസിനും സംശയമില്ല എന്നതാണ് വസ്തുത. വലിയ വാഹനങ്ങളെല്ലാം നേര്യമംഗലത്തോ അടിമാലിയിലോ തടയണം എന്നതാണ് മറ്റൊരു പരിപാടി. വിദേശത്തുനിന്നടക്കം വിനോദസഞ്ചാരികള് വരുമ്പോള് അതെത്രമാത്രം പ്രാവര്ത്തികമാകും എന്ന കാര്യത്തില് സംശയമുണ്ട് താനും. മൂന്നാറില് സര്വീസ് നടത്തിക്കൊണ്ടിരിക്കുന്ന വലിയൊരു ശതമാനം വാഹനങ്ങളും അനധികൃതമാണെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പിടിച്ചെടുത്ത് നിയന്ത്രിക്കുന്നതും വാഹനപ്പെരുക്കം കുറക്കാന് ഒരുപരിധി വരെ സഹായിക്കും.

തിരക്ക് മുന്കൂട്ടികണ്ട് വനംവകുപ്പ് സൗകര്യങ്ങളൊരുക്കി തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം കൂട്ടാന് ഇരവികുളം പാര്ക്കിലെ സന്ദര്ശകസമയം കൂട്ടിയിട്ടുണ്ട്. എങ്കിലും ഒരു ദിവസം രാജമലയിലെത്തി നീലക്കുറിഞ്ഞി പൂത്തത് ആസ്വദിച്ച് മടങ്ങാനാവുന്നവരുടെ എണ്ണം സഞ്ചാരികള് പ്രത്യേകം കേട്ടോളൂ. 4000 പേര്. വെറുതെ പാര്ക്കിന് മുന്നിലെത്തി വഴക്കിട്ടിട്ട് ഒരു കാര്യവുമില്ല. 

ഇത്രയേറെ വിനോദസഞ്ചാരികളെത്തുന്ന മൂന്നാറില് കൊളളാവുന്നൊരു മാലിന്യസംസ്കരണസംവിധാനമുണ്ടോ? ഇല്ല എന്നാണുത്തരം. വിദേശത്തുനിന്നെത്തുന്ന വിദേശവിനോദസഞ്ചാരികള് അറിയരുത് മൂന്നാറിലെ പുഴയിലൊഴുകുന്നത് ഹോട്ടലുകളില് നിന്നും റിസോര്ട്ടുകളില് നിന്നുമൊഴുകിയെത്തുന്ന കക്കൂസ് വെളളമാണെന്ന്. വിനോദസഞ്ചാരികള് വഴിയുണ്ടാകുന്ന വരുമാനമത്രയും സ്വന്തമാക്കുന്ന സര്ക്കാരിനും തദ്ദേശസ്ഥാപനങ്ങള്ക്കും നാണമില്ലേ, മൂന്നാര് പോലൊരു സ്ഥലത്ത് അന്തസുളള മാലിന്യസംസ്കരണ സംവിധാനമില്ലാത്തതില് .

സാധാരണസമയത്തേത് പോലെയായിരിക്കില്ല കുറിഞ്ഞി സീസണ്. പതിനായിരങ്ങളുണ്ടാവും ഒരു ദിവസം മൂന്നാറില്. പതിന്മടങ്ങ് മാലിന്യമുണ്ടാവും. പ്ലാസ്റ്റിക്കുള്പെടെ. എന്ത് ചെയ്യും. അതോ ഇത്തവണത്തെ കുറിഞ്ഞിസീസണ് കഴിഞ്ഞാല് മൂന്നാര് ആവശ്യമില്ലെന്നുണ്ടോ? മനുഷ്യര്ക്ക് വേണ്ടെന്നാണെങ്കില് ആയിക്കോട്ടെ, പക്ഷെ, ഇവിടുത്തെ ജൈവസമ്പത്തിന് മൂന്നാര് ആവശ്യമുണ്ട്.

ആരോഗ്യമേഖലയില് മൂന്നാറിലെന്തൊക്കെ സൗകര്യമുണ്ടെന്ന് ചോദിച്ചാലും ഉത്തരം നിരാശാജനകമാണ്. തീര്ത്തും പരിമിതം. ഉളള ജീവനക്കാര് ആത്മാര്ഥമായി തന്നെ ജോലി ചെയ്യുന്നുണ്ട്. പക്ഷെ, മൂന്നാറിലെത്തുന്ന വലിയ ജനാവലിക്ക് ഉപകാരപ്രദമായ ആരോഗ്യസംവിധാനങ്ങളേതും മൂന്നാറിലില്ല. 

വി ഐ പി കളുള്പെടെയുളള ആയിരങ്ങളുണ്ടാവും കുറി​ഞ്ഞിസീസണില് ഓരോ ദിവസവും മൂന്നാറില്. ഒരത്യാവശ്യത്തിന്, ഒരത്യാഹിതമുണ്ടായാല് അപകടത്തില്പെടുന്നവര് എന്ത് ചെയ്യണമെന്നാണ് അധികൃതര് കരുതുന്നത്. അങ്ങനെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നതാണ് യാഥാര്ഥ്യം.

ഇതുവരെ പറഞ്ഞതൊക്കെ അടിയന്തരമായി ഉണ്ടാകേണ്ട ഭൗതികസൗകര്യങ്ങളാണ്. അതവിടെ നില്ക്കട്ടെ. ഏറ്റവുമാദ്യം വേണ്ട ഒന്നുണ്ട്. മൂന്നാറിന്റെ അതിലോലമായ ജൈവവൈവിധ്യത്തിന് താങ്ങാനാവുന്നത്ര വിനോദസഞ്ചാരികളേ മൂന്നാറില് എത്തുന്നുളളൂവെന്ന് ഉറപ്പാക്കണം. അതിനാദ്യം എത്രപേര്ക്ക്

ഒരുദിവസം വന്ന് പോകാനാകുമെന്ന് പരിശോധിക്കണം. അങ്ങനെയൊരു കണക്ക് ഇനിയുമില്ല. പന്ത്രണ്ട് വര്ഷത്തിലൊരിക്കല് പൂക്കുന്ന നീലക്കുറിഞ്ഞി കാണാന് ഭാഗ്യം കിട്ടുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം. കാരണം മുന്നനുഭവങ്ങള് മോശമാണ്. പലര്ക്കും ഒരു സ്വഭാവമുണ്ട്. വീട്ടുമുറ്റത്തോ, തട്ടിന്പുറത്തോ ഒരു കുറിഞ്ഞിപ്പാര്ക്ക് സ്ഥാപിക്കാന് തോന്നിക്കളയും.

കുറിഞ്ഞിയുടെ പ്രാധാന്യം മനസിലാക്കി കുറിഞ്ഞിയുദ്യാനം രൂപപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ആ ഉദ്യാനത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.

പിന്നെ മൂന്നാറിലേക്ക് വരുന്നവര്ക്ക് നല്ല വിദ്യാഭ്യാസം വേണം. വിദ്യാഭ്യാസമെന്നാല് ബിരുദമോ, ബിരുദാനന്തരബിരുദമോ അല്ല. എന്താണ് കാണുന്നതെന്നും, എങ്ങനെയാണ് കാണേണ്ടതെന്നും അറിവുണ്ടാവണം. 

മൂന്നാറിലെത്തി ഉഴുതുമറിച്ചിട്ടു പോകുന്നവര് ഒന്ന് പ്രത്യേകം ഓര്ക്കണം. നിങ്ങളല്ല അവസാനത്തെ കാണികളെന്നോര്ക്കണം. നിങ്ങളുടെ മക്കളും ചെറുമക്കളും നീല പുതച്ച മൊട്ടക്കുന്നുകള് കാണാന് അവകാശമുളളവരാണ്. അവസാനമായല്ല നീലക്കുറിഞ്ഞി പൂക്കുന്നതെന്നോര്ക്കണം. 2030 ഉം 2042 ഉം 2054 ഉം ഒക്കെ വരാനുളളതാണ്.

വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഇങ്ങനെ ആഗ്രഹിക്കുകയാണ്. ഇപ്പോള് തുടങ്ങിയാല് ആവശ്യത്തിനിലെങ്കിലും അത്യാവശ്യത്തിന് സമയമുണ്ട്. ഇത്തവണത്തെ നീലക്കുറിഞ്ഞിസീസണ് ഒരവസരമാക്കിയെടുക്കണം. പ്രകൃതിക്ക് ഒരു പോറലുമേല്പിക്കാതെ സഞ്ചാരികള്ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്. വരുന്ന സഞ്ചാരികള്ക്ക് മൂന്നാറിനെ അറിഞ്ഞ് മടങ്ങാന്. 

ഇപ്പോഴത്തെ പോക്കാണെങ്കില് മൂന്നാര് വലിയ താമസമില്ലാതെ ഒരു ഡസ്റ്റിനേഷനേ അല്ലാതാവും. നോക്കിനോക്കി നില്ക്കെയാണ് മൂന്നാറിലെ കാലാവസ്ഥ മാറുന്നത്. ഇവിടെയിപ്പോള് പഴയ തണുപ്പൊന്നുമില്ല. ചൂട് കൂടി. തണുപ്പൊക്കെ ഒരു വഹയായിക്കൊണ്ടിരിക്കുകയാണ്. 

സങ്കീര്ണവും സവിശേഷതകള് നിറഞ്ഞതുമായ ജൈവവ്യവസ്ഥയെ നിലനിര്ത്തുന്നത് മൂന്നാറിലെ കാലാവസ്ഥയായിരുന്നു. ആ കാലാവസ്ഥ തന്നെയാണ് മൂന്നാറിലേക്ക് സഞ്ചാരികളെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നതും. ഈ കാലാവസ്ഥയാണ് അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്നതല്ല, നമ്മള് 

മാറ്റിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശരിയായ പ്രയോഗം. വരുന്ന നീലക്കുറിഞ്ഞിപ്പൂക്കാലം ഈ മാറ്റത്തിന് ആവേഗം കൂട്ടാതിരിക്കുമെന്ന് ചുമ്മാ പ്രതീക്ഷിക്കാം.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.