കാതികൂടത്തെ അണയാത്ത സമരജ്വാല

കാതിക്കൂടം നിറ്റാ ജലാറ്റിന്‍ വിരുദ്ധസമരം കേട്ട് തുടങ്ങിയിട്ട് കൊല്ലമൊരുപാടായി. ഇടക്കിടെ പൊന്തിവരുന്ന വാർത്തകൾക്കപ്പുറം കാര്യമായി പഠിച്ചിട്ടുണ്ടായിരുന്നില്ല കാതിക്കൂടത്തെ ജനകീയസമരം. ചൂണ്ടുവിരലില്‍ ഓരോ സമരകഥയും വന്ന് പോകുമ്പോൾ കാതി്കൂടത്ത് നിന്ന് വിളി വരും. ഞങ്ങളുടെ സമരം നിങ്ങളെന്താണ് കൈകാര്യം ചെയ്യാത്തത്. അങ്ങനെയാണ് ഈയാഴ്ച കാതിക്കൂടത്തെത്തിയത്. ദേശീയപാതയില്‍ കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കെത്തും മുമ്പ് കൊരട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ പത്ത് മിനിറ്റിനുളളിൽ കാതിക്കൂടത്തെത്തും. കാതിക്കൂടത്ത് ഞങ്ങളെ കാത്തിരുന്നത് ആസിഡ് കുടിക്കാൻ നിർബന്ധിതമായ ഒരു ഗ്രാമത്തിന്റെ സമരകഥ. മുഖ്യധാരാരാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെ ഒരു ബഹുരാഷ്ട്രകമ്പനി നിരന്തരം ശ്രമിച്ചിട്ടും അവസാനിക്കാത്ത ഒരുശിരർ സമരമാണ് നിറ്റാ ജെലാറ്റിൻ കമ്പനിയുടെ മലിനീകരണത്തിനെതിരെ ഈ ഗ്രാമം നടത്തിക്കൊണ്ടിരിക്കുന്നത്. അത് വിജയിച്ചുകാണേണ്ടത് കാതിക്കൂടത്തിന്റെ മാത്രമല്ല, കേരളത്തിന്റെ ഭാവിയുടെ അനിവാര്യതയാണ്. 

ചാലക്കുടി പുഴ എന്നാണ് വിശേഷണമെങ്കിലും വ്യക്തമായി പറഞ്ഞാൽ അതങ്ങനെയല്ല. നീരൊഴുക്കില്ലാതെ തടാകസമാനമാണിന്ന് ചാലക്കുടിപ്പുഴ. ചാലക്കുടിപ്പുഴ ഇങ്ങനെയായിരുന്നില്ല. പുഴക്കൊരു സുവർണ കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചാലക്കുടിപ്പുഴയുടെ വർത്തമാനത്തെക്കുറിച്ച് ചോദിച്ചാൽ ഓർമകളുടെ ഒരൊഴുക്കുണ്ടാവും പുഴയോരത്ത് ജീവിച്ചവർക്ക്. ജീവിക്കുന്നവർക്കല്ല, ജീവിച്ചവർക്ക്.ചാലക്കുടിപ്പുഴ തീരത്ത് ജീവിക്കുന്ന മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും അവരുടെ സാംസ്കാരികകാഴ്ചപ്പാടുകളിലും എല്ലാം ഇടപെട്ടിരുന്നു. വെറുതെ ഒഴുകുകയല്ല, ഇടപെട്ടൊഴുകിയിരുന്ന പുഴയാണിത്.നൂറുകണക്കിനാളുകള് കുടിക്കുകയും കുളിക്കുകയും ചെയ്തിരുന്ന ചാലക്കുടിപ്പുഴ ഇന്നില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ പോയത്. ഓർമകളുടെ കുത്തൊഴുക്കിൽ മാത്രമാണിന്ന് ചാലക്കുടിപ്പുഴ ജീവനോടെയുളളതെന്ന് ബോധ്യപ്പെട്ടു.

ആയിരക്കണക്കിന് സുന്ദരിമാര് മുങ്ങിക്കുളിച്ച പുഴക്കടവാണ്. ചുട്ട് പൊളളുന്ന അന്തരീക്ഷത്തിൽ ഒന്ന് മുങ്ങിക്കുളിക്കണമെന്ന് വാസ്തവത്തിൽ ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, അതിന് മുതിർന്നില്ല. അതിന് കഴിയുന്ന ഒരു പുഴയായിരുന്നില്ല കാതിക്കൂടത്തും പരിസരങ്ങളിലും കാണാൻ കഴിഞ്ഞത്. അത്രക്ക് മലിനമാണ് പുഴ. മറ്റെല്ലാ പുഴകൾക്കും സംഭവിച്ചിട്ടുണ്ട് മാറ്റങ്ങള്‍. വെളളത്തിന്റെ ഗുണനിലവാരത്തിനും അളവിനും ആഴത്തിനും ഒഴുക്കിന്റെ സ്വഭാവത്തിനും ഒക്കെ മാറ്റങ്ങവുണ്ടായിട്ടുണ്ട്. അത്തരം മാറ്റങ്ങളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാനാവാത്തതാണ് ചാലക്കുടിപ്പുഴക്ക് കാതിക്കൂടത്ത് സംഭവിച്ചിട്ടുളള മാറ്റം. അതിന് കൃത്യമായ ഒരു കാരണമുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയാണ് പുഴയുടെ പരിണാമത്തിന് കാരണമെന്ന് അറിയാത്തതായി നമ്മുടെ രാഷ്ട്രീയനേതൃത്വം മാത്രമേ ബാക്കിയുണ്ടാകൂ. 

മൃഗങ്ങളുടെ എല്ലാണ് നിറ്റാ ജലാറ്റിന് കമ്പനിയുടെ അസംസ്കൃതവസ്തു. അതുപയോഗിച്ച് ജലാറ്റിൻ നിർമ്മിക്കുന്ന കമ്പനിയാണ്. ഹൈഡ്രോ ക്ലോറിക് 

ആസിഡുപയോഗിച്ചാണ് എല്ലുകൾ സംസ്കരിക്കുന്നത്. സംസ്കരിച്ചതിന് ശേഷമുളള ആസിഡ് കലർന്ന വെളളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പരാതി അസ്ഥാനത്തല്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല് തന്നെ അടിവരയിടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കും അത് ബോധ്യപ്പെട്ടു. ഞങ്ങൾക്കെന്നല്ല, തുറന്ന മനസോടെ ഈ വിഷയത്തെ സമീപിക്കുന്ന എല്ലാവർക്കും അത് ബോധ്യപ്പെടും. കഷ്ടപ്പെട്ടാണ് ഒരു വളളം സംഘടിപ്പിച്ചത്. ഏതെങ്കിലും തരത്തിൽ വെളളമുപയോഗിക്കാൻ കഴിയാതായതോടെ ജലയാത്രയൊക്കെ ജനങ്ങളവസാനിപ്പിച്ചതാണ്. ഒരു ചെറിയ ഫൈബർ വളളമാണ് ഞങ്ങൾക്ക് കിട്ടിയത്. അങ്ങിങ്ങ് അടർന്നിരുന്നതിനാൽ കാമറാമാൻ സുനിൽ ജി എസ് ഭയമൊളിച്ചുവച്ചതുമില്ല. 

വെളളത്തിന് ചെറിയ ദുർഗന്ധമുണ്ട്. അപരിചിതമായ നിറം. അടിക്കടി പുഴ നിറം മാറിയൊഴുകാറുണ്ട്. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങാറുണ്ട്. 

തക്കം നോക്കി ഖരമാലിന്യമടക്കം പുഴയിലേക്ക് തളളുമ്പോഴാണ് നിറം മാറ്റവും മത്സ്യക്കുരുതിയെന്ന് നാട്ടുകാർ കരുതുന്നു. അങ്ങനെ വിചാരിക്കാൻ അവർക്ക് ന്യായവുമുണ്ട്. മുൻകാലങ്ങളിൽ കമ്പനിയത് അവിരാമം ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് കുറച്ചുകാലത്തേക്കെങ്കിലും നിർത്തിയത്. നിർത്തിയപ്പോഴോ, പാലക്കാട്ട് ആദിവാസിമേഖലയിൽ മാംസാവശിഷ്ടങ്ങളുൾപ്പടെ ചേർത്ത് കുന്നുകൂട്ടുകയായിരുന്നു.അങ്ങനെയങ്ങനെ ഞങ്ങള് കമ്പനി മാലിനജലം പുറത്തേക്ക് തളളുന്ന കുഴലിനടുത്തെത്തി. പുഴയുടെ അടിത്തട്ടിലേക്കാണ് മാലിന്യപൈപ്പ് ഇറക്കിയിരിക്കുന്നത്. 

പിന്നീട് കരക്കിറങ്ങി നോക്കിയപ്പോഴാണ് മലിനജലപ്പൈപ്പിന്റെ വലിപ്പം മനസിലായത്. ഏതാണ്ട് നാല് പതിറ്റാണ്ടായി ഈ കുഴലിലൂടെ ചാലക്കുടി പുഴയെയും അതുവഴി മനുഷ്യരുൾപ്പടെയുള്ള ലക്ഷോപലക്ഷം ജീവജാലങ്ങളെയും വിഷം കുടിപ്പിക്കുകയാണ്. ആഫ്രിക്കയിലല്ല. നമ്മുടെ കേരളത്തിൽ. അതിന്റെയർഥം ആഫ്രിക്കയിലാകാമെന്നല്ല. നമ്മുടെയൊരു പൊതുധാരണയെക്കുറിച്ച് ഓർത്തുപോയതാണ്. 

ഞങ്ങളിറങ്ങിയതിനും അരക്കിലോമീറ്ററിലേറെ മുകളിലായാണ് കമ്പനി നാല് പതിറ്റാണ്ടായി വെളളമെടുക്കുന്ന പൈപ്പും പമ്പും. ഇതൊന്ന് പ്രത്യേകം ശ്രദ്ധിക്കണം. കമ്പനി വെളളമെടുക്കുന്നതിന് അരക്കിലോമീറ്ററോളം താഴെയാണ് പുറത്തേക്ക് മാലിന്യമൊഴുകുന്ന പൈപ്പുളളത്. ഇതൊന്ന് നേരെ തിരിച്ചാക്കാൻ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലും ആവശ്യപ്പെട്ടു. കമ്പനി വഴങ്ങിയില്ല. സ്റ്റേ സംഘടിപ്പിച്ചു. ഈയൊരൊറ്റ കാര്യം മതി തങ്ങള് പുറത്തേക്കൊഴുക്കുന്ന വെളളം എല്ല് കഴുകാന്പോലും ഉപയോഗിക്കാനുളള നിലവാരമില്ലാത്താണെന്ന് കമ്പനിക്ക് ഉത്തമബോധ്യമുണ്ടെന്ന് മനസിലാക്കാൻ.

പൂർണമായും ശുദ്ധീകരിച്ച വെളളമാണ് തങ്ങൾ പുറത്തേക്കൊഴുക്കുന്നത് എന്ന കമ്പനിയുടെ വാദവും നിലനിൽക്കില്ല. എങ്കിൽ പിന്നെ എന്തിനാണ് കമ്പനിക്കാരെ നിങ്ങളാ വെളളം പുഴയിലേക്കൊഴുക്കുന്നത്. ശുദ്ധമായ വെളളം ഏറ്റവും ആവശ്യമുളള നിങ്ങളുടെ കമ്പനിയില് അതങ്ങുപയോഗിച്ചാൽ പോരേന്ന്. അതൊക്കെ ഉറപ്പുവരുത്താന് ഉത്തരവാദിത്വമുളള സംസ്ഥാനമലിനീകരണ നിയന്ത്രണ ബോർഡിനോട് കൂടിയാണ് ചോദ്യം. 

അതെ, സുഹൃത്തുക്കളെ. മലിനമായ ചാലക്കുടി പുഴ അറിയുന്നതിനിടെ ഞങ്ങൾ ചില വീടുകളിലേക്ക് പോയി. നിങ്ങളിൽ രസതന്ത്രം പഠിച്ചിട്ടുളളവർക്ക് അറിയുമായിരിക്കും. ആറിനും എട്ടിനും ഇടയില് പിഎച്ച് ഫാക്ടറുളള വെളളം മാത്രമാണ് കുടിക്കാന് പാടുളളുവെന്ന്. ആറില് താഴേക്ക് ആസിഡ്. അതിന് മുകളിലേക്ക് ആല്ക്കലി. ഇനി കാതിക്കൂടം കണ്ട് വിറങ്ങലിച്ചിരിക്കുന്ന ഈ പരീക്ഷണം കാണുക. 

അതായത് കാതിക്കൂടത്തെ നിറ്റാ ജെലാറ്റിൻ ഫാക്ടറി മലിനജലമൊഴുക്കുന്ന ചാലക്കുടിപ്പുഴക്ക് ഇരുവശത്തുമുളള കിണറുകളിൽ വെളളമല്ല, ആസിഡാണുളളതെന്ന്. ഇനി പറയൂ. 123 തൊഴിലാളികളുടെ തൊഴില്സംരക്ഷണത്തെക്കുറിച്ച് വാചാലരാകുന്ന തൊഴിലാളിനേതാക്കളുൾപ്പടെ പറയൂ, നിങ്ങളെന്താണ് ഈ നാട്ടിലെ മനുഷ്യരോട്, കുഞ്ഞുങ്ങളോട് ചെയ്തതെന്ന്, ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. 

ഇപ്പറഞ്ഞതിൽ കൂട്ടിച്ചേർക്കലുകൾക്ക് പ്രസക്തിയില്ല. ഇത് കാണുന്നവരെ ഒന്നോർമിപ്പിക്കാം. നിറ്റാ ജലാറ്റിൻ കമ്പനിയിൽ നമ്മുെട സ്വന്തം സർക്കാരിന് ഓഹരിയുണ്ട്. 23 ശതമാനം. നമ്മുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന നമ്മുടെ സർക്കാരിന്റെ പ്രതിനിധി കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. കേരളം ഭരിക്കുന്ന സർക്കാരിനും കിണറുകളിൽ ആസിഡ് നിറക്കുന്നതിൽ നിർണായകമായ പങ്കാളിത്തമുണ്ട്.

കൃത്യമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഈ മേഖലയിൽ ഗുരുതരരോഗങ്ങളുടെ, കാൻസറടക്കമുള്ള ഗുരുതരരോഗങ്ങളുടെ കേന്ദ്രീകരണമുണ്ടെന്ന് സന്ദേഹങ്ങൾക്ക് അടിസ്ഥാനമുണ്ട്.ദേശീയ ഹരിത ട്രിബ്യൂണൽ മുന്നോട്ട് വെച്ച നിർദ്ദേശങ്ങളടക്കം നടപ്പിലാക്കാൻ താത്പര്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയ സ്ഥിതിക്ക് ജനങ്ങൾക്ക് മുന്നിൽ ഒരേയൊരു മാർഗമേയുളളൂ. സമരം. ജനകീയ സമരം. ആ സമരമാണ് കാതിക്കൂടത്ത് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം അണിനിരക്കുന്ന ജീവിതസമരം. പൊലീസിന്റെ ലാത്തിക്കും ബാഹ്യസ്വാധീനങ്ങൾക്കും കീഴടക്കാനാവാത്ത സമരവീര്യം മാത്രമാണ് കാതിക്കൂടത്തിന്റെ ആത്മവീര്യം. അവർക്കുമേലുളള മാവോയിസ്റ്റ് ചാപ്പകുത്തലുകള് വിലപ്പോവില്ല. ഈ എപ്പിസോഡിന്റെ ഷൂട്ടിനിടയിൽ മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിക്കാനെത്തിയ കാക്കിധാരികൾക്ക് മനുഷ്യന്റെ ജീവിക്കാനുളള സമരത്തെ ഒറ്റുകൊടുക്കാനാവില്ല.

പരിസ്ഥിതി സ്നേഹപ്രകടനത്തിന് ഇന്ന് നല്ല മാർക്കറ്റുണ്ട്. മാർക്കറ്റിൽ അത് വിൽക്കുന്നത് കാതിക്കൂടത്തടക്കം പ്രകൃതിവിരുദ്ധനിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരുടെ പടം പൊഴിഞ്ഞുവീഴാൻ അധികകാലം വേണ്ടിവരില്ല. ഇടതുവലത് പക്ഷങ്ങളിലെ പരിസ്ഥിതി സ്നേഹികൾക്ക് കാതിക്കൂടത്ത് വന്ന് ഈ പുഴയിൽ കുളിച്ച്, ഇവിടുത്തെ കിണറുകളിലെ ആസിഡ് വെളളം കുടിച്ച് ഒരാഴ്ച താമസിക്കാന് ധൈര്യമുണ്ടോ? വെല്ലുവിളിയാണ്. കാതിക്കൂടത്തെ പരിസ്ഥിതിപ്രശ്നം പരിഗണിക്കുന്ന, തീരുമാനങ്ങളെടുക്കുന്ന ജുഡീഷ്യറിക്കും, എക്സിക്ക്യൂട്ടീവിനും, ലെജിസ്ലേച്ചറിനും ഈ വെല്ലുവിളി സ്വീകരിക്കാവുന്നതാണ്. കാന്സറിനെ അതിജീവിച്ച സ്ഥലം എം പി ഇന്നസെന്റിനടക്കം.