പ്രകൃതിയെ കാർന്നു തിന്നുന്നവർ

choondu-forest-t
SHARE

പച്ചയുടെ ആഘോഷം. ഇളംപച്ചയും കടുംപച്ചയും. മോഹനം ഒരു കാട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി പടര്ന്നുകിടക്കുന്ന സൗമ്യസ്വഭാവമുളള വനപ്രദേശത്ത് കൂടിയായിരുന്നു യാത്ര. പൊന്തന്പുഴ, വലിയകാവ് വനം. ഇങ്ങോട്ടേക്ക് ഇപ്പോള് എന്തിന് വന്നുവെന്ന് ചിലര്ക്കെങ്കിലും അറിയാമായിരിക്കും. ഇക്കഴിഞ്ഞ ദിവസങ്ങളില് മാധ്യമവാര്ത്തകളായും കോടതിവിധിയായുമെല്ലാം ഈ വനത്തിന് മുകളില് ആശങ്കയുടെ ഒരു മേഘം പടര്ന്നിട്ടുണ്ട്. പിന്നീട്, അല്ലെങ്കില് നാളെയൊരിക്കല് ഈ കാട് കാടല്ലാതാകാനുളള സാധ്യതയേറെയാണ്. അങ്ങനെയൊരു ആധിക്ക് കാരണം ആദ്യം തന്നെ പറയാം. കോടതിയും ചരിത്രവുമെല്ലാം ഇഴചേരുന്നതുകൊണ്ട് ഒരുപാട് പറയാനുണ്ട്. സമയം തികയാതെ വരും. അതുകൊണ്ട് ചുരുക്കിപ്പറയാം.

ഏഴായിരം ഏക്കറുണ്ട് ഈ വനപ്രദേശം. സ്വച്ഛസുന്ദരമായ വനം. ഈ വനപ്രദേശം പണ്ട് പണ്ട് പണ്ട്, അതായത് നൂറ്റാണ്ടിനും മുമ്പ് തിരുവിതാംകൂര് രാജകുടുംബം എഴുമറ്റൂര് നെയ്തല്ലൂര് കൈപ്പുഴ കോവിലകത്തിന് നല്കിയിരുന്നത്രേ. 1940 കളില് കോവിലകം അത് ഒരു പാലാക്കാരന് നല്കിയത്രേ. ആ പാലാക്കാരന് വനം മുറിച്ച് മുറിച്ച് നൂറുകണക്കിന് പേര്ക്ക് നല്കിയത്രേ. ഇപ്പറഞ്ഞതൊക്കെ ശരിയാണെന്ന് കേരള ഹൈക്കോടതി ദീര്ഘകാലം നീണ്ടുനിന്ന നിയമവ്യവഹാരത്തിന് ശേഷം സമ്മതിച്ചിരിക്കുന്നു. അതായത് പ്രശാന്തസുന്ദരമായ ഈ സ്വാഭാവികവനപ്രദേശം സ്വകാര്യഭൂമിയായി പരിണമിക്കുന്നതിന് ഇനി സാങ്കേതികമായ ചില നടപടിക്രമങ്ങള് മാത്രം ബാക്കിയാകുന്നു. കോടതിവിധിയുടെ ശരിയും തെറ്റും വിലയിരുത്താന് ചൂണ്ടുവിരലിന് കഴിയില്ല. അതിന് മുതിരുന്നുമില്ല. പക്ഷെ, ഈ കാട്ടില് പോകാമല്ലോ. അവിടുത്തെ മണ്ണും മരങ്ങളും കാണാമല്ലോ. തണലിലിരിക്കാമല്ലോ. കോടതിരേഖകള്ക്കും റവന്യൂരേഖകള്ക്കുമപ്പുറത്ത് കാട് ഒരു യാഥാര്ഥ്യമാണോയെന്ന് സ്വന്തം കണ്ണിലൂടെ കാണാമല്ലേ? അത് ക്യാമറക്കണ്ണിലൂടെ ചൂണ്ടുവിരലിന്റെ പ്രേക്ഷകരെ 

കാണിക്കാമല്ലോ. അതിനാണ് ഈയാഴ്ചത്തെ വനയാത്ര. ഒപ്പം ഈ കാടിന്റെ സംരക്ഷണം ഒട്ടും ഗൗരവത്തിലെടുക്കാതിരുന്ന വനം, റവന്യൂവകുപ്പുകളുടെ ഒളിച്ചുകളിയും പരിശോധിക്കണം. ഈ രണ്ട് വകുപ്പുകളും ഭരിക്കുന്ന പാര്ട്ടിയേതെന്നറിയുമോ? സി പി ഐ. പരിസ്ഥിതി സംരക്ഷണത്തില് വെളളം ചേര്ക്കാന് ആര്ക്കും വഴങ്ങിക്കൊടുക്കില്ലെന്ന് ഭാവിക്കുന്ന പാര്ട്ടി. 

വാസ്തവത്തില് സ്വമേധയാ പൊട്ടിപ്പുറപ്പെട്ട ഒരു യാത്രയല്ല ഇത്. പട്ടയം പോലുമില്ലാത്ത ഒരു മനുഷ്യന് നിരന്തരം വിളിച്ചുവിളിച്ചുവരുത്തിയതാണ്. പെരുമ്പെട്ടി സ്വദേശി സന്തോഷ്. ഈ കാടിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് നല്ല ധാരണയാണ് സന്തോഷിന്. ഇലക്ട്രീഷ്യനായ സന്തോഷ് രണ്ടുനാളത്തെ പണിയുപേക്ഷിച്ചാണ് ഞങ്ങളെ കാട് കാണിക്കാന് വന്നത്. ഒപ്പം സന്തോഷിന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു. രണ്ട് നാള് ഞങ്ങള് കാട് കയറി. 

പൊന്തന്പുഴ ഭാഗത്ത് അധികം ഉളളിലല്ലാതെ കാട്ടില് സന്തോഷിന്റെ നിലപാടറിയുന്നതിനിടെ ഒരു ഫോറസ്റ്റ് ഗാര്ഡെത്തി അനുമതിയുണ്ടോയെന്നാരാഞ്ഞു. ഈ കാട് വനംവകുപ്പിന്റേതായി നിലനിര്ത്തുന്നതില് അങ്ങേയറ്റത്തെ അലംഭാവം കാട്ടിയ വനംവകുപ്പിനോടുളള പരിഹാസവും ദേഷ്യവും കലര്ന്നിട്ടുണ്ടായിരുന്നു സന്തോഷിന്റെ മറുപടിയില്.      

ഊട്ടുപാറ എന്നൊരു പാറയിലേക്കായിരുന്നു ആദ്യയാത്ര. പുരാണകഥയുടെ അകമ്പടിയൊക്കെയുളള പാറയാണ്. ഒരു കിലോമീറ്ററിലധികം മുകളിലേക്ക് കാട്ടിലൂടെ നടക്കണം ഊട്ടുപാറയിലെത്താന്. തെല്ലും ക്ഷീണം തോന്നാത്ത നടപ്പാണ്. ഒരുപാട് മരങ്ങള്. വലുതും ചെറുതുമുണ്ട്. നൂറും ഇരുന്നൂറും വര്ഷം 

പ്രായമുളള മരങ്ങളെന്തായാലും ഉണ്ട്. അപ്പോഴെങ്ങനെയാണ് ഇത് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള ഭൂമിയാകുമെന്ന ചോദ്യം തികച്ചും ന്യായമാണ്. കടലാസിലെ സാധ്യതതക്കപ്പുറം അത്തരമൊരു ഉടമസ്ഥതയുണ്ടെന്ന് കരുതുന്നത് ഈ കാടിങ്ങനെ വളര്ത്തി നിലനിര്ത്തി നമുക്ക് ശുദ്ധവായു നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്. നെറികേടാണ്.

നടന്നുനടന്നുനടന്ന് ഞങ്ങള് മലമുകളിലെത്തി. സുന്ദരം, വശ്യം, മനോഹരം. നല്ല കാറ്റ്. പാറയെന്ന് പറഞ്ഞാല് ഇത് ചില്ലറ പാറയല്ല. പരപ്പിലും ആഴത്തിലും ഏക്കറുകണക്കിന് വ്യാപിച്ചുകിടക്കുന്ന പാറ. മുകളില് നിന്ന് നോക്കിയാല് ചുറ്റുമുളള കാട്ടുപച്ചപ്പ് കണ്ണും മനസും കുളിര്പ്പിക്കും. ഈ പാറപ്പുറത്ത് വെറുതെ നേരമ്പോക്കിന് വന്നതല്ല. ചിലത് പറയാന് വന്നതാണ്. ഈ പാറക്കെട്ടുകള് കാട് സ്വന്തമാക്കാന് ലക്ഷ്യമിടുന്നവരുടെ പ്രധാനപ്പെട്ട ഉന്നങ്ങളിലൊന്നാണ്.

ക്വാറി മാപിയയുടെ പ്രിയപ്പെട്ട ഭൂമികയാണ് പത്തനംതിട്ട കോട്ടയം ജില്ലകളിലെ മലകള്. അസാസ്ത്രീയമായ പാറഖനനം വലിയ പാരിസ്ഥിതിക ആഘാതം ഇതിനോടകം തന്നെ ഉണ്ടാക്കിക്കഴിഞ്ഞിട്ടുളള ഒരു ഭൂപ്രദേശമാണിത്. 

ഞങ്ങള് നില്ക്കുന്ന വന്മലക്കപ്പുറം വലിയൊരു ക്വാറിയാണ്. പാറപൊട്ടിച്ച് പൊട്ടിച്ച് കാടോളം വളര്ന്നൊരു ക്വാറി. പാരിസ്ഥിതികനിയമങ്ങളത്രയും കാറ്റില് പറത്തിയെന്ന പരാതികളുടെ പശ്ചാത്തലത്തില് തത്കാലം ഖനനം നിര്ത്തിവെച്ചിരിക്കുകയാണ്. ഖനനം പുനരാരംഭിക്കാന് അവരും ഇപ്പോഴത്തെ കോടതിവിധി അടിസ്ഥാനമാക്കും. കാരണം, ക്വാറിക്ക് സമീപമുളളത് വനമല്ലാതാകുകയും സ്വകാര്യഉടമസ്ഥതയിലുളള ഭൂമിയാവുകയും ചെയ്താല് ഖനനത്തിന് ഇപ്പോഴുളള തടസങ്ങള് നീങ്ങുമല്ലോ.

ഊട്ടുപാറക്ക് മുകളിലിരുന്ന് നോക്കിയാല് നോക്കാത്തെദൂരത്ത് കാണുന്ന പച്ചപ്പ് കാണാമെന്ന് പറഞ്ഞല്ലോ. പക്ഷെ, അതൊന്നും കണ്ണില്പെടാത്ത ചിലരുണ്ട്. അത് നമ്മുടെ സര്ക്കാര് സംവിധാനങ്ങളാണ്. അവര് നോക്കിയപ്പോള് വന്മരങ്ങളൊന്നും കണ്ണില്പെട്ടില്ല. കുറെ കുറ്റിക്കാട് മാത്രം. സര്ക്കാര് വക്കീല് കോടതിയില് അങ്ങനെയൊരു റിപ്പോര്ട്ടും കൊടുത്തിരുന്നു. അത് കൂടി അടിസ്ഥാനമാക്കിയാണ് കോടതി വിധി.

കോടതിരേഖകളില് തന്നെ ഒരുകാര്യം വ്യക്തമാണ്. 1966 ലെ ഒരു കമ്മീഷന് റിപ്പോര്ട്ടുണ്ട്. ഈ പ്രദേശം കൊടുംകാടാണെന്നും സ്ഥലമുടമകളെന്ന് അവകാശപ്പെടുന്ന ഹര്ജിക്കാര് വാദിക്കുന്നത് പോലെ കൃഷിയുടെ നാമമാത്രലക്ഷണം പോലുമില്ലെന്നും റിപ്പോര്ട്ട് പറയുന്നു. 1966 ലെ കൊടുംകാട് രേഖകളില് കുറ്റിക്കാടാക്കുന്ന ജാലവിദ്യക്കാരാണ് നമ്മുടെ സര്ക്കാര് ജീവനക്കാര്. പാറപ്പുറത്തിരുന്ന് കാറ്റ് കൊണ്ട് ആദ്യദിനം മടങ്ങി. പിറ്റേന്ന് വീണ്ടും കാട് കയറി. ആവശ്യത്തിന് സമയമുളളത് കൊണ്ട് കാടാസ്വദിച്ചായിരുന്നു യാത്ര.

കാടിനുളളിലും കടുത്ത ജലക്ഷാമമാണ്. ഉള്ക്കാട്ടിലാണ് പക്ഷികളും മൃഗങ്ങളും കൂടുതലുളളത്. പെരുമ്പാമ്പുകള് ഇഷ്ടം പോലെയുണ്ടെന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ടേക്ക് പോകാന് ധൈര്യപ്പെട്ടില്ല. യാത്രയില് ഞങ്ങള് കണ്ടത് ജൈവവൈവിധ്യത്തിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകള്. അറിയുന്നതും അറിയാത്തതുമായ നിരവധി വൃക്ഷങ്ങള്. ചിലതിന്റെ വലിപ്പം കണ്ട് അത്ഭുതപ്പെട്ടു.

കാട്ടുകഥകള് പറഞ്ഞും, ചരിത്രം പറഞ്ഞും വീണ്ടും നടന്നു. കുറെയേറെ ദൂരം. കാട്ടിനുളളിലൊരു പ്രതിഷ്ഠയുണ്ട്. അത് കാണിക്കാനാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. അതെന്തായാലും ഞങ്ങള്ക്കത് മറക്കാനാവാത്ത കുറെ കാഴ്ചകളിലേക്കും ശബ്ദങ്ങളിലേക്കും ഗന്ധങ്ങളിലേക്കുമുളള യാത്രയായിരുന്നു.

മരത്തോളം കരുത്തുളള വളളികളായിരുന്നു മറ്റൊരു കൗതുകം. കാടിനുളളില് മണിക്കൂറുകള് ചിലവഴിച്ചിട്ടും അതിര്ത്തി തിരിച്ചിരിക്കുന്നതോ, ഏതെങ്കിലും കൃഷിയുടെ സൂചനയോ കാണാനായില്ല. പിന്നെയെങ്ങനെ ഇത് കാടല്ലാതാവുകയും, സ്വകാര്യഭൂമിയാവുകയും ചെയ്യുന്നുവെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നതേയില്ല. 

ഒപ്പമുണ്ടായിരുന്നവര് ആദ്യം പറഞ്ഞ പ്രതിഷ്ഠയുടെ സമീപമെത്തി നടപ്പ് മറ്റൊരു വഴിക്കാക്കി. കൂടുതല് കൗതുകങ്ങളും കാഴ്ചകളും നിറഞ്ഞ നടപ്പ്. അതുകൊണ്ടാവാം, കിലോമീറ്ററുകള് കാട്ടിലൂടെ നടന്നിട്ടും ക്ഷീണമറിഞ്ഞതേയില്ല. അതെ. സ്വകാര്യഉടമസ്ഥാവകാശം ശരിവെച്ച ഹൈക്കോടതിയെ ആരും കുറ്റപ്പെടുത്തുന്നില്ല. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണല്ലോ ഹൈക്കോടതി വിധി. അവിടെ വീഴ്ച വരുത്തിയത് വനംവകുപ്പാണല്ലോ. 

വനംവകുപ്പിന്റെ വീഴ്ച സുവ്യക്തമാണെങ്കിലും ഇതുപോലൊരു കാടിന്റെ ഉടമസ്ഥത തേടിയുളള ഹര്ജികളില് വിധി പറയും മുമ്പ് ന്യായാധിപന്മാര്ക്ക് സ്ഥലം സന്ദര്ശിക്കാനുളള സൗകര്യങ്ങളും മറ്റും നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഭാഗമാകേണ്ടതാണ്. 

നടന്ന് നടന്ന് വീണ്ടും മറ്റൊരു പാറയിലെത്തി. നാഗപ്പാറയെന്ന് പേര്. അപ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. പാറപ്പുറത്ത് നില്ക്കുമ്പോള് മറ്റൊരു സംശയം കൂടി ബലപ്പെടുന്നുണ്ട്. ദശകോടികളുടെ മൂല്യമുണ്ട് ഈ വനത്തിന്. പാറയിലും മരങ്ങളിലുമാവും മാഫിയകളുടെ ആദ്യനോട്ടം. എന്ത് വിലകൊടുത്തും വനം നിലനിര്ത്തുമെന്ന വാദത്തില് മറ്റൊരു ഒത്തുകളിയുടെ സൂചനകളുണ്ട്.

കാട് കയറുംമുമ്പ് ഞങ്ങള് കുറെ മനുഷ്യരെ കണ്ടിരുന്നു. കോടതിനടപടിയും സര്ക്കാരിന്റെ വാചകമടിയുമെല്ലാം കണ്ട് നിസഹായരായി ജീവിക്കുന്ന പാവം മനുഷ്യര്. തലമുറകളായി ഇവിടെ ജീവിക്കുന്നവര്ക്ക് ഇനിയും പട്ടയം കിട്ടിയിട്ടില്ല. അവര് വനഭൂമി കയ്യേറിയിട്ടില്ല. എന്നിട്ടും അവര്ക്ക് പട്ടയം നല്കുന്നതിനെക്കാള് സര്ക്കാരിനുല്സാഹം കാട് പതിച്ചുനല്കുന്നതിലാണ്. തങ്ങള്ക്ക് പട്ടയം വേണമെന്ന് പറയുന്ന അതേ സ്വരത്തില് അവര് പറയുന്നുണ്ട്. അവശേഷിക്കുന്ന വനം സംരക്ഷിക്കപ്പെടണം. കാട്ടുമരങ്ങളും പാറക്കെട്ടുകളും കണ്ട് ലാഭക്കൊതിയുമായി വരുന്നവര് ഇതുകൂടി കേള്ക്കുക. 

അതുകൊണ്ട്, പറഞ്ഞുവന്നതിതാണ്. ഈ 2018 ല് ഇതുപോലെയൊരു കാട് പൊതുസമൂഹത്തിന് നഷ്ടപ്പെടരുത്. കോടതി വഴിയും അല്ലാതെയും സര്ക്കാര് ചെയ്യാനാവുന്നതെല്ലാം ചെയ്യണം. സി പി ഐ എന്ന പാര്ട്ടി അവരുടെ പരിസ്ഥിതി സ്നേഹം വെറും പടമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തമം. സര്ക്കാരത് ചെയ്യുന്നില്ലെങ്കില് കേരളത്തിലെ പരിസ്ഥിതിപ്രവര്ത്തകര് ഒരു ലോങ് മാര്ച്ചിന് തയാറാകണം. ഈ വനത്തിന് ചുറ്റും മനുഷ്യമതില് തീര്ക്കണം.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.