അട്ടപ്പാടിയും മധുവും; ഒരു നേർസാക്ഷ്യം

choondu-04-03-t
SHARE

അട്ടപ്പാടിയിലേക്കുളള ആദ്യയാത്രയില് കണ്ടതും കേട്ടതും കേരളമെന്ന വീമ്പുപറച്ചിലിന് ഒട്ടും ചേരുന്നതായിരുന്നില്ല. ആ ചേര്ച്ചയില്ലായ്മക്ക് ദീര്ഘകാലം കേന്ദ്രം ഭരിച്ച കോണ്ഗ്രസും ഇപ്പോള് ഭരിക്കുന്ന ബി ജെ പിയും കേരളം മാറി മാറി ഭരിച്ച ഇടതുവലതുമുന്നണികളുമുള്പെടെ എല്ലാവരും ഉത്തരവാദികളാണ് എന്ന് ബോധ്യപ്പെട്ടായിരുന്നു മടങ്ങിയത്. ഇത്തവണത്തെ യാത്രയുടെ ലക്ഷ്യം കേവല രാഷ്ട്രീയയുക്തികളുടെ വിശകലനം മാത്രമായിരുന്നില്ല. ആദിവാസികളോടുളള അവഗണനക്കും അക്രമത്തിനും വംശീയമായ ഒരു പിന്നാമ്പുറമുണ്ടോ എന്നറിയുക കൂടിയായിരുന്നു ഉദ്ദേശിച്ചത്. വാസ്തവത്തില് ഞാനല്ല, ആദിവാസിയുവാക്കളിലൊരാളായിരുന്നു ഈ ചൂണ്ടുവിരല് തയാറാക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില് വാക്കുകള്ക്കും നോട്ടങ്ങള്ക്കും മൂര്ച്ചയും തീര്ച്ചയും കൃത്യമാകുമായിരുന്നു. നിലവിലെ സാഹചര്യത്തില് അത് പക്ഷെ, പ്രായോഗികമല്ല. 

മുഖ്യമന്ത്രി പിണറായി വിജയന് മധുവിന്റെ വീട്ടിലേക്ക് പോയ അതേ കാനനപാതയിലൂടെയാണ് അദ്ദേഹത്തിന്റെ യാത്രയുടെ തലേന്ന് ഞങ്ങള് പോയത്. 

ഇപ്പോഴത്തെ ഭാഷയില് പറഞ്ഞാല്, മധുവിന്റെ കൊലപാതകവാര്ത്ത വൈറലായപ്പോള് അധികം ദൂരെയൊന്നുമല്ലാതെ തൃശൂരില് സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തിരക്കില് മര്ദ്ദിതരുടെ വിമോചനത്തെക്കുറിച്ചുളള ചര്ച്ചാ തിരക്കിലായിരുന്നു മുഖ്യമന്ത്രി. അതവിടെ നില്ക്കട്ടെ. പ്രധാന റോഡ് കഴിഞ്ഞാല് തന്നന്നം ചാടിക്കുന്ന മെറ്റല് വഴിയാണ്. കാട് വീടായ ആദിവാസികള്ക്കെന്തിന് റോഡെന്നതാവും യുക്തി. ചിണ്ടക്കിയെന്ന ചെറുകവലയില് നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററില്ല മധുവിന്റെ വീട്ടിലേക്ക്. ആ നടവഴിയില് കേരളത്തിലെ ആദിവാസിക്ഷേമത്തിന്റെ ഒരു സ്തൂപമുണ്ട്. 

മധുവിന്റെ വീട്ടിലെത്തിയപ്പോള് അമ്മയുണ്ട്. സഹോദരിയും ബന്ധുക്കളുമുണ്ട്. ആ ചെറുവീടിന്റെ ചവിട്ടുപടിയിലിരുന്ന് അവരോട് സംസാരിച്ചു. അവര്ക്ക് പറയാനുളളതൊക്കെ പലവട്ടം പറഞ്ഞതാണ്. അതില് പ്രധാനം അവരിപ്പോഴും ഭരണകൂടത്തെ വിശ്വസിക്കുന്നുവെന്നതാണ്. 

കൈകഴുകി രക്ഷപെട്ട വനംവകുപ്പിനെ അവരാവര്ത്തിച്ച് കുറ്റപ്പെടുത്തി. അവര്ക്കറിയില്ലല്ലോ, ആദിവാസികളുടെ സംരക്ഷണം വനംവകുപ്പിന്റെ അജണ്ടയിലുള്പെടുന്നില്ലെന്ന്. മരങ്ങളും വന്യജീവികളും മാത്രമാണ് വനംവകുപ്പിന്റെ ഉത്തരവാദിത്വമെന്ന്. അതുകൊണ്ടാണല്ലോ, വനംവകുപ്പിന്റെ അധികാരശ്രേണികളിലെങ്ങും, ഉദ്യാഗസ്ഥശ്രേണികളിലൊന്നും ആദിവാസികള് ഇടംപിടിക്കാത്തത്. അതുകൊണ്ടാണല്ലോ, ആദിവാസികള് വനംവകുപ്പിന്റെ ദിവസക്കൂലിക്കാരായ ഗാര്ഡുമാരായി മാത്രമൊതുങ്ങാന് നിര്ബന്ധിതരാകുന്നത്. 

മധുവിന്റെ വീടിനോട് ചേര്ന്ന് ഒരു വീടുയരുന്നുണ്ട്. അട്ടപ്പാടിയിലെങ്ങും കാണുന്നത് പോലെ പണിതീരാത്തൊരു വീട്. മധുവിന്റെ അമ്മക്കും സഹോദരിക്കും ജോലിയുണ്ട്, അടച്ചുറപ്പുളള വീടുണ്ട്, വൈദ്യുതിയുണ്ട് എന്നെല്ലാം ജനപ്രതിനിധികളുള്പെടെ വിശദീകരിച്ചിരുന്നു. പട്ടിണിയല്ല മധു അരി മോഷ്ടിക്കാന് കാരണമെന്നായിരുന്നു അവര് പരോക്ഷമായി പറയാന് ശ്രമിച്ചത്. അതിലേക്ക് പിന്നീട് വരാം. അധികസമയം മരണവീട്ടില് ചിലവഴിച്ച് ചിത്രീകരണം നടത്തുന്നതില് അനൗചിത്യവുമുണ്ട്.

എല്ലാം ശരിയാകുമെന്ന് വെറുതെയാശംസിച്ച് ഞങ്ങള് മധുവിന്റെ വീട്ടില് നിന്ന് യാത്ര പറഞ്ഞിറങ്ങി. കേരളത്തിലെ ആഫ്രിക്കയായ അട്ടപ്പാടിയിലേക്കിറങ്ങി. 

സംശയിക്കേണ്ട. പണ്ടൊരു ചലച്ചിത്രോത്സവത്തിന് സെനഗല് സംവിധായകനുമായുളള അഭിമുഖത്തിന് ജ്യേഷ്ഠമാധ്യമപ്രവര്ത്തകന് നല്കിയൊരു തലക്കെട്ടാണോര്മ വരുന്നത്. ആഫ്രിക്ക ഈസ് എവരിവെയര്. കേരളത്തിലെ ആഫ്രിക്കന് തുരുത്തുകളാണ് അട്ടപ്പാടിയുള്പ്പെടെയുളള ആദിവാസിമേഖലകള്. പ്രധാനമന്ത്രി പറഞ്ഞതിനെ ശരിവെക്കുകയാണെന്ന് കരുതരുത്. കാരണം, ഇന്ത്യയിലെമ്പാടുമുണ്ട്, അത്തരം ആഫ്രിക്കകള്. 

അട്ടപ്പാടിയിലേക്കുളള നീണ്ട യാത്രയില് ഒരു ലേഖനം വായിച്ചിരുന്നു. സാബ്ലു തോമസെന്ന മാധ്യമപ്രവര്ത്തകനെഴുതിയത്. ആ ലേഖനമാണ് ഈ യാത്രയുടെ വഴി നിശ്ചയിച്ചത്. 

പട്ടിണിയിലേക്ക് വരും മുമ്പ് എവിടെയിരുന്ന് ഭക്ഷണം കഴിക്കുമെന്ന് കൂടി ആലോചിക്കണമല്ലോ. എല്ലാവര്ക്കും വീടെന്ന മനുഷ്യാവകാശം അട്ടപ്പാടിക്ക് ഇപ്പോഴും ഒരു സ്വപ്നമാണ്. പൊളിഞ്ഞുതൂങ്ങാറായ ഈ കൂട്ടിലാണ് ചോദിച്ചിട്ടും പേര് പറയാത്ത ഈ അമ്മൂമ്മ കഴിയുന്നത്. ഞങ്ങള് വന്നുപോയത് 2016 മെയ് മാസത്തിലാണ്. അതായത് രണ്ട് വര്ഷത്തോളമായിട്ടും അമ്മൂമ്മയുടെ ഈ കിടപ്പ് ആദിവാസിക്ഷേമത്തില് തത്പരരായ ഉദ്യോഗസ്ഥരോ, രാഷ്ട്രീയക്കാരോ കണ്ടിട്ടില്ല.

192 ആദിവാസി ഊരുകളുണ്ട് അട്ടപ്പാടിയില്. കുറുമ്പ, ഇരുള വിഭാഗത്തില്പെട്ടവരാണ് കൂടുതലും. പല കാരണങ്ങളുണ്ട് ഇവര്ക്ക് വീടിന്നും ഒരു സ്വപ്നമായി തുടരുന്നതിന്. ഒന്ന്, കാട്ടില് ജീവിച്ചിരുന്ന ആദിവാസിക്ക് വീടെന്തിന് എന്ന മണ്ടന് ചോദ്യമാണ്. ആദിവാസിയുടെ കാട് വെട്ടിയതാരാണ്? നമ്മളാണ്. ആദിവാസിയുടെ ജീവിതക്രമം തെറ്റിച്ചതാരാണ്? അതും നമ്മളാണ്. അവരുടെ ആവാസവ്യവസ്ഥ തലതിരിച്ചുവെച്ചതാരാണ്? അതും അതും നമ്മളാണ്. അതുകൊണ്ട് പറയട്ടെ, ആദിവാസിക്ക് വീട് വേണം. നല്ല വീട്. സംസാരിച്ച എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് വീടിനെക്കുറിച്ചുളള ആധികളും വ്യാധികളുമായിരുന്നു. അനുവദിക്കുന്ന മൂന്നരലക്ഷം രൂപക്ക് മലമുകളിലും മലയടിവാരത്തിലും വീട് പണിയേണ്ടിവരുന്നവരുടെ അവസ്ഥയാണിത്. ചുമട്ടുകൂലിക്ക് തികയില്ല ഭരണകൂടമേ നിങ്ങളുടെ ഒൗദാര്യം. 

മധുവിന്റെ മരണത്തിന് കാരണം പട്ടിണിയാണെന്ന വ്യഖ്യാനങ്ങള്ക്കും, ആദിവാസികള്ക്ക് പശിയടക്കാന് ഒന്നുമില്ലേയെന്ന ആശ്ചര്യചിഹ്നങ്ങള്ക്കും, ആവശ്യത്തിന് അരി നല്കുന്നുണ്ടെന്ന അവകാശവാദങ്ങള്ക്കുമിടെയാണ് ഇത് പറയുന്നത്. സത്യത്തില് അരിയോ, സൗജന്യമോ അല്ല പ്രശ്നം. കാടിനുളളില് കൃഷി ചെയ്ത്, ആടിനെയും, മാടിനെയും മേയിച്ച്, ആഹാരത്തിന് മാത്രം നായാടി ജീവിച്ചിരുന്നവര്ക്ക് നമ്മുടെ യാതൊരു സൗജന്യവും ആവശ്യമില്ല. ആദിവാസികളുടെ ആവാസവ്യവസ്ഥ അട്ടിമറിച്ച കൊടിയ കുറ്റകൃത്യത്തിന്റെ പ്രായശ്ചിത്തം പോലുമാവില്ല നമ്മുടെ സൗജന്യങ്ങള് . കാട് കയ്യേറി നാടാക്കിയപ്പോഴാണ് ആദിവാസികള്ക്ക് കൃഷി ചെയ്യാനിടമില്ലാതെയായത്. അവര് കൃഷി ചെയ്തിരുന്നത്, റാഗിയും, ചോളവും, തുവരയും, കടലയും, തെനയുമാണ്. അതവരുടെ ആരോഗ്യം സംരക്ഷിച്ചിരുന്നു. ഇന്നിപ്പൊ, ഈ വിളകളൊന്നും വളരില്ല. ആടിനെയും, മാടിനെയും വനത്തില് മേയാന് അനുവദിക്കാതായതോടെ ഒരു ചെലവുമില്ലാതെ ലഭിച്ചിരുന്ന പാലും, വെണ്ണയും, നെയ്യുമൊക്കെ ആദിവാസിക്ക് നഷ്ടമായി. കൃഷി ചെയ്യാനുളള താത്പര്യം ആവര്ത്തിച്ച് പ്രകടിപ്പിക്കുന്നുണ്ട് ആദിവാസികള്. 

കൃഷി ചെയ്യാന് ഭൂമിയെവിടെ. തട്ടിയെടുത്ത ഭൂമി മടക്കിനല്കാന് നമ്മളെന്തേ വൈകുന്നു. നമ്മള് വോട്ട് ചെയ്ത ഭരണപ്രതിപക്ഷങ്ങളല്ലേ ആദിവാസിവിരുദ്ധമായ ഭൂനിയമം നടപ്പിലാക്കാന് നിയമസഭയില് രണ്ട് കയ്യും പൊക്കിയത്. അപ്പോള് ആദിവാസിക്ക് പട്ടിണിയുണ്ടെങ്കില് ഞാനും നിങ്ങളും ഒരുപോലെ ഉത്തരവാദികളാണ്. വെറുതെ സര്ക്കാരിനെയും രാഷ്ട്രീയക്കാരെയും നോക്കി കണ്ണുമിഴിക്കേണ്ടതില്ല. 

ഇടക്കിടെ കിട്ടുന്ന പട്ടയമേളകളില് ആദിവാസിക്ക് വിതരണം ചെയ്യുന്ന പട്ടയങ്ങളൊക്കെയും തട്ടിപ്പാണ്. അവര്ക്ക് വേണ്ടത് കൃഷി ചെയ്യാനുളള ഭൂമിയാണ്. മലമുകളിലെ പാറക്കെട്ടുകളല്ല. അവര്ക്കവകാശപ്പെട്ട ഭൂമിയാണ് ചോദിക്കുന്നത്.

നിര്ബന്ധിത സസ്യാഹാരികളാണ് ഏറിയകൂറും ആദിവാസികള്. അങ്ങനെ ആക്കിയതാണ്. വിസ്തൃതമായ വനത്തില് ഭക്ഷണാവശ്യത്തിന് മാത്രം നായാടിയിരുന്നവരാണിവര്. കയ്യേറി, കയ്യേറി വനം ചെറുതായപ്പോള് മൃഗങ്ങളുടെ എണ്ണം കുറഞ്ഞു. അത്യാഗ്രഹികളായ നാട്ടുവാസികളുടെ ആക്രമണത്തില് നിന്ന് അവശേഷിക്കുന്ന മൃഗങ്ങളെ രക്ഷിക്കാന് നായാട്ട് നിയമവിരുദ്ധമായപ്പോള് ഇവരുടെ മാംസാഹാര ശീലം മുറിഞ്ഞു. പോഷണത്തിനുളള ഒരു വഴി കൂടി അടഞ്ഞു. പണം കൊടുത്ത് മാംസം വാങ്ങാന് ആദിവാസിയുടെ കയ്യില് പണമെവിടെ. പണമുണ്ടാക്കാന് പണിയെവിടെ.

ആരാണ് സര് ഈ നാട്ടുകാര്. നമ്മളെങ്ങനെയാണ് ആദിവാസിക്കവകാശപ്പെട്ട ഭൂപ്രദേശത്ത് നാട്ടുകാരാകുന്നത്. മധുവാണല്ലോ നാട്ടുകാരന്. അഭയാര്ഥികള് നാട്ടുകാരനെ തല്ലിക്കൊന്നുവെന്നല്ലേ പറയേണ്ടത്. ഇതിന്റെയര്ഥം കുടിയേറ്റക്കാര് കുഴപ്പക്കാരാണെന്നല്ല. അവര്ക്ക് ജീവിക്കാന് അവകാശമില്ലെന്നുമല്ല.  നമ്മളുപയോഗിക്കുന്ന ദൈനംദിനഭാഷയില് പോലും കീഴാളവിരുദ്ധത കടന്നുകൂടുന്നുണ്ടെന്ന് ഓര്ത്തുപോയതാണ്. അതുകൊണ്ടാണല്ലോ തല്ലുന്നവര് നാട്ടുകാരും തല്ലുകൊളളുന്നവര് അപരരുമാകുന്നത്. 

മധുവിനെതിരായുണ്ടായ അക്രമം കേരളത്തിലെ ആദിവാസിമേഖലകളില് ഒറ്റപ്പെട്ടുണ്ടായ ഒന്നല്ലെന്ന് നമ്മളറിയണം. അതിടക്കിടെ ഉണ്ടാവാറുണ്ട്. പുറത്തറിയണമെങ്കില് മരണത്തിലെത്തണമെന്നേയൂളളൂ. പറഞ്ഞതിതാണ് സാങ്കല്പികമോ, അല്ലാത്തതോ ആയ കുറ്റങ്ങളുടെ പേരില് ആദിവാസികളെയും ദളിതരെയും കഴുത്തിന് കുത്തിപ്പിടിക്കുന്നത് സാധാരണമായ സംസ്ഥാനമാണ് നമ്മുടെ കേരളം. 

അങ്ങനെയുണ്ടാവുന്നതിന്റെ കാരണമെന്താവുമെന്ന് ചുമ്മാതാലോചിച്ചാല് മതി. ആദിവാസി നമ്മളെ തല്ലിയതായി കേള്ക്കാറില്ലല്ലോ. പോട്ടെ, ആദിവാസിക്ക് നമ്മളിരിക്കുന്ന എവിടെയൊക്കെ ഇടം കിട്ടിയിട്ടുണ്ടെന്നാലോചിച്ചിട്ടുണ്ടോ? അതാരും കൊടുക്കണ്ട, മാറ്റിനിര്ത്താതിരുന്നാല് മതി. 

രണ്ട് ദിവസം അട്ടപ്പാടിയില് ചിലവഴിച്ചാണ് മടങ്ങിയത്. തിരിച്ചിറങ്ങുമ്പോള് ലക്ഷ്മി പറഞ്ഞ വാക്കുകളിങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു. മുഖ്യധാരയിലെ കേരളത്തെ അവര് കൃത്യമായി മനസിലാക്കിയിരിക്കുന്നു. 

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.