പ്രതിസന്ധി ഒഴിയാതെ തോട്ടം തൊഴിലാളികൾ

choonduviral-estate-labour-t
SHARE

പൊമ്പിളൈ ഒരുമൈ സമരമാണ് തോട്ടം മേഖലയിലെ ജീവിതസാഹചര്യങ്ങളിലേക്ക് കേരളത്തിന്റെ ശ്രദ്ധയാകര്ഷിച്ചത്. സമരം കഴിഞ്ഞു. ജീവിതസാഹചര്യം മെച്ചപ്പെടുത്താന് കഴിയുന്ന, നിലവിലേതിനെക്കാള് മികച്ച സേവനവേതനം ഉറപ്പുവരുത്തുന്ന ചില ധാരണകളുണ്ടാവുകയും ചെയ്തു. പിന്നെ നമ്മളവരെ മറന്നുവോ എന്നൊരു സംശയം. സംശയനിവൃത്തിക്കാണ് ഞങ്ങളൊരു യാത്ര പോയത്. ഇക്കുറി മൂന്നാറിലേക്കല്ല, വയനാട്ടിലെ തേയിലത്തോട്ടങ്ങളിലേക്ക്. 

കല്പ്പറ്റക്കടുത്ത് പെരുന്തട്ട എന്ന സ്ഥലത്തേക്കാണാദ്യം പോയത്. ഒരു ഭാഗ്യക്കുറി വണ്ടിയാണ് ഞങ്ങളെ സ്വീകരിച്ചത്.  അതെ. ഭാഗ്യക്കുറിയുടെ ഭാഗ്യത്തിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയിലാണ് തോട്ടം തൊഴിലാളികള്. കൊളുന്ത് നുളളാനിറങ്ങിയ സ്ത്രീകളടക്കം കുറേയേറെ പേരെ ഞങ്ങള് കണ്ടു. പലര്ക്കും സംസാരിക്കാന് വലിയ താത്പര്യമില്ല. ചാനലുകളില് പറയുന്ന തങ്ങളുടെ സങ്കടക്കഥകള് ആരും കേള്ക്കുന്നില്ലെന്നാണ് പരാതി. 

പ്രശ്നങ്ങള് പരിഹരിക്കാന് ഞങ്ങള്ക്ക് കഴിയില്ലെന്ന് ഈ പാവം സ്ത്രീകള്ക്ക് മുന്നില് ഞങ്ങള് തുറന്നുസമ്മതിച്ചു. പരിഹാരമുണ്ടാക്കാന് ഞങ്ങള്‍‌ ശക്തരാണെങ്കിലും പ്രശ്നങ്ങള് ജനങ്ങളിലേക്കെത്തിക്കാമെന്ന് ആവര്ത്തിച്ചു പറഞ്ഞു. ഒടുവില് അവര് പറഞ്ഞുതുടങ്ങി. കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന തീവ്രദുരിതങ്ങളെക്കുറിച്ച്. 

അതെ പ്രിയപ്പെട്ടവരെ. കൂലിയില്ലാതെ വേലയെടു്കുകയാണ് നമ്മുടെ മോര്ണിങ് ടീയുടെ പ്രാഥമിക ഉത്പാദകരായ ഈ സ്ത്രീകള്. വല്ലപ്പോഴുമാണ് കൂലി. മൂന്ന് മാസം കൂടുമ്പോള് മുഴുവന് ശമ്പളവും നല്കുകയാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുത്. കുറച്ച് പണം. ഏറിയാല് ഒരു മാസത്തെ ശമ്പളം. അതും സമരം ചെയ്ത് അലറിവിളിച്ചു കഴിയുമ്പോള്.

മഹാഭൂരിപക്ഷം തൊഴിലാളികളും കേരളത്തിലേക്ക് കുടിയേറിയവരാണ്. തമിഴ്നാട്ടില് നിന്നും കര്ണാടകയില് നിന്നും മറ്റും. വന്ന് കയറി താമസം തുടങ്ങിയവരെങ്കിലും അവരിപ്പോള് മലയാളികളാണ്. അവര് തൊഴിലെടുത്ത് മുതല്കൂട്ടിയത് നമ്മുടെ ഖജനാവിലേക്കാണ്

മൂന്നാറിലെ സ്ത്രീതൊഴിലാളികളുടെ സമരമാണ് തോട്ടം മേഖലയിലെ തുച്ഛമായ കൂലിയുടെ യാഥാര്ഥ്യത്തിലേക്ക് വെളിച്ചം വീശിയത്. സമരം ഒത്തുതീര്പ്പാക്കാന് സര്ക്കാര് നിശ്ചയിച്ച കൂലി പോലും എത്ര തുച്ഛമാണെന്നറിയുമോ, മുന്നൂറ് രൂപ. പ്രതികൂലകാലാവസ്ഥയോട് മല്ലടിച്ച് പണിയെടുക്കുന്ന തൊഴിലാളികള്ക്ക് ലഭിക്കുന്ന കൂലിയാണ് മുന്നൂറ് രൂപ. 

ചെമ്പ്രയിലാണ് ലിങ്കണെ ഞങ്ങള് കണ്ടത്. പതിനാറാം തീയതി ഫെബ്രുവരി മാസത്തെ റേഷന് വാങ്ങി മടങ്ങുകയായിരുന്നു ലിങ്കണ്. മൂന്ന് മാസത്തെ ശമ്പളക്കുടിശികയില് ഒരു മാസത്തെ ശമ്പളം ലഭിച്ചപ്പോഴാണ് അരി വാങ്ങാനായത്. ആഴ്ചയില് പത്തോ, പതിനഞ്ചോ പണിയേ ഉണ്ടാകാറുളളു. അതും ഉറപ്പില്ല.

തോട്ടം മേഖലയില് തന്നെ തൊഴിലെടുത്തവരുടെ മക്കളാണ് ഇപ്പോഴുളള തൊഴിലാളികള്. അവരാരും പക്ഷെ മക്കളെ തോട്ടം മേഖലയില് നിര്ത്താന് ഉദ്ദേശിക്കുന്നതേയില്ല. ലിങ്കന്റെ വീട്ടിലേക്ക് ഞങ്ങള് പോയി. മകനെ കാണാന്. ദുര്ഘടം പിടിച്ച വഴിയാണ്. നടന്നിറങ്ങി വീടെത്തിയപ്പോഴേക്കും ഞങ്ങളൊരു വഴിയായി.

ഇപ്പോള് തൊഴിലെടുക്കുന്നവരെക്കാള് ദയനീയമാണ് പ്രായമായവരുടെ കാര്യം. ദശകങ്ങളോളം കൊളുന്ത് നുളളിയും തോട്ടത്തില് അനുബന്ധതൊഴിലുകള് ചെയ്യുകയും ചെയ്തവര്. അവര്ക്കിപ്പോള് പോകാനിടമില്ല, ജീവിക്കാന് പണമില്ല.

പിരിഞ്ഞുപോയവര്ക്ക് ആനുകൂല്യങ്ങള് നല്കാതെ കൂടി ഈ പാവങ്ങളെ കബളിപ്പിക്കുന്നതോര്ത്താല് കേരളത്തിന് നാണിക്കേണ്ടി വരും. നാണിച്ച് തലതാഴ്ത്തേണ്ടി വരും. ദശകങ്ങളായി ഒഴുക്കിയ വിയര്പ്പിന് പ്രതിഫലമായി വണ്ടിച്ചെക്ക് നല്കുന്ന തോട്ടമുകളുടെ നടപടി അങേയറ്റും ക്രൂരമാണ്. പിരിഞ്ഞുപോയിട്ടും ദിവസക്കൂലിക്ക് ചപ്പ് ശേഖരിക്കുകയല്ലാതെ അവര്ക്ക് വേറൊരു വഴിയുമില്ല.

എല്ലാവര്ക്കും വീടെന്ന മധുരമനോഹരവാഗ്ദാനം പ്രകടനപ്പത്രികയിലുള്പെടുത്താത്ത ഒരു രാഷ്ട്രീയപ്പാര്ട്ടിയും, ഒരു മുന്നണിയും കേരളം ഭരിച്ചിട്ടില്ല. എന്നിട്ടും തോട്ടം തൊഴിലാളികളിപ്പോഴും മൂന്നാറിലെ ലയങ്ങളിലും വയനാട്ടിലെ പാടികളിലും നരകജീവിതം നയിക്കുകയാണ്. അവരുടെ മക്കള് മെഴുകുതിരി വെളിച്ചത്തില് ഭാവിയെ സ്വപ്നം കാണുകയാണ്.

ഞങ്ങള് പോയ തോട്ടങ്ങളിലൊന്നില് വൈദ്യുതിയില്ലാത്ത നിരവധി പാടികള്. കുടിക്കാന് വെളളവും റേഷനാണ്. ദിവസം നാല് ബക്കറ്റ് വെളളം കിട്ടും. അതുകൊണ്ട് വേണം ഒരു കുടുംബം കഴിയാന്. രോഗങ്ങളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് തോട്ടം മേഖല. ആരോഗ്യപ്രശ്നങ്ങളലട്ടാത്ത തൊഴിലാളികള് കുറവ്. ചികിത്സക്ക് ആനുകൂല്യമോ, ചികില്സക്ക് സഹായമോ തൊഴിലാളികള്ക്ക് ലഭ്യവുമല്ല.

പലരും പലപ്പോഴും ഉന്നയിക്കുന്ന ഒരു വാദമുണ്ട്. തേയിലവ്യവസായം വലിയ നഷ്ടത്തിലാണ്. തൊഴിലാളികള്ക്ക് ശമ്പളമോ ആനുകൂല്യങ്ങളേോ കൊടുക്കാന് നിവൃത്തിയില്ല. ഇത്രയേറെ കാലം തൊഴിലാളികളൊഴുക്കിയ വിയര്പ്പിന്റെ ഗന്ധമുണ്ടാവും നിങ്ങളുയര്ത്തിയ സൗധങ്ങളുടെ ജനാലകള് തുറന്നിട്ടാല്. അതുകൊണ്ട് നഷ്ടക്കണക്കുകള് ഈ തൊഴിലാളികളോട് വേണ്ട. അവര് കൂടുതലൊന്നും ചോദിക്കുന്നില്ല. ചെയ്ത ജോലിക്ക് കൂലിയാണ് ചോദിക്കുന്നത്.

വയനാട്ടിലെ ഏതാനും ചില തേയിലത്തോട്ടങ്ങളുടെ കഥയല്ല ഇത്. ഒറ്റപ്പെട്ട അപവാദങ്ങളൊഴിച്ചു നിര്ത്തിയാല് കേരളത്തിലെ തോട്ടം മേഖലയുടെ പൊതുസാഹചര്യമാണിത്. പൊമ്പിളൈ ഒരുമ മോഡല് സമരം നടക്കുന്നില്ലെന്നേയുളളു. മുഴുവന് അസ്വസ്ഥതകളാണ്. ഒരുനേരത്തെ ഭക്ഷണം മുതല് കുട്ടികളുടെ വിദ്യാഭ്യാസം വരെ വെല്ലുവിളികള് നേരിടുകയാണ്. 

പൊതുസമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. കണ്ടില്ല, അറിഞ്ഞില്ല എന്ന ന്യായം വിലപ്പോവില്ല. നമ്മളുപേക്ഷിച്ചാല് എങ്ങോട്ട് പോകണമെന്ന് പോലും അറിയാത്ത നിരാലംബരായ മനുഷ്യരാണ്. ജീവിതത്തില് നിന്ന് പുറത്തേക്കുളള യാത്രയിലാണവര്. അവരെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. 

MORE IN CHOONDU VIRAL
SHOW MORE