എന്തുകൊണ്ട് ശ്രീജിത്തിന്റെ സമരം ചർച്ച ചെയ്യണം?

Thumb Image
SHARE

ജനാധിപത്യത്തില്‍ സമരങ്ങളുണ്ടാവുക എന്നത് പരമപ്രധാനമാണ്. സമരമില്ലാതാകുമ്പോഴാണ് സ്വേച്ഛാതിപത്യം തലയുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ജനകീയസമരങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുക തന്നെ ചെയ്യും. പതിവ് സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സമരം കേരളത്തോട് സംസാരിക്കുന്ന സമയമാണിത്. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുടെ പതിവുകളെ തെറ്റിച്ചുകൊണ്ടിരിക്കുന്ന ഒരു സമരമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍. ശ്രീജിത് എന്നൊരു ചെറുപ്പക്കാരന്‍ ദീര്‍ഘകാലമായി നടത്തിവന്നിരുന്ന സമരമാണ് വലിയൊരു സമരമായി മാറിയത്. ശ്രീജിത് എന്തിന് സമരം ചെയ്യുന്നുവെന്ന് കേരളത്തില്‍ അറിയാത്തവരായി ഇനിയാരും ഉണ്ടാവാനിടയില്ല. എങ്കിലും ചുരുക്കിപ്പറയാം. ശ്രീജിത്തിന്റെ സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് ആവശ്യം. ദീര്‍ഘകാലമായി ശ്രീജിത് സമരമിരിക്കുന്നുവെങ്കിലും ഒരു നവമാധ്യമവാര്‍ത്തയാണ് ഇപ്പോഴത്തെ ജനശ്രദ്ധ അതിന് നല്‍കിയത്. ശ്രീജിത്തിന്റെ സമരത്തെക്കുറിച്ചല്ല, മറിച്ച് ശ്രീജിത്തിന്റെ സമരത്തിന് കുറഞ്ഞസമയം കൊണ്ട് കിട്ടിയ അനുഭാവവും പിന്തുണയുമാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരല്‍ പരിശോധിക്കുന്നത്.

നവമാധ്യമങ്ങളുടെ പുതിയ കാലം അപ്രതീക്ഷിതമായ പ്രതികരണങ്ങളും അനുഭവങ്ങളുമാണ് പല തലത്തിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അഭിപ്രായരൂപീകരണത്തിന്റെ പതിവ് മാര്‍ഗങ്ങള്‍ അപ്രസക്തമാവുകയാണ്. വൈറലാകുന്ന പോസ്റ്റുകളും, ട്രോളുകളും പുതിയൊരു രാഷ്ട്രീയഭാവുകത്വം തീര്‍ച്ചയായും സൃഷ്ടിക്കുന്നുണ്ട്. ആ ഭാവുകത്വത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയമില്ലായ്മയുമാണ് ചര്‍ച്ച ചെയ്യേണ്ടത്. നവമാധ്യമ കൂട്ടായ്മകള്‍ നിലവിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്തിറങ്ങുന്നത് ലോകത്തിന് പുതുമയല്ല. വാള്‍സ്ട്രീറ്റ് പിടിച്ചടക്കലും അറബ് വസന്തവും അണ്ണാ ഹസാരെയുടെ ലോക്പാല്‍ സമരവുമെല്ലാം ഉദാഹരണങ്ങളാണ്. കേരളത്തിനും പുതുമയല്ല. ചുംബനസമരവും നില്‍പുസമരവുമൊക്കെ അങ്ങനെ ഉണ്ടായതാണ്. പക്ഷെ, ആ സമരങ്ങള്‍ക്കുണ്ടായിരുന്ന രാഷ്ട്രീയമായ അടിത്തറ ഇവിടെയുണ്ടോ എന്നതാണ് പ്രസക്തമായ പരിഗണനാവിഷയം.

സെക്രട്ടറിയേറ്റ് നടയില്‍ ഒരറ്റത്ത് നിന്ന് നടന്നുതുടങ്ങിയാല്‍ ശ്രീജിത്തിനെപ്പോലെ കുറെയേറെ മനുഷ്യരെ കാണാം. സഹനത്തിന്റെ പലതലങ്ങളിലൂടെ കടന്നുപോകുന്നവര്‍. സേതുവില്‍നിന്ന് തുടങ്ങാം. സേതുവിന്റെ സമരം ഒരുവര്‍ഷത്തോട് അടുക്കുകയാണ്. വ്യക്തിപരമല്ല സേതുവിന്റെ സമരം. മുഴുവന്‍ കേരളത്തിനും വേണ്ടി കൂടിയാണ്. കരിങ്കല്‍ ക്വാറികള്‍ അരക്ഷിതമാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കും പരിസ്ഥിതിക്കും വേണ്ടിയുളള സമരം.പത്തടിവെച്ചാല്‍ ചെങ്ങറഭൂസമരപ്പന്തല്‍. കേരളം കണ്ട ഏറ്റവും വലിയ ഭൂസമരങ്ങളിലൊന്നിന്റെ ബാക്കിപ്പത്രം. ദളിതരുടെ സമരം. ചെങ്ങറസമരം ഒത്തുതീര്‍പ്പാക്കാന്‍ പട്ടയം നല്‍കി ഭരണകൂടം കൊടുംകാടുകളിലേക്കയച്ച പിന്നോക്കജനവിഭാഗം നീതി തേടി സെക്രട്ടറിയേറ്റ് പടിക്കലെത്തിയിട്ട് നാളേറെയായി. 

സുഭദ്ര. വൃദ്ധയായ ഏകാകി. വിശാലമായ നമ്മുടെ നാട്ടില്‍ ഒരുതുണ്ട് ഭൂമിയോ, അന്തിയുറങ്ങാന്‍ ചേക്കയോ ഇല്ലാത്ത വൃദ്ധ. പിറകില്‍ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഭൂരഹിതകേരളം സൃഷ്ടിക്കുന്നതില്‍ വ്യാപൃതരാണ്.

വീണ്ടുമൊരു ഭൂസമരം. ആദിവാസികള്‍ക്കും ദളിതര്‍ക്കും കൃഷിഭൂമിയാവശ്യപ്പെടുന്ന സമരം. ഇനിയും പരിഹൃതമാകാത്ത കൊല്ലം അരിപ്പഭൂസമരത്തിന്റെ ബാക്കിപ്പത്രം. പിന്നെ കണ്ടത് ഒരു ചെറുകുടുംബത്തെ. പ്രശസ്തമായ ആശുപത്രിയിലെ മകളുടെ ദുരൂഹമരണത്തിന്റെ കാരണം കണ്ടെത്തണം എന്നാണ് ആവശ്യം. നീതിക്ക് വേണ്ടിയുളള മറ്റൊരു സമരം.

തീരുന്നില്ല, സമരങ്ങളുടെ നിര. നീതിക്ക് വേണ്ടി കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ അനിശ്ചിതമായ ഭാവിയിലേക്ക് കണ്ണുംനട്ട് അവരിരിക്കുകയാണ്. ശ്രീജിത്തിനൊപ്പം. ശ്രീജിത്തിന്റെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് തിരുവനന്തപുരത്തേക്ക് ആയിരങ്ങളെത്തി. ഒരുമുഴുവന്‍ ദിവസം ഞാനവര്‍ക്കിടയില്‍ ചിലവഴിച്ചു. വിരലിലെണ്ണാവുന്നവരല്ലാതെയാരും മറ്റ് സമരപ്പന്തലുകളിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല. അവരുടെ ക്ഷേമം അന്വേഷിച്ചതേയില്ല. അവര്‍ തേടുന്ന നീതിയെന്തെന്ന് തിരക്കിയതേയില്ല.സെല്‍ഫിയെടുത്ത്, ഫെയ്സ്ബുക്കില്‍ ലൈവ് നല്‍കി മഹാഭൂരിപക്ഷവും മടങ്ങി. എന്ത് പ്രതീക്ഷയാണ് ഇവര്‍ സമരകേരളത്തിന് നല്‍കുന്നതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നതേയില്ല.

അതെ പൊലീസ് അതിക്രമത്തിനെതിരാണ് സമരം. വെറും അതിക്രമമല്ല, ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. എന്നിട്ടും പൊലീസിന്റെ പരിഷ്കണത്തെക്കുറിച്ച് സമരസംഘാടകരോ പങ്കാളികവോ മിണ്ടിയതേയില്ല. പൊലീസിന്റെ എല്ലാ നിര്‍ദേശങ്ങളും അതേപടി അനുസരിച്ച് വരിനിന്ന സമരക്കാര്‍ പൊലീസിനെതിരായ സമരത്തിന് പുതിയ ചരിത്രമെഴുതി. ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണമുത്തരവിടുന്ന നിമിഷം അവസാനിക്കുന്ന പൊലീസ് വിരുദ്ധസമരമാണ്. കേവലവൈകാരികതയില്‍ അധിഷ്ഠിതമായ പ്രതികരണങ്ങളും മുദ്രാവാക്യങ്ങളും ദുഷിച്ച വ്യവസ്ഥിതിയെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് സമരക്കാര്‍ കരുതുന്നത്. അതോ അത് പോലും സമരലക്ഷ്യമാവുന്നില്ലെന്നുണ്ടോ?

പൊലീസ് അതിക്രമത്തിന്റെ കാര്യം തന്നെയെടുക്കുക. കേരളത്തില്‍ അതൊരു പുതുമയല്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതാരെയും ഞെട്ടിപ്പിക്കാത്ത വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ നിരന്തരമായ അതിക്രമങ്ങളുണ്ട്. കറുത്തവനും ദളിതനും നേരെയുളള അതിക്രമങ്ങളുണ്ട്. വിനായകനെ മരണത്തിലേക്ക് തൂക്കിയെറിഞ്ഞത് പൊലീസുകാരാണ്. തിരുവനന്തപുരത്ത് തടിച്ചുകൂടിയ സമരക്കാരോട് ചോദിക്കാതെ നിവൃത്തിയില്ല. അന്നൊക്കെ നിങ്ങള്‍ എവിടെയായിരുന്നു. 

എല്ലാവരും എല്ലാ വി·ഷയത്തിലും പ്രതികരിക്കണമെന്നോ, സമരരംഗത്തിറങ്ങണമെന്നോ അല്ല പറഞ്ഞുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ വിപ്ലവം സൃഷ്ടിക്കില്ല എന്നാണ്. നവമാധ്യമങ്ങളില്‍ നിരന്തരം രോഷം കൊളളുന്നവരുടെ ഒരുതരത്തിലുളള അപകര്‍ഷത ഒരുദിവസത്തെ സമരത്തിനിറങ്ങാന്‍ ഒരുപാട് പേരെ പ്രേരിപ്പിച്ചുവെന്ന് കരുതാന്‍ കാരണങ്ങള്‍ പലതുണ്ട്. ഞങ്ങളിതാ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുന്ന മടിയന്‍മാരല്ലെന്ന് പ്രഖ്യാപിക്കുവാന്‍ പലരും തക്കംപാര്‍ത്തിരിക്കുകയായിരുന്നു. ഏറ്റവും സുരക്ഷിതമായ ഘട്ടത്തില്‍ ഏറ്റവും സുരക്ഷിതമായി അവരതുപയോഗിച്ചു. അതല്ലായിരുന്നുവെങ്കില്‍ ശ്രീജിത്തിന് അനുഭാവം പ്രകടിപ്പിക്കുവാനെത്തിയവര്‍ മടങ്ങുമായിരുന്നില്ല. അവിടെ കുത്തിയിരിക്കുമായിരുന്നു.

കേരളത്തിലെ യുവാക്കള്‍ മൗനം വെടിഞ്ഞ് സംഘടിക്കുന്നതിന്റെ തുടക്കമായി ശുഭപ്രതീക്ഷയോടെ ഇപ്പോഴത്തെ ഉണര്‍വിനെ കാണുന്നവരുമുണ്ട്.ശുഭപ്രതീക്ഷയോടെ ഇപ്പോഴത്തെ മുന്നേറ്റത്തെ കാണാന്‍ കഴിയാത്തതിന് കാരണം ചരിത്രമാണ്. ഒരു സംഭവം കൊണ്ട് ചരിത്രത്തില്‍ ഇടപെടാന്‍ കഴിയില്ല. വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും കഴിയില്ല. അതൊരു പ്രക്രിയയാണ്. ഒറ്റപ്പെട്ട സംഭവഹ്ങളിലൂടെയല്ല നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ മാത്രമേ സമൂഹവും രീതികളും അധികാരവും അതിന്റെ പ്രയോഗവും മാറിയ ചരിത്രമുളളൂ.

സാധാരണക്കാരായ ജനങ്ങള്‍, അവരുടെ പ്രശ്നങ്ങള്‍ , ആവര്‍ത്തിച്ച് പ്രയോഗിക്കുന്ന ഒരു പിശകാണത്. അങ്ങനെയൊരു വിഭാഗമില്ല. സമരം നടക്കുമ്പോള്‍ ഗതാഗതതടസമുണ്ടാകുന്നതിനെ പഴിക്കുന്ന, സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലുകള്‍ കേരളത്തിന്റെ മുഖം വൃത്തികേടാക്കുന്നവെന്ന് കരുതുന്ന ഒരു വിഭാഗത്തെ സാധാരണക്കാരെന്ന് വെറുതെ വിശേഷിപ്പിച്ച് ശീലിച്ചതാണ്. രാഷ്ട്രീയനേതാക്കളോടും വിശിഷ്ടവ്യക്തിത്വങ്ങളോടുമൊക്കെ വളര്‍ന്നുവരുന്ന വിയോജിപ്പുകളുടെ സൂചനയാണത്. പ്രമുഖരായ മനുഷ്യര്‍ അനുഭവിക്കുന്നതെല്ലാം അനര്‍ഹമാണെന്ന് മനഃശാസ്ത്രമാണ് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ദശകങ്ങളായി രക്തരഹിതവും രക്തരൂക്ഷിതവുമായ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളാണ് നമുക്കുളള സൗകര്യങ്ങളെല്ലാം അനര്‍ഹമായി വീതിക്കപ്പെടുന്നുവെന്ന തോന്നല്‍ പടരുന്നുണ്ട്. അങ്ങനെ തോന്നുവരില്‍ മഹാഭൂരിപക്ഷവും ഈ സൗകര്യങ്ങളെല്ലാം ഏറിയും കുറഞ്ഞും അനുഭവിക്കുന്ന മധ്യവര്‍ഗമാണെന്നത് തമാശയാണ്. അതുപോലൊരു തമാശയാണ് ഞങ്ങള്‍ ഒരു കൊടിക്കും കീഴില്‍ സമരം ചെയ്യില്ലെന്ന അവകാശവാദം. 

മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇടപെടുന്ന വിഷയങ്ങവില്‍ മാറ്റങ്ങളുണ്ടാവേണ്ടതിന്റെ ആവശ്യകതയും ഈ സമരം വിളിച്ചുപറയുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ച് പറയുമ്പോള്‍ ഒന്നുകൂടിയുണ്ട്. ആദ്യമേ പറയട്ടെ. ശ്രീജിത്തിന് അനുകൂലമായി തടിച്ചുകൂടിയവരത്രയും സംഘികളാണ് എന്ന ആക്ഷേപമില്ല, ഒട്ടുമില്ല. സംഘപരിവാറിന്റെ രഹസ്യഅ‍ജണ്ടകള്‍ ഈ സമരത്തിന്റെ ഓരംപറ്റി നില്‍ക്കുന്നുണ്ടെന്ന് കാണാതിരിക്കുന്നുമില്ല. അത് ശ്രീജിത്തോ, ശ്രീജിത്തിനെ സ്നേഹിക്കുന്നവരോ ഒന്നും അറിഞ്ഞുകൊണ്ടാവില്ല, പക്ഷെ അതുണ്ട്. അല്ലെങ്കിലും അരാഷ്ട്രീയമായ കൂട്ടായ്മകള്‍ എപ്പോഴും എല്ലായിടത്തും സഹായിക്കുക തീവ്രവലതുപക്ഷത്തെ തന്നെയായിരിക്കും. 

MORE IN CHOONDU VIRAL
SHOW MORE