കേരളത്തിൽ വികലമായ സദാചാര ബോധമോ?

Thumb Image
SHARE

കേരളത്തിന്റെ വികലമായ സദാചാര ബേധത്തിലേക്കാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ. അതിന്റെ കാരണം എന്താണെന്നത് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഗൗരവകരമായി കേരളം ആലോചിക്കേണ്ട വിഷയമാണ്. ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുമ്പോഴും വികലമായ സദാചാര ബോധവുമായി നമുക്ക് എത്ര നാൾ മുന്നോട്ട് പോകാൻ കഴിയും? മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയും? മനുഷ്യന്റെ വികാരങ്ങളെ എങ്ങനെ മനസ്സിലാക്കാൻ കഴിയും?

തിരുവനന്തപുരത്തെ സ്വകാര്യസ്കൂളില്‍ നടന്ന ആലിംഗനത്തെക്കുറിച്ചും അതിനോട് അധികാരികള്‍ പ്രതികരിച്ചതിനെക്കുറിച്ചും തന്നെയാണ് പറയാനുളളത്. വിദ്യാര്‍ഥികളും സ്കൂള്‍ മാനേജ്മെന്റുമായുളള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലായ സ്ഥിതിക്ക് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യേണ്ടതുണ്ടോയെന്ന് പലവട്ടം ആലോചിച്ചതാണ്. ഒത്തുതീര്‍പ്പിനേക്കാള്‍ ഗൗരവമുളള ഒട്ടേറെ ചോദ്യങ്ങള്‍ ആ സംഭവം ഉയര്‍ത്തുന്നുണ്ട് എന്ന തീര്‍പ്പില്‍ തന്നെയാണ് എത്തിച്ചേര്‍ന്നത്. 

കഥയിലേക്ക് കടക്കും മുമ്പ് ഒന്ന് പറയട്ടെ. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ ശരീരത്തില്‍ തൊട്ടാല്‍ ഞെട്ടിപ്പോകുന്ന ശരാശരി മലയാളിയെ സ്നേഹാംലിഗനത്തിലൂടെ ഷോക്കടിപ്പിച്ച തിരുവനന്തപുരം സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിക്കും വിദ്യാര്‍ഥിനിക്കും സ്നേഹാഭിവാദനങ്ങള്‍. ലൈംഗികതയുടെ ഭാഗമാകുമ്പോഴാണല്ലോ ആലിംഗനം അച്ചടക്കലംഘനമാകുന്നത്. ആലിംഗനം ചെയ്ത കുട്ടികളുടേത് അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയ അധ്യാപികയോടും സ്കൂള്‍ മാനേജ്മെന്റിനോടും കോടതിവിധിയോടും ചരിത്രത്തിലെ നിമിഷങ്ങള്‍ പറയുകയാണ്, മറന്നുപോയെങ്കില്‍ ഓര്‍മിപ്പിക്കുകയാണ്.

അന്തരിച്ച ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ പണ്ടൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചു. ചേരിചേരാപ്രസ്ഥാനത്തിന്റെ കാലമാണ്. ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയാണ് അന്ന് ഇന്ത്യാരാജ്യം ഭരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഒരു ചടങ്ങില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ വെച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫിദല്‍ കാസ്ട്രോ ആലിംഗനം ചെയ്തു. ഒരുവേള ഇന്ദിര പോലും പ്രതീക്ഷിക്കാത്ത ഊഷ്മളമായ ആലിംഗനം.

പേള്‍ ഹാര്‍ബറിലെ ആ പഴയ ചുംബനത്തിന്റെ ത്രസിപ്പിക്കുന്ന ചിത്രം നിങ്ങളോര്‍ക്കുന്നുവോ? നാവികനായ ജോര്‍ജ് മെന്‍ഡോണ്‍സയും നഴ്സായ ഗ്രീറ്റാ സിമ്മറും ചുംബിച്ചുനില്‍ക്കുന്നത്. രണ്ടാം ലോക മഹായുദ്ധം തീര്‍ന്ന പ്രഖ്യാപനത്തിന് പിന്നാലെ ടൈം സ്ക്വയറില്‍ നടന്ന ആഘോഷത്തിനിടെയായിരുന്നു ചരിത്രത്തിലേക്ക് കടന്നിരുന്ന മുന്‍പരിചയമില്ലാത്തവരുടെ നിഷ്കളങ്കമായ ആ ചുംബനം. 

ലിയാന്‍ഡര്‍ പെയ്സും സാനിയ മിര്‍സയും മിക്സഡ് ഡബിള്‍സില്‍ ഒരുമിച്ച് കളിച്ചിട്ടുളളത് നിങ്ങള്‍ക്കറിയുമോ? ഒരുപാട് മല്‍സരങ്ങള്‍ അവര്‍ വിജയിച്ചിട്ടുണ്ട്. വിജയാഹ്ലാദത്തില്‍ അവര്‍ ആലിംഗനം ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?ഉണ്ടെങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം വേണം. അവിടെയെവിടെയെങ്കിലും ലൈംഗികതയോ വഷളത്തമോ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഇല്ലല്ലോ. എങ്കില്‍ പിന്നെ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിയും, പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ഥിനിയും ഒരു മല്‍സരശേഷം ആലിംഗനം ചെയ്തപ്പോള്‍ ഏതാകാശമാണ് ഇടിഞ്ഞുവീണത്. അതോ ഇന്ദിരയും ഫിദലും തമ്മിലുളള ആലിംഗനത്തില്‍ സംസ്കാരധ്വംസനം കാണുന്നവരാണോ നിങ്ങള്‍. ആണെങ്കില്‍ നിങ്ങളെ ചികിത്സിച്ചു നന്നാക്കാനാവില്ല, അല്ലെങ്കില്‍ നന്നാവാന്‍ നിങ്ങള്‍ക്ക് ചുരുക്കം അവസരങ്ങള്‍ ലഭിച്ചേക്കാം. 

തിരുവനന്തപുരത്തെ ഒരു സ്വകാര്യകോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. അടുത്തിടപഴകുന്നുണ്ട്. ഒരു ചാരിറ്റി ഷോയുടെ റിഹേഴ്സലിലാണവര്‍. വാടകവീട്ടിലാണ്. മാതാപിതാക്കളുടെയോ, അധ്യാപകരുടെയോ നിരീക്ഷണത്തിലല്ല. കുറച്ച് സമയം അവിടെ ചിലവഴിച്ച് പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് വീടിന് മുകളില്‍ ആകാശം ഇടിഞ്ഞുവീണതോ, കാക്ക മലര്‍ന്ന് പറക്കുന്നതോ കാണാന്‍ കഴിഞ്ഞില്ല. അവരങ്ങനെ ആരോഗ്യകരമായി ജീവിതത്തെ പോസിറ്റീവാക്കുന്നു. ചിലപ്പോള്‍ പ്രേമിച്ചേക്കാം, അതിനെന്താണ്? കൗമാരം മുതല്‍ പ്രണയമുണ്ടല്ലോ. ഒരേ സ്കൂളിലോ, കോളജിലോ പഠിക്കുന്നവര്‍ പ്രേമിക്കുകയും വിവാഹം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ കേരളത്തിലും ഒരു പുതിയ കാര്യമല്ലല്ലോ.

ഇനി പറയട്ടെ. തിരുവനന്തപുരത്തെ പുകള്‍പെറ്റ സ്വകാര്യസ്കൂളിന്റെ പിന്തിരിപ്പന്‍ നടപടി ഞെട്ടിച്ചതേയില്ല. ശരാശരി കേരളീയന്റെ ദൈനംദിന ജീവിതത്തെ കുരുക്കിട്ട് പിടിച്ചുനിയന്ത്രിക്കുന്ന അതേ അശ്ലീലമായ സദാചാരമാണ് കേരളത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജ്മെന്റുകള്‍ക്കുമുളളത്. നോക്കൂ, സദാചാരമെന്ന വാക്ക് പോലും പരിഹാസ്യമാക്കിയതില്‍ ഒളിഞ്ഞുനോട്ടത്തില്‍ അധിഷ്ടിതമായ ഫ്രസ്ട്രേറ്റഡ് മലയാളിമനസുകള്‍ക്ക് നിര്‍ണായകമായ റോളുണ്ട്.സ്നേഹത്തോടെയായിരിക്കാം പലപ്പോഴും കുട്ടികള്‍ എന്ന് വിളിക്കുന്നത്. പക്ഷെ, അത് അവരുടെ അടിസ്ഥാനമനുഷ്യാവകാശലംഘനത്തിനുളള അവസരമാക്കരുത്. അങ്ങനെയാക്കിയിട്ടുണ്ട്. സെന്റ് തോമസ് സ്കൂളിലെ സംഭവത്തിലും ഈ ശിശുവത്കരണമുണ്ട്. 

ശരിയാണ് പതിനെട്ട് വയസിലല്ലേ വോട്ടവകാശം. പെണ്ണിന് പതിനെട്ടിലും, ആണിന് 21 വയസിലുമല്ലേ വിവാഹത്തിനുളള അനുമതി. 23 വയസാണല്ലോ മദ്യപിക്കാനുളള പ്രായം. അതൊക്കെ ശരിതന്നെ. അങ്ങനെയെങ്കില്‍ നിയമപരമായ പ്രായമെത്തിയാല്‍ നിങ്ങള്‍ക്ക് എല്ലാ പ്രിവിലേജും ലഭിക്കണമല്ലോ. അത് ലഭിക്കുന്നുണ്ടോ?

നിയമപ്രകാരം പ്രായപൂര്‍ത്തിയായാലും സ്വന്തമായി ഇണയെ തീരുമാനിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു പഴഞ്ചന്‍ ജനതയാണ് നമ്മുടേതെന്ന് ഓര്‍ക്കാതെയല്ല ഈ വിമര്‍ശനം. പക്ഷെ കേരളം പക്വതയാര്‍ജിക്കണമെങ്കില്‍ ഈ വിഷയങ്ങളൊക്കെ അഡ്രസ് ചെയ്യപ്പെട്ടേ തീരൂ. അല്ലെങ്കില്‍ ഒളി‍ഞ്ഞുനോട്ടക്കാരുടെയും ലൈംഗികമനോരോഗികളുടെയും നാടായി നമ്മുടെ നാട് തുടരും. ഈ രണ്ട് കൂട്ടരെയും നിങ്ങള്‍ക്ക് കേരളത്തിലെവിടെയും കാണാം. അവരാണ് മഹാഭൂരിപക്ഷവും.

സംശയമില്ല. പുതിയ കാലത്തിന് വേണ്ടി വിദ്യാര്‍ഥികളെ സജ്ജരാക്കേണ്ട വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പഴയകാലത്തിന്റെ നാറിയ ചുറ്റുവട്ടങ്ങളില്‍ പതുങ്ങിക്കിടക്കുകയാണ്. അതിന് എയ്ഡഡെന്നോ അണ്‍ എയ്ഡഡെന്നോ വകഭേദമില്ല. വിക്ടോറിയന്‍ സദാചാരത്തിന്റെ വാതിലുകള്‍ തുറന്നാണ് വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. സദാചാരമെന്ന പേരില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാഭാവികതകള്‍ മറ്റാരെങ്കിലും അനുഭവിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളാണ് വിദ്യാലയങ്ങളുടെ അന്തരീക്ഷത്തിലെങ്ങും. നിങ്ങളിപ്പറയുന്ന സദാചാരം മുഖക്കുരു പോലെയുളള ഒരു രോഗമാണ്. അതിടക്കിടെ പൊട്ടിയൊലിക്കുന്നതാണ്.

നമ്മുടെ വിദ്യാര്‍ഥികളെ നമ്മുടെ സ്കൂളുകള്‍ എത്രമാത്രം പാരമ്പര്യത്തിന്റെ തടവറകളില്‍ അടക്കുന്നുവെന്നത് അച്ചടക്കത്തിന്റെ മതിലുകളുടെ കാഠിന്യമറിയുന്ന വിദ്യാര്‍ഥികള്‍ക്ക് കൃത്യമായറിയാം.ഉത്തമപൗരന്‍മാരെ സൃഷ്ടിക്കുമെന്നാണ് എല്ലാ സ്കൂളുകളുകളുടെയും പരസ്യവാചകം. സന്തോഷത്തിന്റെ ഒരു നിമിഷത്തില്‍ ആലിംഗനം ചെയ്ത വിദ്യാര്‍ഥികളെ കണ്ട് ആര്‍ഷഭാരത സംസ്കാരം തകര്‍ന്നുെവന്ന് വിലയിരുത്തിയ അധ്യാപകരൊക്കെയാണ് ഈ ഉത്തമപൗരസങ്കല്‍പ്പത്തിന്റെ റോള്‍ മോഡലുകള്‍. അതോര്‍ക്കുമ്പോള്‍ സഹതപിക്കണോ, സങ്കടപ്പെടണോയെന്ന് പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല.

പഠിക്കാന്‍ മാത്രം സ്കൂളില്‍ പോയിരുന്നത് നിങ്ങളുടെ കാലത്താണ് സര്‍. ഇന്നത് സൗഹൃദത്തിനും സാമൂഹ്യാവബോധത്തിനും ഇനി സ്വാഭാവികമായി സംഭവിക്കുന്നതാണെങ്കില്‍ പ്രേമിക്കാന്‍ വേണ്ടിക്കൂടിയാണ്. നമ്മുടെ കുട്ടികളെ വാര്‍പ്പുമാതൃകകളുടെ റാങ്ക് പട്ടികയില്‍ പ്രതിഷ്ടിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് അധ്യാപകരുടേതാണ്. എല്ലാ അധ്യാപകരും അങ്ങനെയാണെന്നല്ല. എങ്കിലും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒരുപാടൊരുപാട് പേര്‍ അങ്ങനെയാണ്.

ബാലമോഹന്‍ ഇപ്പറ‍ഞ്ഞ ടീച്ചറെപ്പോലുളളവരുടെ എണ്ണം കുറവാണ്. ഇനിയുണ്ടെങ്കിലും ആണും പെണ്ണും അടുത്തിരുന്നാല്‍ കുട്ടിയുണ്ടാകുമെന്ന് കരുതുന്നവരുടെ ആധിക്യത്തിന് മുന്നില്‍ നിശബ്ദരാകും.പൊതുബോധത്തിന്റെ മഹാപരിമിതികളെ കോടതികള്‍ ജനാധിപത്യപരമായി മറികടക്കുമെന്ന് കരുതുന്നത് അതിമോഹമാണെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ടാണ് ആളുകള്‍ കോടതികളിലഭയം പ്രാപിക്കുന്നത്. ലിംഗനീതിക്കും വ്യക്തിസ്വാതന്ത്ര്യത്തിനപ്പുറത്ത് മറ്റ് പലതിനുമാണ് ഇപ്പോഴും കോടതികള്‍ പ്രഥമപരിഗണന നല്‍കുന്നതെന്നറിയുമ്പോള്‍ ചുമ്മാ നിരാശപ്പെട്ട് പോകും. അന്തസും ആഭിജാത്യവും നീതിക്ക് മാനദണ്ഡമാകുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും.

ഈ വിഷയത്തെ കേവലമൊരു അച്ചടക്കലംഘനത്തിന്റെ വ്യാപ്തിയില്‍ ചര്‍ച്ച ചെയ്യുന്നത് തന്നെ നീതികേടാണ്. വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റാഗ്രാമക്കൗണ്ടും മറ്റും ഹാക്ക് ചെയ്യുക, അത് തെളിവായി ഹാജരാക്കുക. കുറ്റം ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്തത് സ്കൂളധികൃതരാണ്.അടിസ്ഥാനപരമായ പ്രശ്നം അത് തന്നെയാണ്. പെണ്‍കുട്ടി ഒരു പ്രശ്നമാണ്. ഹാവിങ് സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് സിനിമയില്‍ കേള്‍ക്കുമ്പോള്‍ കയ്യടിക്കുന്നവര്‍ക്ക് പോലും പെണ്‍കുട്ടി ഇന്നും വലിയ കണ്‍സേണാണ്. ഇവിടെയും അത് തന്നെ. പെണ്ണിന്റെ ഭാവിയാണ് പ്രശ്നം.നമ്മുടെ വിദ്യാര്‍ഥിസംഘടനകളെയും സംഭവമുണ്ടായ സ്കൂളിലെ വിദ്യാര്‍ഥികളെയും കുറിച്ച് കൂടി ഒരുവാക്ക് പറയാതെ അവസാനിപ്പിക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയെ അപലപിച്ച സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പാണ്. പ്രത്യേകിച്ച് എസ് എഫ് ഐയുടേത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ സദാചാരം ഹോള്‍സെയിലായി വില്‍ക്കുന്നത് അവരാണ്. പിന്നെ, സഹപാഠികള്‍. ഇത്രയും അപലപനീയമായ സംഭവം സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടും ഒരു മുദ്രാവാക്യം വിളി പോലും സ്കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നുയര്‍ന്നില്ല. അവര്‍ സൃഷ്ടിക്കാനിരിക്കുന്ന കേരളത്തെയും ഇന്ത്യയെയും കുറിച്ച് ആശങ്കപ്പെടാതെ നിവൃത്തിയില്ല.

അതുകൊണ്ട് തിരുവനന്തപുരം സ്കൂളിലെ പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നത് കൊണ്ട് ഫുള്‍സ്റ്റോപ്പ് ഇട്ടത് പോലെ അവസാനിക്കുന്നതല്ല ഈ പ്രശ്നം. അവരുയര്‍ത്തിയ ചോദ്യങ്ങള്‍ അങ്ങേയറ്റം പ്രസക്തമാണ്. സ്കൂളുകളെക്കുറിച്ചും, അധ്യാപകരെക്കുറിച്ചും, കേരളത്തിന്റെ മൊത്തം സദാചാരവ്യാകുലതകളെക്കുറിച്ചുമുളള ചോദ്യങ്ങളാണ് അവരുയര്‍ത്തിയത്. അത്തരം ചോദ്യങ്ങളില്‍ നിന്ന് എത്ര ഒഴിഞ്ഞുമാറിയിട്ടും കാര്യമില്ല. വര്‍ഷം കുറെ കഴിഞ്ഞേക്കാമെന്നേയുളളൂ. ലിംഗഭേദമില്ലാതെ സ്നേഹത്തെയും സൗഹൃദത്തെയും ഒരുനാള്‍ ആലിംഗനം ചെയ്യുക തന്നെ വേണ്ടിവരും.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.