വികാരങ്ങൾ നഷ്ടപ്പെട്ട് തോറ്റ ജനത

ഒാഖി വീശിക്കടന്ന് നാശം വിതച്ച കടൽതീരത്തു നിന്നാണ് ഇന്നത്തെ ചൂണ്ടുവിരൽ. അൽപം വൈകിയെങ്കിലും വന്നത് മറ്റൊരു കാര്യം പറയാനാണ്, ഒാഖിയെക്കുറിച്ച്, ദുരന്തത്തെക്കുറിച്ച് തന്നെ പറയുകയാണ്, പക്ഷെ കുറ്റക്കാരെ കണ്ടെത്തുകയല്ല ലക്ഷ്യം. 

നാണക്കേടുണ്ട്. ഇങ്ങനെ പറയേണ്ടിവരുമെന്ന് കരുതിയതേയല്ല. പറയാതെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്. ഓഖിയുടെ ആഘാതത്തില്‍ നിന്ന് കേരളം കരകയറിയെന്ന് പറയുന്നത് ഒട്ടും ശരിയല്ല. കേരളത്തിന് ഒരാഘാതവും ഏല്‍പിക്കാതെയാണ് ഓഖി വന്ന് പോയത്. ആഘാതമത്രയും കടലോരത്തായിരുന്നു. കടലോരത്ത് മാത്രം. ആ കാറ്റില്‍ നിന്ന് നനഞ്ഞത് തീരജനത മാത്രമായിരുന്നു. അവര്‍ മാത്രമായിരുന്നു. കടലോരം കേരളത്തിലാണെന്ന് തോന്നിയതേയില്ല. തീരത്തെ മനുഷ്യര്‍ മലയാളികളാണെന്നും തോന്നിയില്ല. കാരണം മുഖ്യധാരയിലെ കേരളത്തിന് ഒരു സങ്കടവുമുണ്ടായിരുന്നില്ല ആ ദിവസങ്ങളില്‍. ആ ഒരൊറ്റ കാര്യമാണ് ഈയാഴ്ച പങ്കുവെക്കാനുളളത്. എന്റെ കേരളം ഇത്രയും വംശീയമാണെന്ന കുറ്റബോധമാണ് ഇത് പറയിക്കുന്നത്. ദുരുന്തം വീശിയടിച്ചപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതിരുന്ന ഞാനുള്‍പെടുന്ന സമൂഹത്തിന് വേണ്ടിയുളള ഒരു ക്ഷമാപണം കൂടിയാണിത്.

നിങ്ങളോര്‍ക്കുക. ഇതുപോലൊരു ദുരന്തം സമീപകാലത്തെങ്ങാനുമാരേലും കേട്ടിട്ടുണ്ടോ, അനുഭവിച്ചിട്ടുണ്ടോ? എന്നിട്ടും കേരളം എങ്ങനെയാണ് പ്രതികരിച്ചത്. 

ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല മരണസംഖ്യ. എഴുപത് കവിഞ്ഞിരിക്കുന്നു. മുന്നൂറിലധികം പേര്‍ തിരിച്ചുവരാനുണ്ടെന്ന് ഒൗദ്യോഗികവും അനൗദ്യോഗികവുമായ കണക്കുകള്‍. എന്നിട്ടും കേരളത്തില്‍ ഒന്നും സംഭവിച്ചില്ല. 

മൂന്നരക്കോടി മാത്രം ജനസംഖ്യയുളള കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇത്രയധികം ആളുകള്‍ മരണപ്പെടുന്നത് വലിയ ദുരന്തമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഇത്രയധികം ആളുകള്‍ ഇനിയും മടങ്ങിവരാനുണ്ട്. എവിടെയായിരുന്നു മലയാളിയുടെ സഹജീവിയോടുളള സ്നേഹം. 

ഇതിങ്ങനെ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. കാരണം അത്ര കുറ്റകരമായിരുന്നു കേരളത്തിന്റെ നിസംഗത. കടലോരത്തെ മനുഷ്യര്‍ നമ്മളെപ്പോലെ മലയാളം പറയുന്നവരാണെന്ന് മനസിലാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. 

സത്യം. പുതിയ കാലത്തെ മലയാളിയുവത്വം പ്രതീക്ഷ നല്‍കുന്നുവെന്നായിരുന്നു കരുതിയിരുന്നത്. തെറ്റിപ്പോയി. തോല്‍വിയാണവര്‍. ഒന്നാന്തരം തോല്‍വി. കേരളത്തിലെ കാമ്പസുകള്‍ ദുരന്തമറിഞ്ഞിട്ടും ചലിച്ചില്ല. അറിഞ്ഞ മട്ടുപോലും കാണിച്ചില്ല. ഒരു വിദ്യാര്‍ഥിസംഘടനയും അനുശോചനപ്രകടനം നടത്തിയതായി കേട്ടില്ല. മരണപ്പെട്ടവരുടെയും, കാണാതായവരുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്നൊരു പോസ്റ്റര്‍ കേരളത്തിലെ ഏതെങ്കിലും കോളജ് കാമ്പസില്‍ പതിക്കപ്പെട്ടതായി ആരും പറഞ്ഞുകേട്ടില്ല. കറുത്ത ബാഡ്ജ് ധരിച്ച ആരെയും എങ്ങും കണ്ടില്ല. അതെന്താണ് ഈ മരിച്ചവരാരും നമ്മുടെ ആരുമായിരുന്നില്ലേ.

പലസ്തീനിലെ ഇസ്രയേല്‍ ആക്രമണം വല്ലതുമായിരുന്നെങ്കില്‍ നമ്മള്‍ പ്രതികരിക്കുമായിരന്നു. നിശ്ചയം. അത് പാടില്ലെന്നല്ല. അനിവാര്യമാണ്. പക്ഷെ, ഈ മനുഷ്യര്‍ നമ്മുടെ വിളിപ്പുറത്തുളളവരാണ്.

ഇതൊരല്‍പം വിശദമായി പറയും. കേരളത്തിലെ കലാസാംസ്കാരിക മേഖലകളിലെ ക്രീമാണ് തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനെത്തുന്നത്. മനുഷ്യസ്നേഹികള്‍. അല്ലെങ്കില്‍ അങ്ങനെയാണ് വയ്പ്. ഞാനടക്കം പലവട്ടം പോയിട്ടുണ്ട് ചലച്ചിത്രോത്സവത്തിന്. രാജ്യാന്തരരാഷ്ട്രീയ ചലനങ്ങള്‍ മുന്‍പ് ചലച്ചിത്രോത്സവത്തെ ഇളക്കിമറിച്ചിട്ടുണ്ട്. ദുരന്തം പരിഗണിച്ച് സര്‍ക്കാര്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിച്ചിരുന്നു. പക്ഷെ, ബുദ്ധിജീവിതത്തിന്റെ ആഘോഷത്തിനിടയില്‍ ഒരു ജനത അതിജീവനത്തിനായി പോരാടുകയാണെന്ന് ഡെലിഗേറ്റുകള്‍ അറിഞ്ഞില്ല.

മനുഷ്യന്റെ സഹനത്തിന്റെയും ദുരിതത്തിന്റെയും കാഴ്ചകളായിരിക്കും ചലച്ചിത്രോത്സവത്തിലെ സിനിമകളില്‍ നല്ല പങ്കും. വിളിപ്പാടകലെയുളള മനുഷ്യന്റെ ദുരിതവും സഹനവും ഒന്നു പോയി നോക്കാന്‍ മനസില്ലാത്തവര്‍ തീയേറ്ററുകളിലിരുന്ന് ലോകസിനിമയുടെ ചൂടറിഞ്ഞു. ഓപ്പണ്‍ ഫോറങ്ങളിലിരുന്ന് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വാചകമടിച്ചു. 

വിപ്ലവം നവമാധ്യമങ്ങളിലൂടെ വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട് മലയാളികള്‍. നിര്‍ഭയക്കും ജിഷക്കും വേണ്ടി നമ്മുടെ ഫെയ്സ്ബുക്ക് പേജുകളില്‍ ഐക്യദാര്‍ഢ്യം നിറഞ്ഞുകവിഞ്ഞിരുന്നു. നല്ലത് തന്നെ, വേണ്ടത് തന്നെ. പക്ഷെ ഇവിടെ. നമ്മുടെ നാട്ടുകാരാണ് കടലില്‍ ഒഴുകിനടക്കുന്നത്. നമ്മുെട സഹോദരങ്ങളുടെ ശരീരമാണ് കടല്‍ജീവികള്‍ ആഹാരമാക്കിക്കൊണ്ടിരിക്കുന്നത്. 

ആത്മപരിശോധന ആവശ്യമായ വിഷയമാണിത്. ജാതിവ്യവസ്ഥ ഇല്ലാത്ത മതം എന്ന അവകാശവാദം എത്രമാത്രം ശരിയാണെന്ന് ആത്മപരിശോധന നടത്തേണ്ട സമയം.

വെറുതെ ആലോചിച്ചുനോക്കുക. പ്രത്യക്ഷത്തിലില്ലെങ്കിലും അയിത്തവും തീണ്ടലുമൊക്കെ ക്രൈസ്തവര്‍ക്കിടയിലും പരോക്ഷജീവിതം നയിക്കുന്നുണ്ടോയെന്ന് വെറുതെ ആലോചിച്ചു നോക്കുക. അത്ര സുഖകരമായിരിക്കില്ല നമ്മളെത്തിച്ചേരുന്ന ഉത്തരം.

അതെ അതുതന്നെയാണ് കേരളത്തിന് അനാഥരായ തീരദേശവാസികളുടെ വേദന ഹൃദയത്തിലേറ്റുവാങ്ങാന്‍ കഴിയാതിരുന്നത്. അവര്‍ പിന്നോക്കക്കാരായതുകൊണ്ട്. എഴുപത് മരണങ്ങള്‍ക്ക് കേരളത്തിന് കാവലിരിക്കാന്‍ കഴിയാതിരുന്നത്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന മരണസംഖ്യയില്‍ ഉരുകുന്ന ഉറ്റവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാത്തത്. ആദിവാസികളെയും ദളിതരെയും പോലെ കീഴാളരായത് കൊണ്ടാണ് മത്സ്യത്തൊഴിലാളിയെ നമുക്ക് സഹജീവിയായി തോന്നാത്തത്.

നമുക്ക് മീന്‍ വേണം. അതെവിടെനിന്ന് വരുന്നെന്നോ, എങ്ങനെ വരുന്നെന്നോ നമ്മളന്വേഷിക്കില്ല. മീൻകറി കൂട്ടി ഉണ്ണണം. കടലില്‍ പോയി വലയെറിഞ്ഞ്, മീന്‍ പിടിച്ച് കരയിലെത്തിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്ന മത്സ്യത്തൊഴിലാളിയെ വേണ്ട. 

നമ്മുടെ തീന്‍മേശകളെ ചാളക്കറികൊണ്ട് അലങ്കരിക്കാന്‍ പോയവരെയാണ് കടലെടുത്ത് ചുഴറ്റിയത്. അവരെയാണ് നമ്മള്‍ ഓര്‍മിക്കാന്‍ മറന്നത്. സത്യമായും കേട്ടതാണ്. കടലിലെ മീനുകള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നത് കൊണ്ട് കുറച്ചുനാളത്തേക്ക് മീന്‍ വാങ്ങരുതെന്ന് ഉപദേശിച്ചിരിക്കുന്നു ഒരു കൂട്ടുകാരന്‍. എന്നിട്ടും ഒഴുകിനടക്കുന്ന ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരികെവരുമെന്ന് കാത്തിരിക്കുന്ന ഉറ്റവരുടെ സങ്കടക്കടല്‍ കാണാന്‍ നമുക്ക് കഴിയുന്നില്ല.

കഥയിലൂടെയും കവിതയിലൂടെയുമെല്ലാം പ്രതികരിക്കുന്ന നമ്മുടെ കലാകാരന്‍മാരാവിടെയാണ്. ഒരു തുളളി കവിത പോലും അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഉണ്ടാവുന്നില്ലല്ലോ കേരളമേ? കാരണമിതാണ്. കടലിനെയോ, കടലിന്റെ മക്കളെയോ നമ്മള്‍ ഗൗരവത്തിലെടുത്തിട്ടില്ല. അവര്‍ നമുക്കൊപ്പമുളളവരല്ല. നമുക്കൊപ്പമിരിക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്ന് നാം ധരിച്ച് വിശ്വസിക്കുന്നു.

ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ നാണക്കേടാണന്ന് കരുതുന്ന ഒരു തലമുറയെ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. കേരളത്തിന്റെ മനസിലെ സവര്‍ണബോധമാണ് അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്.

വംശീയതക്കെതിരെ പ്രസംഗിക്കുന്ന മലയാളിയുടെ ഉളളിലുറങ്ങിക്കിടക്കുന്നത് വംശീയതയല്ലാതെ മറ്റൊന്നുമല്ല. അല്ലെങ്കിലെന്തുകൊണ്ടാണ് കേരളത്തിന് എഴുന്നേറ്റ് നിന്ന് ഈ സങ്കടക്കടല്‍ ഏറ്റുവാങ്ങാനും അവരെ സമാശ്വസിപ്പിക്കാനും കഴിയാത്തത്. 

കടല്‍ നമുക്കൊന്നുമല്ല. അല്ലെങ്കില്‍ കടല്‍ നമുക്കൊരു കേവലകൗതുകം മാത്രമാണ്. കാറ്റുകൊള്ളാന്‍ ഒരിടം. മീന്‍ കിട്ടുന്ന ഒരു വെറുമിടം. മത്സ്യത്തൊഴിലാളികളുടെ അറിവൊന്നും നമുക്കറിവല്ല. കടലനുഭവിക്കുന്നവരെക്കാള്‍ കടലിനെക്കുറിച്ച് അറിവുളളത് മറ്റാര്‍ക്കാണ്. പക്ഷെ അതംഗീകരിച്ചാല്‍ അവരെ മോശക്കാരാക്കി അവഗണിക്കാനാവില്ലല്ലോ.

ഇനി നിങ്ങളൊന്ന് ആലോചിച്ച് നോക്കുക. ഇതിന്റെ നാലിലൊന്ന് ആഘോതമേല്‍പിക്കുന്ന ഒരു ദുരന്തം സംഭവിച്ചത് തീരത്തായിരുന്നില്ലെങ്കിലോ. കേരളം എങ്ങനെ ഇളകിമറിയുമായിരുന്നു. 

ആര് മുന്നറിയിപ്പ് നൽകി, ആര് നൽകിയില്ല, എങ്ങനെ നേരിട്ടു, നേരിട്ടില്ല, ഇതെല്ലാമാണ് ചർച്ചകൾ. പക്ഷെ നമ്മളെ ആശങ്കപ്പെടുത്തുന്നത് മറ്റൊന്നാണ്. കേരളത്തിന് ഇൗ ദുരന്തത്തെക്കുറിച്ചോർത്ത് ഒന്ന് സങ്കടപ്പെടാനായില്ല. മരിച്ചവരെയോർത്ത്, അവരുടെ കുടുംബത്തെയോർത്ത്. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ, നമ്മുടേത് ഒരു തോറ്റ ജനതയാണ്. നമുക്ക് മുന്നിലുള്ളത് ഇരുട്ടാണ്, ഇരുട്ട് മാത്രം.