ഭിന്നശേഷിക്കാരോട് കേരളം നീതി പുലർത്തുന്നുണ്ടോ?

Thumb Image
SHARE

ഭിന്നശേഷിയുളള കുട്ടികള്‍ക്കൊപ്പമാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍. വിഷയം പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ഇപ്പോഴും നിശ്ചയമില്ല. എങ്കിലും ഇനിയും ഇത് പറയാന്‍ വൈകരുതെന്ന കാര്യത്തില്‍ ഉത്തമബോധ്യമുണ്ട്. കാരണം ഭിന്നശേഷിയുളള കുട്ടികള്‍ക്കൊപ്പം നില്‍ക്കാനും കവചമൊരുക്കാനും നമുക്ക് കഴിയുന്നില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളല്ല, സമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി നിന്നുളള കരുതലാണ് അവര്‍ക്ക് വേണ്ടത്. സഹതാപമര്‍ഹിക്കുന്ന ജീവികളൊന്നുമല്ല ഇവര്‍. നമ്മളെപ്പോലെ മനുഷ്യരാണ്.

ഭിന്നശേഷിക്കാരെന്ന വിശേഷണത്തിന് രാഷ്ട്രീയമായ ഒരു തകരാറുണ്ട്. ബുദ്ധിപരമായതും അല്ലാത്തതുമായ വെല്ലുവിളികള്‍ നേരിടുന്നവരെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ ലഭ്യമായ വാക്കാണതെന്ന കാര്യത്തില്‍ സംശയമില്ല. അത് പക്ഷെ, നമ്മുടെ ശേഷിയെ അടിസ്ഥാനപ്പെടുത്തി നമ്മളുണ്ടാക്കിയ പ്രയോഗമാണ്. 

നിലവില്‍ ശേഷിയുടെ കാര്യത്തില്‍ നമ്മളുടെ ശേഷിയാണ് അളവുകോല്‍. അങ്ങനെയെങ്കില്‍ നമുക്കൊരു ഉത്തരവാദിത്വമില്ലേ? ഇത്രയും ശേഷിയുളള നമുക്ക്, പ്രത്യക്ഷത്തില്‍ നിസഹായരായ ഈ മനുഷ്യരെ, അവരുടെ വീഴ്ചയില്‍ താങ്ങിനിര്‍ത്താനുളള ബാധ്യത കൂടി ഏറ്റെടുക്കണം. കാരണം അത്രക്ക് ദയനീയമാണ് സ്ഥിതി.

പുറത്തിറങ്ങി നടക്കുമ്പേോള്‍ അബദ്ധത്തില്‍ മുന്നില്‍പെട്ടുപോകുന്ന ഭിന്നശേഷിയുളളവരെയോര്‍ത്ത് സഹതപിക്കാറുണ്ട് നമ്മള്‍. ഒരര്‍ഥത്തില്‍ നോക്കിയാല്‍ അതൊരു മാറ്റമാണ്. അവരെ അകറ്റിനിര്‍ത്തുകയും ഉപദ്രവിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് മാത്രം കാര്യമായില്ല. അത്രക്കധികമുണ്ട് ഈ മനുഷ്യര്‍ കേരളത്തില്‍. പലതരത്തിലുളള ഭിന്നശേഷികളോടെ കേരളത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കാര്യമൊയൊരു ധാരണയുണ്ടായിട്ട് അധികകാലമായിട്ടില്ല. ആകെയുളള മൂന്നരക്കോടി ജനങ്ങളുടെ ഏതാണ്ട് മൂന്ന് ശതമാനം, പത്ത് ലക്ഷത്തോളം. അവരില്‍ മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ കാര്യമാണ് തീര്‍ത്തും നിസഹായം. 

ഏറ്റവും പ്രധാനപ്പെട്ടതൊന്നുണ്ട്. ഏത് വീട്ടിലും ഏത് തലമുറയിലും ഉണ്ടാകാം ഭിന്നശേഷിയുളള ഒരു കുട്ടി. ജാതിമതസാമ്പത്തിക ഭേദമില്ലാതെ. അതുകൊണ്ട് ഇത് മറ്റാരുടെയെങ്കിലും പ്രശ്നമാണെന്ന് കരുതരുത്. ആരുടെ കുടുംബത്തിലുമുണ്ടാകാം. നമുക്ക് ഒപ്പം ചേര്‍ന്ന് താങ്ങാനേ കഴിയൂ. അതനുഭവുിക്കുന്നവരുടെ വേദനക്ക് സമാനതകളില്ല. നമുക്കത് മനസിലാവുകയുമില്ല.

അങ്ങനെയൊരാളാണ് അശോകന്‍. അശോകന്റെ മകനും മകളും ഭിന്നശേഷിയുളളവരാണ്. അശോകനും ഭാര്യയും മക്കളുമനുഭവിക്കുന്ന പ്രായോഗികവും മാനസികവുമായ പ്രശ്നങ്ങളോട് നമുക്ക് ചേര്‍ന്ന് നില്‍ക്കാം. പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി. ആ കുട്ടികളെയും സ്വന്തം ജീവിതവും കൈവിടാതെ, ഉലഞ്ഞുവീഴാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് എന്റെ വക ഒരു സല്യൂട്ടും.

പിന്നെയുമുണ്ട് ദുഃഖഭരിതരായ രക്ഷിതാക്കള്‍. ഓരോരുത്തരുടെയും ജീവിതപരിസരം വ്യത്യസ്തമാണെങ്കിലും അനുഭവത്തിന്റെ തീക്ഷ്ണത ഏതാണ്ടൊരുപോലെയായിരിക്കും. പ്രത്യക്ഷത്തില്‍ പൊതുസമൂഹം ഇവരെയാരെയും ഒറ്റപ്പെടുത്തുന്നില്ല എന്നത് ശരിയാണ്. പക്ഷെ, പ്രയോഗത്തില്‍ അവര്‍ ഒറ്റക്കാണ്. വേദനതിങ്ങുന്ന ഒറ്റപ്പെടല്‍. 

അത്ര വലിയ വേദന തിന്നാണ് ഇവര്‍ ജീവിക്കുന്നത്. ആശങ്കയിലാണ് ഓരോ ദിവസവും തളളിനീക്കുന്നത്. നിരാലംബരും നിസഹായരുമായ മക്കളൊറ്റക്കാകുന്ന ദിവസം രാത്രിയെന്നും പകലെന്നുമില്ലാതെ അവരുടെ പേടിസ്വപ്നങ്ങളായി അവരെ നിരന്തരം വേട്ടയാടുന്നു. മാതാപിതാക്കള്‍ മരണപ്പെടുന്നതോടെ അനാഥരാകുന്ന ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ കേരളത്തിലാകെ രണ്ട് സ്ഥാപനങ്ങളേയുളളൂ. 

തങ്ങള്‍ മരിക്കുന്നതിന് മുമ്പ് മക്കള്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കേരളത്തില്‍ ജീവിച്ചിരിക്കുന്നു. അത് പൂര്‍ണമായും നമുക്ക് മനസിലായേക്കില്ലെങ്കിലും എങ്ങനെയാണ് അവഗണിക്കാനാവുക. അതും ഒന്നാം നമ്പര്‍ സംസ്ഥാനമെന്ന അവകാശവാദങ്ങളില്‍ ഇങ്ങനെ രമിച്ചുജീവിക്കുമ്പോള്‍. ആ അവകാശവാദത്തിന്റെ പൊളളത്തരം കൂടിയാണ് ഈ കുട്ടികളിങ്ങനെ ആലംബില്ലാതെ വലയുമ്പോള്‍ പ്രൗഡ് ടു ബി മലയാളികള്‍ക്ക് വെളിപ്പെടേണ്ടത്

സ്കൂള്‍ കാലത്തെ ഒരു പ്രതിജ്ഞ പലരും മറന്നിട്ടുണ്ടാവില്ല ഓരോ ഇന്ത്യക്കാരനും നമ്മുടെ സഹോദരീസഹോദരന്‍മാരാണെന്ന്. ഇന്ത്യ പോട്ടെ, കേരളത്തിലെ നമ്മുടെ സഹോദരീസഹോദരന്‍മാരുടെ പട്ടികയില്‍ തന്നെയാണ് ഈ കുട്ടികളുടെയും സ്ഥാനം. അത് മറക്കാതിരിക്കണം. അവരെയും രക്ഷിതാക്കളെയും മാത്രമല്ല. ഭിന്നശേഷിയുളള എല്ലാവര്‍ക്കും നിലവില്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. ആ രംഗത്ത് സര്‍ക്കാര്‍ തലത്തില്‍ ആകെയുളളത് ഒരേയൊരു സ്ഥാപനം. പൊതുവിദ്യാലയങ്ങളില്‍ അവര്‍ക്ക് പഠിക്കാന്‍ നിയമപരമായും തടസമില്ല എന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ കാര്യമായ പ്രശ്നങ്ങളില്ലാത്തവരുടെ കാര്യത്തില്‍ മാത്രമേ അത് സാധിക്കൂ. 

ബാക്കിയുളളവര്‍ക്ക് ആശ്രയമായുളളത് പലനിലവാരങ്ങളിലുളള സ്വകാര്യസ്ഥാപനങ്ങളാണ്. സ്പെഷ്യല്‍ സ്കൂളുകള്‍. പിന്നെ ഏതാനും ബഡ്സ് സ്കൂളുകള്‍. സാമ്പത്തികശേഷിയില്ലാതെ, സര്‍ക്കാരിന്റെ പിന്തുണയില്ലാതെ, പൊതുസമൂഹത്തിന്റെ അനുഭാവമില്ലാതെ ശ്വാസം മുട്ടുകയാണ് ഈ സ്ഥാപനങ്ങള്‍. കുറച്ച് സ്കൂളുകള്‍ക്ക് നാമമാത്രമായ ഗ്രാന്റ് കിട്ടുന്നുണ്ടെന്ന് മാത്രം ഇരുന്നൂറിലധികം സ്പെഷ്യല്‍ സ്കൂളുകള്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാരിന്റെ സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് കൊണ്ട് അവരെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കിയത് കേരളത്തിന് നാണക്കേടാണ്. 

സ്കൂള്‍ നടത്തുന്നവര്‍ ഒരു വേള ലാഭേച്ഛയില്ലാത്തവര്‍ തന്നെയായിരിക്കും. പക്ഷെ, അവര്‍ക്ക് ഇത്രയും കുട്ടികളെ പഠിപ്പിക്കാനും പരിപാലിക്കാനും കഴിയില്ലല്ലോ. അതിന് അധ്യാപകരും ആയമാരുമെല്ലാം വേണം. അവര്‍ക്ക് ശമ്പളം കൊടുക്കണം. അതെവിടെ നിന്ന് കൊടുക്കും. സര്‍ക്കാരും, പൊതുസമൂഹവും ചേര്‍ന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്താണെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായിട്ടില്ല.സ്പെഷ്യല്‍ സ്കൂളുകളിലെ ഭിന്നശേഷിയുളള കുട്ടികളെ പരിശീലിപ്പിക്കുന്നത് എത്ര ആയാസകരമാണെന്ന് ഒരുപക്ഷെ നമ്മള്‍ ചിന്തിച്ചിട്ടുണ്ടാവില്ല. പഠിപ്പി്കുകയും പരിപാലിക്കുകയും ചെയ്യുന്ന അധ്യാപകരുണ്ടെങ്കില്‍ അതിവരാണ് ഇവരാണ്, ഇവരാണ്.

അവരില്‍ ചിലരോട് ഞങ്ങള്‍ സംസാരിച്ചു. ഒരേസമയം സന്തോഷവും നിരാശയും തോന്നി. ഇത്രയും കഷ്ടപ്പെട്ട് മഹത്തായ ഈ ദൗത്യം അവരേറ്റെടുത്തതിനെച്ചൊല്ലിയായിരുന്നു സന്തോഷം. അവരെ ഞാനുള്‍പെടുന്ന സമൂഹവും, നമ്മള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരും വേണ്ട രീതിയില്‍ പരിഗണിക്കാത്തതിനെച്ചൊല്ലി നിരാശ. തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും പലരെയും നിഷ്കളങ്കരായ ഈ കുട്ടികള്‍ക്കിടയില്‍ പിടിച്ചുനിര്‍്തുന്നത് കുടുംബത്തിലും ജീവിതപരിസരത്തുമുളള സ്വാനുഭവങ്ങളാണ്.

പുതിയ നിയമനിര്‍മാണങ്ങളുടെയും നാടാകെ വളര്‍ന്നുവരുന്ന അവബോധത്തിന്റെയും ചുവട് പിടിച്ചാണ് 33 സ്പെഷ്യല്‍ സ്കൂളുകളെ എയ്ഡഡ് പദവിയിലേക്കുയര്‍ത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. പക്ഷെ, അന്തിമതീരുമാനം മാത്രം ഉണ്ടായില്ല. സ്പെഷല്‍ സ്കൂളുകളിലെ ജീവനക്കാരുടെ നിയമനത്തിന് മാനദണ്ഡങ്ങളുണ്ടാക്കുകയാണെന്നാണ് വിശദീകരണം. കാലതാമസം ഒരു തുളളി പോലും അങ്ങേയറ്റത്തെ നീതികേടാണ് എന്നുറപ്പുളള ഒരു വിഷയത്തിലെ കാലതാമസം പരമകഷ്ടമാണ്. എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് അപേക്ഷിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ.

ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുണ്ടായാല്‍ രക്ഷിതാക്കളിലൊരാള്‍ ജോലിക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. അവരെന്ത് ചെയ്യണമെന്നതിനെക്കുറിച്ച്, ആ കുടുംബം എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് കാര്യമായ ചിന്തകളൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഒന്നുകില്‍ അത്തരം അമ്മമാരുടെ കൂട്ടായ്മകളുണ്ടാക്കുകയോ, മറ്റെന്തെങ്കിലും തരത്തില്‍ അവരെ സാമ്പത്തികമായി സംരക്ഷിക്കുകയോ ചെയ്യുന്ന തരത്തിലുളള സംവിധാനമാണുണ്ടാകേണ്ടത്. സാമൂഹ്യസുരക്ഷയുടെ കാര്യത്തില്‍ യൂറോപ്പിനോടാണ് മല്‍സരിക്കുന്നതെന്ന് അഭിമാനിക്കുന്ന നമുക്ക് അത് പണ്ടേ കഴിയേണ്ടിയിരുന്നതാണ്. ആ വഴിക്ക് ചില ആലോചനകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട് എന്നതാണ് ചെറിയ ആശ്വാസം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം പതിനെട്ട് വയസ് കഴിയുന്ന ഭിന്നശേഷിക്കാരുടെ കാര്യമാണ്. നിലവില്‍ പതിനെട്ട് വയസ് വരെ മാത്രമാണ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് തുടരാനാവൂ. അതിന് ശേഷം അവരെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല. അവരെവിടെപ്പോകുമെന്ന് ആര്‍ക്കുമറിയില്ല. അതില്‍ ചെറുതല്ലാത്ത ശതമാനത്തിന് പല തരത്തിലുളള തൊഴിലെടുക്കാന്‍ കഴിയുന്നവരാണ്. അവര്‍ക്ക് പരിശീലനം നല്‍കാന്‍ തീര്‍ത്തും വിരളമായ സംവിധാനങ്ങളേയുളളൂ എന്നത് നിര്‍ഭാഗ്യകരമാണ്. 

തിരുവനന്തപുരത്തെ മാജിക് അക്കാഡമി നല്‍കുന്ന വലിയൊരു സന്തോഷമുണ്ട്. ഭിന്നശേഷിക്കാരായ കുറച്ചുപേര്‍ ഇന്നിവിടെ ശമ്പളക്കാരാണ്. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന ശിഹാബുദ്ദീനോട് സംസാരിച്ചു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ശ്രമങ്ങളാവട്ടെ, മിക്കവാറുമെല്ലാം പ്രാരംഭദിശയിലാണ്. ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം മുതല്‍ അവരുടെ നാളെ നാം വിലയിരുത്തുന്ന ശേഷിയില്ലാത്ത ഒരു കുട്ടി നമ്മുടെ വീടിലുമുണ്ടാവാം. 

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.