തെങ്ങും തേങ്ങയുമാണ് വിഷയം. അതേന്ന്. നമ്മുടെ തെങ്ങും തേങ്ങയും തന്നെ. കേരളമാകെ തലയുയര്‍ത്തി നില്ക്കുന്ന തെങ്ങുകളെക്കുറിച്ച് എന്താണ് ഇത്ര പറയാനുളളത് എന്നത് ന്യായമായ ചോദ്യം. തെങ്ങും തേങ്ങയും വിഷയമായതിന്റെ കാരണം ആദ്യം പറയാം. തേങ്ങക്കെന്തൊരു വിലയാണെന്നൊരു ആശങ്ക അന്തരീക്ഷമാകെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്റെ വീട്ടിലടക്കം. തേങ്ങക്കെന്തിത്ര വിലയെന്ന ചോദ്യത്തിന്റെ പരിസരത്ത് നിന്നാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍.
ഈ വിഷയം തിരഞ്ഞെടുത്തതില്‍ വലിയ രാഷ്ട്രീയമൊന്നും ആരോപിക്കാന്‍ നില്‍ക്കരുത്. ഇതൊരു നിഷ്കളങ്കമായ തിരഞ്ഞെടുപ്പാണ്. കാരണം തേങ്ങയെക്കുറിച്ചും തെങ്ങുകളെക്കുറിച്ചും നമ്മളാകെയോര്ക്കുന്നത് തേങ്ങക്ക് വില കയറുമ്പോഴാണ്. അല്ലെങ്കില്‍ ഒരു വിലയുമുണ്ടാവില്ല ഈ തെങ്ങിനും തേങ്ങകള്‍ക്കും. അതുകൊണ്ട് തെങ്ങുകളെക്കുറിച്ചും തേങ്ങകളെക്കുറിച്ചും കുറച്ച് പറയുകയാണ്.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്ഷികവിളകളിലൊന്നാണ് തേങ്ങയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അങ്ങനെയെങ്കില്‍ ഒരു സംശയം. കേരളത്തിന്റെ സ്വന്തം തേങ്ങക്ക് വില കൂടുമ്പോള്‍ നമ്മളെന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്. തേങ്ങക്കെന്തൊരു വിലയാണെന്ന് പരിഭവിക്കുന്നത്. അതെന്തൊരു ശരികേടാണ്. സന്തോഷിക്കുകയല്ലേ വേണ്ടത്.
അതെ, അതാണ് കാര്യം. കറിവെക്കാന്‍ തേങ്ങ വേണമെന്നല്ലാതെ തേങ്ങയോട് നമുക്കൊരു താത്പര്യവുമില്ല. ഇവിടെ തെങ്ങുകള്‍ കുറയുന്നുണ്ടോ, തെങ്ങിലാവശ്യത്തിന് തേങ്ങയുണ്ടോ, ഉണ്ടെങ്കില്‍ തന്നെ ഇപ്പോഴത്തെ തേങ്ങക്ക് പണ്ടത്തെ തേങ്ങയുടെ ഗുണമുണ്ടോ.... ഇതൊന്നും നമുക്ക് പ്രശ്നമല്ല, അന്വേഷിക്കാറില്ല, അറിയുകയുമില്ല.
കുറ്റ്യാടിയിലേക്ക് ഞങ്ങള്‍ പോയതിന് പലതുണ്ട് കാരണം. തേങ്ങകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മിക്കവാറും വരാറുളളത് കുറ്റ്യാടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നുമാണ്. ഞങ്ങളവിടെയൊരാളെ ആദ്യം കണ്ടുപിടിച്ചു. സുമേഷ്. തെങ്ങുകയറ്റക്കാരനാണ്. സഖാവാണ്. ഉശിരനാണ്.
സുമേഷിന് പറയാനുളളതൊക്കെ കേള്‍ക്കുന്നതിന് മുമ്പ് കേരളത്തിന് ഈ തേങ്ങ എന്താണെന്ന് ആദ്യം അറിയേണ്ടതുണ്ട്. ശരിക്കും പറഞ്ഞാല്‍ കേരളത്തിനെല്ലാമാണ് ഈ തേങ്ങ. പക്ഷെ, തെങ്ങ് നമ്മുടെ സ്വന്തമല്ല.
ശ്രീലങ്കയില്‍ നിന്നല്ല, മലേഷ്യയില്‍ നിന്നാണ് തെങ്ങ് കേരളത്തിന്റെ അടുക്കളപ്പുറത്ത് എത്തിയതെന്നും പറയപ്പെടുന്നുണ്ട്. പി കെ ബാലകൃഷ്ണന് തന്റെ പുസ്തകത്തില്‍ പറയുന്നത് അവലംബമാക്കിയാല്‍ കേരളത്തില്‍ വ്യവസ്ഥാപിതമായി തെങ്ങ് കൃഷി തുടങ്ങുന്നത് 19 ാം നൂറ്റാണ്ടിലാണ്. 16 ാം നൂറ്റാണ്ടിന് മുമ്പ് ഏറെയും മേല്‍ജാതിക്കാരുടെ പുരയിടങ്ങളില്‍ മാവും പ്ലാവും പോലെ വളര്‍ന്നു കായ്ക്കുന്ന ഒരു വീട്ടുവിഭവം എന്നതിനപ്പുറത്ത് ഒരു പ്രാധാന്യവും തെങ്ങിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. പോര്‍ച്ചുഗീസുകാരാണ് കേരളത്തിന്റെ ഐഡന്റിറ്റി എന്ന നിലയിലേക്ക് തെങ്ങിനെ വളര്‍ത്തിക്കൊണ്ടു വന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കശുമാവും മാവും മുണ്ടും സാരിയും പോലെ വന്ന് കയറിയതാണെങ്കിലും തെങ്ങ് കേരളത്തിന് പ്രിയപ്പെട്ടതായി മാറി. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അല്ലെങ്കില്‍ തന്നെ തെങ്ങ് പോലെ ഉപകാരിയായ വേറെ ഏത് മരമുണ്ട്. കേരളത്തില്‍ എന്തായാലുമില്ല.
കുറുക്കിയ വെളിച്ചെണ്ണ തേച്ച് കുളിച്ച് കയറിന്റെ ചവിട്ടുമെത്തയില്‍ കാല്‍വെച്ച് അടുക്കളയിലേക്ക് കയറുന്നവരോ, കയറിയവരോ ആണ് മലയാളികള്‍. തേങ്ങാച്ചമ്മന്തിയും കേരളവും മലയാളികളും തമ്മിലുളള ബന്ധത്തിന് എരിയുന്ന സുഖമാണ്.
വിട്ടുപോകുന്നവരുടെ മനസിലെ ചിഹ്നം
കേരളം വിട്ടുപോകുന്നവരുടെ മനസിലെ ചിഹ്നമാണ് തെങ്ങ്. വിമാനത്താവളത്തിലേക്ക് വിമാനം താഴ്ന്നിറങ്ങുമ്പോള്‍ ഇടതൂര്‍ന്ന് വളരുന്ന കേരവൃക്ഷങ്ങള്‍ നല്കുന്ന ഒരു സുഖമുണ്ടല്ലോ, ദീര്‍ഘകാലത്തിന് ശേഷം മക്കളെയും ഭാര്യയെയും കാണുന്നതിനെക്കാള്‍ സുഖമാണെന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
എന്തിനധികം, കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുന്ന ഏതെങ്കിലും പരസ്യത്തില്‍ തെങ്ങില്ലാതുണ്ടോ? ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ പരസ്യചിത്രത്തില്‍ വളഞ്ഞുനില്ക്കുന്ന ആ തെങ്ങുണ്ടല്ലോ. മലയാളിയുടെ മനസിലേക്ക് അത് വളഞ്ഞുനില്‍ക്കുന്നുണ്ട്.
പറഞ്ഞുവന്ന കാര്യം മറക്കുന്നില്ല. തേങ്ങക്ക് ഒരു പ്രശ്നമുണ്ട്. കേരളം ഇനിയും ഗൗരവത്തോടെ ചിന്തിക്കാത്ത ഒരു പ്രശ്നം. ഇപ്പോഴും എവിടെ നോക്കിയാലും തെങ്ങുകള്‍ കാണുന്നുണ്ട് നമ്മള്. അത് കൊണ്ട് തിരിച്ചറിയാത്തതാണ്.
കുറെക്കാലമായി കണക്ക് പറഞ്ഞാലെ കേരവൃക്ഷത്തിന്റെ സ്ഥിതി അത്ര മെച്ചമല്ലെന്ന് ബോധ്യപ്പെടൂ. ആ കണക്ക് ഒന്നുകൂടി ഉറപ്പിച്ചു പറയാം. 1956 ല്‍ കേരളമുണ്ടാകുമ്പോള് രാജ്യത്താകെയുളള തെങ്ങുകളില്‍ 69 ശതമാനവും കേരളത്തിലായിരുന്നു. ഇന്നത് വെറും 25 ശതമാനമായി കുറഞ്ഞിരിക്കുന്നു. നാളികേരത്തിന്റെ ഉത്പാദനത്തില്‍ 71 ശതമാനം കേരളത്തിലായിരുന്നെങ്കില്‍ ഇന്നത് വെറും 37 ശതമാനമായിരിക്കുന്നു. അതായത്, സിമ്പിളായി പറഞ്ഞാല്‍ ഈ പോക്ക് പോയാല്‍ കേരളത്തെ കേരവൃക്ഷങ്ങളുടെ കേരളമെന്ന് അധികകാലം വിളിക്കാന്‍ കഴിഞ്ഞേക്കില്ല. കേരളമെന്ന പേരിന് വേറെ കാരണം കണ്ടുപിടിക്കേണ്ടി വരും.
ഒരുപാട് കാരണങ്ങളുണ്ട്. പേരാമ്പ്രയിലും കുറ്റ്യാടിയിലുമായി ഞങ്ങളൊരുപാട് പേരെ കണ്ടു. കര്‍ഷകരും, കച്ചവടക്കാരും, നാളികേരവ്യവസായത്തിലേര്പ്പെട്ടവരെയും. ചിലര്‍ സംസാരിച്ചു, ചിലരൊന്നും മിണ്ടിയില്ല.
ഇനി നമുക്ക് സുമേഷിലേക്ക് തിരികെ വരാം. സുമേഷിനും, സുമേഷിന്റെ പണി ചെയ്യുന്നവരും തിരിച്ചറിയുന്ന പോലെ കേരമേഖലയിലെ അപകടകരമായ മാറ്റങ്ങള്‍ മറ്റാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. എന്റെ നാട്ടില്‍ തെങ്ങ് കയറുന്നവര്‍ തേങ്ങയിടുന്നു എന്നാണ് പറയാറ്. ചിലയിടങ്ങളില്‍ തേങ്ങ അടര്‍ത്തുന്നു എന്ന് പറയാറുണ്ട്. സുമേഷിന്റെ നാട്ടിലെ പ്രയോഗമാണ് സൂപ്പര്‍. തേങ്ങ കൊയ്യുക. സുമേഷ് ഒരു തേങ്ങക്കൊയ്ത്തുകാരനാണ്.
ഒരു കുലയില്‍ അമ്പതും അറുപതും ചിലപ്പോളതിലും കൂടുതല്‍ തേങ്ങകളുളള ആ പഴയ കാലം ഇന്നുണ്ടോ? എവിടുന്ന്.
സുമേഷിന്റെ സുഹൃത്തിനും സഹോദരനും പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നില്ല.
തൊഴില്‍പരമായ വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമാണിത്. തെങ്ങ് കയറാന്‍ ആവശ്യത്തിനാളില്ല എന്ന കഥയില്ലാത്ത മധ്യവര്ഗബഹളങ്ങള്ക്കിടയിലാണ് ഇവരുടെ ജീവിതപ്രതിസന്ധിയെന്നോര്ക്കണം. തെങ്ങ് കയറാന്‍ ഒരു പ്രത്യേകവിഭാഗമെന്ന പഴയ ഏര്പാട് നടക്കില്ല. അന്യസംസ്ഥാനത്ത് നിന്നുളള തൊഴിലാളികളെയാണ് പലയിടത്തും ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്കക്കാര്ക്കടക്കമുളളവര്ക്ക് വലിയ തൊഴിലവസരമാണിത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോ?
തേങ്ങയുണ്ടാവണം എന്നതാണ് പ്രധാനം. തെങ്ങും തേങ്ങയും ഇങ്ങനെയെങ്ങനെ കുറഞ്ഞുവെന്ന് ചോദിച്ചാല്‍ ഒരുപാട് കാരണങ്ങളുണ്ട്. ഏറ്റവുമാദ്യത്തെ കാരണം, തെങ്ങിന്റെ പ്രാധാന്യം മലയാളി തിരിച്ചറിഞ്ഞില്ല എന്നതാണ്. അതുകൊണ്ടാണ് വില കുറഞ്ഞപ്പോള്‍ തെങ്ങ് വെട്ടി റബറ് വെച്ചത്. ഇപ്പൊ മാനം നോക്കി വിലപിക്കുന്നത്. കീടങ്ങളുടെ ശല്യവും, രോഗങ്ങളും തെങ്ങുകളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അവ നേരിടുന്നതില്‍ ഇന്നും വേണ്ടത്ര വിജയിച്ചിട്ടില്ല. നഗരവത്കരണത്തിന്റെ പങ്കും ചെറുതല്ല.
നീരയുടെ രുചി പരത്തുന്നതില്‍ കുറ്റകരമായ പാളിച്ചയുണ്ടായിട്ടുണ്ടെന്നാണ് പൊതുവിലുളള വിലയിരുത്തല്‍. കേരമേഖലക്ക് മാത്രമല്ല, കേരളത്തിന്റെ കാര്‍ഷികമേഖലക്ക് മാത്രമല്ല, കേരളത്തിന്റെ വിനോദസഞ്ചാരമേഖലക്ക് മാത്രമല്ല, കേരളത്തിന്റെ തൊലില്മേഖലക്ക് മാത്രമല്ല, കേരളത്തിന്റെ സമ്പദ്്വ്യവസ്ഥക്കാകെ ഉണര്‍വ് നല്‍കാനുളള മധുരം നീരക്കുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്.
ചുറ്റും നോക്കുമ്പോള്‍ തെങ്ങുകളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. വില കൊടുത്താല്‍ തേങ്ങ കിട്ടുമെന്നതും യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യങ്ങളെ നിഷ്പ്രഭമാക്കാന്‍ പോകുന്ന യാഥാര്‍ഥ്യങ്ങളാണ് പറഞ്ഞുവന്നത്. നാളെയങ്ങ് ഇല്ലാതാകുമെന്നല്ല. കുറെക്കാലം കൂടി കാണും. അത്രയെ കാണൂ. അതുകൊണ്ട് മാന്യമഹാജനങ്ങളേ, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെന്ന് പാട്ട് കേട്ട് അടുത്ത തലമുറ അന്തംവിടരുത്. തേങ്ങാച്ചമ്മന്തി ഒരു ഫൈവ് സ്റ്റാര്‍ വിഭവം മാത്രമായി മാറുന്ന കാലം അതിവിദൂരമല്ലെന്ന് പേടിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.