കേരളത്തിന്റെ മുറിവായി ഹാദിയ

ഹാദിയ. സംശയിക്കേണ്ട, ഹാദിയ മറിച്ചാവശ്യപ്പെടുന്നത് വരെ ഹാദിയ എന്ന പേരെ ഞങ്ങളുുപയോഗിക്കൂ. ചില ലിബറല്‍ ഫെമിനിസ്റ്റുകളെപ്പോലെ പഴയ പേരുപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതേയില്ല. കഴിഞ്ഞ കുറച്ചുകാലമായി ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഹാദിയ എന്ന യുവതി. അതെ, പലരും പറയുമ്പോലെ, പെണ്‍കുട്ടിയല്ല ഹാദിയ, 24 വയസുളള യുവതിയാണ്. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തിതയായ മെഡിക്കല്‍ ബിരുദധാരിയായ യുവതി. ലൗ ജിഹാദെന്നും, സിറിയയിലെ ആട് മേയ്ക്കല്‍ കഥയുമായി ചേര്‍ത്തുവെച്ച് തീവ്രഹിന്ദുസംഘടനകള്‍ക്ക് പൊതുബോധത്തില്‍ വിഷം കലര്‍ത്താന്‍ ഉപകരണമാകേണ്ടിവന്ന യുവതി. 

നിയമനടപടികളുടെ ഭാഗമായി മാതാപിതാക്കളുടെ സംരക്ഷണയിലേക്കാണ് കേരള ഹൈക്കോടതി യുവതിയെ വിട്ടുനല്‍കിയത്. യുവതിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഹാദിയ വീട്ടുതടങ്കലിലാണെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവലാതിപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹാദിയയുടെ വീട്ടിലേക്ക് പോയത്. ഹാദിയയുടെ വീട്ടിലേക്ക് പോകേണ്ടത് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ബാധ്യതയാണെന്ന് കരുതുന്നത് കൊണ്ടാണ് പോയത്.

സുരക്ഷയെന്നാല്‍ സംഘര്‍ഷഭൂമിയിലെ സുരക്ഷയാണ്. പതിനഞ്ചോളം പൊലീസുകാര്‍. തോക്കും, ലാത്തിയുമുണ്ട്. ഇന്നത്തെ ചൂണ്ടുവിരലിന്റെ പരസ്യത്തില്‍ പൊലീസിന്റെയും സംഘപരിവാറിന്റെയും തടങ്കലിലാണ് ഹാദിയ എന്ന് സൂചിപ്പിച്ചിരുന്നു. 

സംഘപരിവാര്‍ ആരെയും തടങ്കലിലാക്കിയിട്ടില്ലെന്ന് സുഹൃത്തുക്കളായ ചില ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വിളിച്ചുപരാതി പറഞ്ഞു. പെട്ടെന്ന് ശരിയെന്ന് തോന്നും. പക്ഷെ, തെറ്റാണ്. സംഘപരിവാറൊരുക്കിയ തറയിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കേരളപൊലീസ് ഹാദിയയുടെ വീടിന് കാവല്‍നില്‍ക്കുന്നത്. ഹാദിയയെ വീട്ടിലടച്ചിരിക്കുന്നത് പ്രത്യക്ഷത്തില്‍ മാതാപിതാക്കളും, തടവിന് കാവല്‍നില്‍ക്കുന്നത് കേരളപൊലീസുമാണെങ്കിലും, അതിന് പശ്ചാത്തലമൊരുക്കുന്നത് സംഘപരിവാര്‍ വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധതയാണ്, ഇസ്ലാമോഫോബിയയാണ്. അതിലേക്കൊക്കെ വരുന്നതിന് മുമ്പ് ഒന്ന് കൂടി പറയാം.

ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ തീവ്രഹിന്ദു ആശയക്കാരും, സംഘപരിവാരക്കാരുമല്ലാത്ത ആര്‍ക്കും പ്രവേശനം ഇതുവരെ കിട്ടാതിരുന്നത് കൊണ്ട് ഞങ്ങള്‍ക്കും പ്രതീക്ഷയില്ലായിരുന്നു. പക്ഷെ, ഹാദിയയുടെ വീട്ടുവളപ്പിലേക്ക് ഞങ്ങള്‍ക്ക് പ്രവേശിക്കാനായി. ഞങ്ങള്‍ക്കായി വീതില്‍ തുറന്നതല്ല, മറിച്ച് ഹിന്ദു ഐക്യവേദി മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ബിജെപി അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്ടിലെത്തിയതും, ഞങ്ങളെത്തിയതും ഒരേസമയത്തായതുകൊണ്ടാണ്. ജനം ടിവിയുടെയും ​ഞങ്ങളുടെയും ക്യാമറക്ക് മുന്നില്‍ ഹാദിയയുടെ പിതാവിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന അദ്ദേഹം കുറച്ചുനേരം അടച്ചിട്ട മുറിയില്‍ സംസാരം തുടര്‍ന്നു.

ഈ സമയത്താണ്, അത് സംഭവിച്ചത്. കുമ്മനം രാജശേഖരനും കൂട്ടരും ഹാദിയയുടെ പിതാവിനോട് സംസാരിച്ചിരുന്ന വീടിനോട് ചേര്‍ന്നുളള വീടിന്റെ ജനലഴികള്‍ക്കിടയിലൂടെ ഒരു യുവതി ഞങ്ങളുടെ ക്യാമറാമാന്‍ രാജേഷ് നെട്ടൂരിനോട് ഏത് ചാനലാണെന്ന് ആരാഞ്ഞു. ഹാദിയയുടെ നിശ്ചലചിത്രങ്ങള്‍ മാത്രമാണിതുവരെ കണ്ടിട്ടുളളത്. അത് ഹാദിയയാണെന്ന് മനസിലായി. ജനലഴികളില്‍ കൈവെച്ച് ഞങ്ങളെ നോക്കി ഹാദിയ നിന്നു. അടുത്തേക്ക് ചെന്ന് എന്താണ് പറയാനുളളതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഒഴിവാക്കി. ഞങ്ങളോട് ചിലത് പറയണമെന്ന് ഹാദിയക്കുമുണ്ടായിരുന്നിരിക്കണം. പക്ഷെ, ഭയത്തിന്റെ ഒരാവരണം അവിടമാകെ തളംകെട്ടിനില്‍പുണ്ടായിരുന്നു. 

അങ്ങനെ നില്‍ക്കെ കുമ്മനം രാജശേഖരന്‍ പുറത്തിറങ്ങി. മനസാഃക്ഷിയെക്കുറിച്ചും നീതിയെക്കുറിച്ചും ഒരുപാട് സംസാരിച്ചു. അശോകന്റെ അവകാശങ്ങവെക്കുറിച്ചും സംസാരിച്ചു. 

വാസ്തവത്തില്‍ അശോകന്റെ അവകാശങ്ങവെക്കുറിച്ചല്ല, സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ ഏത് കള്ളിയില്‍ അശോകന്‍ നില്‍ക്കണമെന്നതിനെക്കുറിച്ചായിരുന്നു. അതല്ലെങ്കില്‍ അശോകന്റെ അവകാശത്തിനൊപ്പം കുമ്മനത്തെ നോക്കി ഒരു ചുവരിനപ്പുറം നില്‍ക്കുന്ന ഹാദിയ എന്ന ഇന്ത്യക്കാരിയുടെ ഭാരതീയ യുവതിയുടെ അവകാശത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിച്ചില്ല. 

പിന്നെയും പലതും പറഞ്ഞു.അവിവാഹിതനായ, കുട്ടികളില്ലാത്ത കുമ്മനം രാജശേഖരന്‍ ബൃന്ദാ കാരാട്ടിനെ പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിയെയും, സച്ചിദാനന്ദനെയുമൊക്കെ ഒരു ലോജിക്കുമില്ലാതെ പരിഹസിച്ചു.

വിളിപ്പാടപ്പുറത്ത് ഹാദിയ നിന്നിട്ടും, ഹാദിയയെ കാണാനോ സംസാരിക്കാനോ കുമ്മനം രാജശേഖരന്‍ കൂട്ടാക്കിയില്ല. ഹാദിയയെ കാണാനോ സംസാരിക്കാനോ ഹൈക്കോടതിയുടെയോ, സുപ്രീംകോടതിയുടെയോ വിലക്കില്ല. എന്നിട്ടും ഇതുപോലൊരു വിഷയത്തില്‍ ടി വി പുരത്തെ ഹാദിയയുടെ വീട്ടിലെത്തി ഇത്രയും സമയം ചെലവഴിച്ചിട്ട് ഹാദിയയെ കാണാതെ മടങ്ങിയതെന്തുകൊണ്ടാണ്. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ടാണോ? അതോ ഹാദിയക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളൊന്നുമില്ലെന്നാണോ കരുതുന്നത്? ഇനിയതുമല്ലെങ്കില്‍ ഹാദിയ രോഷാകുലയായി പ്രതികരിച്ചാല്‍ ഞങ്ങളുടെ ക്യാമറയില്‍ പതിയുമെന്ന് ഭയന്നിട്ടാണോ? അതെന്തായാലും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഏകപക്ഷീയമാണെന്ന് ഞങ്ങള്‍ക്ക് മുമ്പില്‍ മാത്രമല്ല, ഹാദിയക്ക് മുമ്പിലും സാക്ഷ്യപ്പെടുത്തിയിട്ടാണ് താങ്കള്‍ മടങ്ങിയത്. താങ്കളുടെ പിന്‍ഗാമി കെ പി ശശികലയും ഇതേ സമീപനമാണ് പിന്‍തുടര്‍ന്നത്. ഹാദിയയുടെ വീട്ടിലെത്തി മടങ്ങി. ഹാദിയയെ കാണാന്‍ ധൈര്യമുണ്ടായില്ല. 

ഹാദിയ തടങ്കലിലാണെന്നുറപ്പായതോടെ ഞങ്ങള്‍ മറ്റൊരു പെണ്‍കുട്ടിയുടെ കുറച്ച് ദൃശ്യങ്ങള്‍ പരിപാടിയിലുപയോഗിക്കുകയാണ്. ഹാദിയയുടെ പക്ഷം എന്തുകൊണ്ട് ചേരുന്നുവെന്ന് പറയണമെങ്കില്‍ കുറച്ച് വിശദീകരിക്കേണ്ടി വരും. അതിന് ഒരേസമയം, നിസഹായതയും, നിശ്ചയദാര്‍ഢ്യവും തുളുമ്പുന്ന ഹാദിയയുടെ ഈ കണ്ണുകള്‍ മാത്രം പോരാതെവരും.

ജുഡീഷ്യറി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ശക്തമായ വിയോജിപ്പുകള്‍ അന്തരീക്ഷത്തിലുണ്ട്. അതിലേറ്റവും പ്രധാനം ഇതുപോലൊരു കേസില്‍ യുവതിയെ അച്ഛനമ്മമാര്‍ക്കൊപ്പം വിട്ട നടപടിയാണ്. കേരള ഹൈക്കോടതി അപൂര്‍വനടപടിയെടുത്തത് സവിശേഷമായ സാഹചര്യത്തിലാണെന്ന് കരുതുന്ന നിയമവിദഗ്ധരുമുണ്ട്.

പക്ഷെ, ഹൈക്കോടതി വിധിയോട് യോജിപ്പുളളവര്‍ പോലും ഹാദിയയെ വീട്ടകത്ത് തളച്ചിടുന്നതിനോട് വിയോജിക്കുകയാണ്. കാരണം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളോട് കൂറുളളവര്‍ക്ക് ഈ അന്യായതടങ്കലിനോട് യോജിക്കാനാവില്ല.

അത് തന്നെയാണ് ഈ ഘട്ടത്തിലെ ഏറ്റവും അടിസ്ഥാനവി·ഷയമെന്ന് മനസിലാക്കാന്‍ മനസില്‍ നിന്ന് ചില മുന്‍വിധികള്‍ മാറ്റിയാല്‍ മതി. ലവ് ജിഹാദും, സിറിയയിലെ ആടുകളെയുമൊക്കെ മാറ്റി ഹാദിയയെ എല്ലാ അവകാശങ്ങളും, സ്വാതന്ത്ര്യവും ഉളള ഒരാളായി കണ്ടാല്‍ മതി.

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മേലെ സംരക്ഷിച്ചുനിര്‍ത്തേണ്ട പാരമ്പര്യമൂല്യങ്ങളേതുമില്ല. ഭരണഘടനക്കതീതമായ രക്ഷാകര്‍തൃത്വം ആരെങ്കിലും ഏറ്റെടുക്കുന്നത് നിഷ്കളങ്കമാണെന്ന് പറയാന്‍ കഴിയുകയുമില്ല. ഹാദിയ ഇതുവരെ ചെയ്തതൊന്നും ഭരണഘടനയുടെ പരിധിയ്ക്ക് പുറത്തല്ല, പൂര്‍ണമായും അകത്താണ്.

സംഘപരിവാറിന് മാത്രമാണ് ഇത്തരം ഭരണഘടനാവ്യവസ്ഥകളെക്കുറിച്ച് മറിച്ചഭിപ്രായമുളളതെന്നതിന് ഹാദിയയുടെ അനുഭവവും ഉദാഹരണമാണ്. കുമ്മനം രാജശേഖരന്റെ വാക്കുകള്‍ അതിനേറ്റവും വലിയ തെളിവാണ്. ഹാദിയയുടെ കുടുംബത്തിന് മേല്‍ തീവ്രഹിന്ദുശക്തികളുടെ സ്വാധീനമില്ലെന്ന് ആരും പറയരുത്. വിശ്വസിക്കില്ല. ആനി രാജക്കും, ഷാനിമോള്‍ ഉസ്മാനും, നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും പ്രവേശനനാനുമതി നിഷേധിക്കപ്പെട്ട വീട്ടില്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലാത്ത വീട്ടില്‍ കെ പി ശശികലക്കും, രാഹുല്‍ ഈശ്വറിനും എങ്ങനെ പ്രവേശനം ലഭിച്ചുവെന്ന് മാത്രം ആലോചിച്ചാല്‍ മതി.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമായ ദൗര്‍ബല്യങ്ങള്‍കൂടി അനായാസം വെളിപ്പെടുകയാണ് ഹാദിയയുടെ വീട്ടുതടങ്കലിലൂടെ. അത് രണ്ട് തരത്തിലാണ്. ഒന്ന് ഒരു നിലപാടും ഈ വിഷയത്തില്‍ ഇടതുപക്ഷം ശക്തമായി സ്വീകരിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഹാദിയയെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണെന്ന് അറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍. ഹാദിയ പുറംലോകത്തോട് സംവദിക്കരുതെന്നാഗ്രഹിക്കുന്നത് സംഘപരിവാറും തീവ്രഹിന്ദുസംവിധാനങ്ങളുമാണ്. ഹാദിയയുടെ സകല പൗരാവകാശവും ലംഘിച്ച് അതിന് കാവലൊരുക്കിയിരിക്കുകയാണ് ഇടതുപക്ഷസര്‍ക്കാര്‍. ഒരെമ്മല്ലെയോ, എം പി യോ മന്ത്രിയോ ഈ പൗരാവകാശപ്രശ്നത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല.

സ്വന്തം വീട്ടിലൊരു വിഷയം വന്നാല്‍ ഏറ്റവും യാഥാസ്ഥിതിക നിലപാടെടുക്കാന്‍ ഒരു നിമിഷം പോലും വേണ്ട കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മഹാഭൂരിപക്ഷത്തിനും. അതിന്റെ പല തെളിവുകവിലൊന്നാണ് ഹാദിയയുടെ വിഷയം. 

ഹാദിയയുടടേതുള്‍പെടെയുളള സകലമാതാപിതാക്കളോടുമുളള എല്ലാ ആദരവോടും കൂടിയാണ് ഇത് പറയുന്നത്. മുതലാളി തൊഴിലാളി, അടിമ ഉടമ ബന്ധമല്ല കുടംുബാംഗങ്ങള്‍ തമ്മില്‍ നിലവിലുളളത്. 

ചെറുതല്ലാത്ത വിഭാഗം സാധാരണക്കാരും മതം മാറിയ ഹാദിയക്ക് തടവ് ശിക്ഷയാകാമെന്ന് കരുതുന്നുണ്ട്. കുട്ടികളുടെ നന്‍മ രക്ഷിതാക്കളുടെയും, കോടതിയുടെയുമൊക്കെ ഉത്തരവാദിത്വമല്ലേയെന്നാണ് ചോദ്യം. അങ്ങനെയല്ല. കുട്ടികള്‍ എന്നും കുട്ടികളല്ലെന്ന് മനസിലാകാത്തതിന്റെ പ്രശ്നമാണ്.

മുസ്ലിമിനെ അകറ്റിനിര്‍ത്തേണ്ട, വീട്ടില്‍ കയറ്റേണ്ടതില്ലാത്ത, പ്രേമിക്കേണ്ടതില്ലാത്ത, വിവാഹം കഴിക്കേണ്ടതില്ലാത്ത, ഭയപ്പാടോടെ നോക്കേണ്ട സമൂഹമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധത ഇവിടെ ബോധപൂര്‍വം വളര്‍ത്തിയെടുക്കപ്പെടുന്നുണ്ട്. അതിന്റെ അനുരണനങ്ങളാണ് പല രൂപത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരനെ കുറ്റം പറയുന്നതിലും അര്‍ഥമില്ല. ലിബറല്‍, സെക്യുലര്‍, ഫെമിന്സ്റ്റ് നെയിംസ്ലിപ്പുകള്‍ ഒട്ടിച്ചുനടക്കുന്ന വിപ്ലവകാരികളും അങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ട്. ഹാദിയക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ ഏറ്റവുമൊടുവിലത്തെ പരാമര്‍ശം പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. തീവ്രമുസ്ലിം സംഘടനകള്‍ അത് തങ്ങളുടെ ഹിഡന്‍ അജണ്ടകളുടെ വിജയമായി ആഘോഷിക്കുമെങ്കില്‍ കൂടി.