ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്ന് വെറും 50 ഗ്രാം കലിഫോര്‍ണിയം പൊലീസ് പിടികൂടിയിട്ട് അധികം ദിവസമായിട്ടില്ല. അത്യുഗ്രന്‍ റേഡിയോ ആക്ടീവ് പദാര്‍ഥമായ കലിഫോര്‍ണിയം കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ 50 ഗ്രാം കലിഫോര്‍ണിയത്തിന്‍റെ മൂല്യം കേട്ടവരെല്ലാം ഞെട്ടിച്ചു. 850 കോടി രൂപ! അതായത് ഒരു ഗ്രാമിന് 17കോടിയോളം രൂപ. രഹസ്യ വിവരത്തെ തുടര്‍ന്ന് ബാല്‍ത്തരി ചെക്ക് പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കലിഫോര്‍ണിയം വില്‍ക്കാന്‍ നടന്ന മൂന്നംഗ സംഘം പിടിയിലായത്. മദ്രാസ് ഐഐടിയില്‍ നിന്നുള്ളതാണെന്ന വ്യാജ ലാബ് റിസല്‍ട്ടും സംഘത്തിന്‍റെ പക്കലുണ്ടായിരുന്നു. നിലവില്‍ കലിഫോര്‍ണിയത്തിന്‍റെ വില്‍പ്പനയും വാങ്ങല്‍ രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത കലിഫോര്‍ണിയം ആണവ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു.
എങ്ങനെയാണ് കലിഫോര്‍ണിയത്തിന് ഇത്ര മൂല്യമുണ്ടാകുന്നത്? എന്തൊക്കെയാണ് കലിഫോര്‍ണിയത്തിന്‍റെ ഗുണങ്ങള്‍? നിലവില്‍ ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാര്‍ഥങ്ങളിലൊന്നാണ് കലിഫോര്‍ണിയം. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ 1952 ല്‍ കലിഫോര്‍ണിയയിലാണ് കൃത്രിമ രാസ മൂലകമായ കലിഫോര്‍ണിയം നിര്‍മിച്ചെടുത്തത്. ആണവ നിലയം മുതല്‍ വിമാന സുരക്ഷ വരെയും വൈദ്യശാസ്ത്ര രംഗത്ത് കാന്‍സര്‍ ചികില്‍സയിലും വരെ ഒഴിവാക്കാനാവാത്ത പദാര്‍ഥവുമാണിത്.
ആണവ നിലയങ്ങളില്‍ ചെയിന്‍ റിയാക്ഷന്‍ ഉണ്ടാക്കുന്നതിനായി കലിഫോര്‍ണിയം ഉപയോഗിച്ചു വരുന്നു. സെക്കന്‍റില്‍ 2.3 ദശലക്ഷം ന്യൂട്രോളുകളെയാണ് ഒരു മൈക്രോഗ്രാം കലിഫോര്‍ണിയം പുറത്തുവിടുന്നത്. അതുകൊണ്ടാണ് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തനത്തിന് കലിഫോര്‍ണിയം ഉപയോഗിക്കുന്നത്. ഇതുകൂടാതെ ന്യൂട്രോണ്‍ ആക്ടിവേഷനിടെ അപരിചിതമായ വസ്തുക്കളുടെ ഘടന തിരിച്ചറിയാനും കലിഫോര്‍ണിയം പ്രയോജനപ്പെടുത്താറുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകളിലും ഇന്ധന സാന്നിധ്യമറിയാനുള്ള ഉപകരണങ്ങളിലും കലിഫോര്‍ണിയത്തിന്‍റെ സാന്നിധ്യമുണ്ട്.
കാന്‍സര്‍ ചികില്‍സയില്‍ ന്യൂട്രോണ്‍ റേഡിയോഗ്രഫിയെന്ന പരിശോധനയ്ക്കാണ് കലിഫോര്‍ണിയം ഉപയോഗിക്കുന്നത്. എക്സ്–റെയ്ക്ക് സമാനമാണിത്. മസ്തിഷ്ക, ഗര്‍ഭാശയ ഗള കാന്‍സറുകളുടെ ചികില്‍സയ്ക്കാണിത് ഉപയോഗിച്ച് വരുന്നത്. ചിലഘട്ടങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ റേഡിയേഷനിലും കലിഫോര്‍ണിയം ഉപയോഗിക്കാറുണ്ട്. ആറ്റത്തിലെ കുഞ്ഞന്‍ ന്യൂക്ലിയസുകളിമായി ഇതിന് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ കാഠിന്യമേറിയ പദാര്‍ഥങ്ങളില്‍ പോലും വളരെ വേഗത്തില്‍ ഉള്ളിലേക്ക് കടക്കാനാകും. പാറയോളം കടുപ്പമുള്ള വസ്തുക്കളും യന്ത്രങ്ങളുടെ ഉള്‍ഭാഗവുമെല്ലാം പരിശോധിക്കാം.
ഇതിന് പുറമെ എണ്ണക്കിണറുകളില്‍ വെള്ളത്തിന്‍റെയും എണ്ണയുടെയും അളവറിയാനും വിമാന സുരക്ഷയ്ക്കും കലിഫോര്‍ണിയം ഉപയോഗിച്ച് വരുന്നു. അത്യുഗ്രമായ റേഡിയോ ആക്ടിവിറ്റി നടക്കുന്നതിനാല്‍ തന്നെ ഇത് വിഷലിപ്തവുമാണ്.