AI Generated Image

AI Generated Image

TOPICS COVERED

ഫാസ്റ്റ് റേഡിയോ ബർസ്റ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളോളം ബഹിരാകാശത്തിലൂട‌െ സഞ്ചരിച്ച് ഭൂമിയിലെത്തുന്ന നിഗൂഢവും ശക്തവുമായ റേഡിയോ തരംഗങ്ങൾ! ഉത്ഭവം ഇന്നും ഒരു പ്രപഞ്ച രഹസ്യമായി തുടരുന്ന ഇത്തരം നിഗൂഢ തരംഗങ്ങൾ ശാസ്ത്രജ്ഞരെ എന്നും അമ്പരപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ 800 കോടി വർഷങ്ങൾ ബഹിരാകാശത്ത് സഞ്ചരിച്ചതിന് ശേഷം ഭൂമിയിലെത്തിയ FRB 20220610A ആണ് ഈ നിഗൂഢത വര്‍ധിപ്പിക്കുന്നത്.‌‌‌

ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും വിദൂരവും ഊർജ്ജസ്വലവുമായ റേഡിയോ തരംഗങ്ങളാണ് FRB 20220610A എന്നാണ് ശാസ്ത്രസമൂഹം പറയുന്നത്. ഇവയുടെ കണ്ടെത്തൽ പ്രപഞ്ചത്തിന്‍റെ നമുക്ക് അറിയാത്ത, നമുക്ക് ഊഹം പോലുമില്ലാത്ത വിദൂര ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള അവസരമാണ് നല്‍കുന്നത്. FRB 20220610A സഞ്ചരിച്ച ദൂരം സൂചിപ്പിക്കുന്നത് അതിന്‍റെ ഉത്ഭവം നമ്മുടെ ഗാലക്സിക്കും അപ്പുറമുള്ള മറ്റൊരു ഗാലക്‌സിയിൽ നിന്നാകാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മാക്വാരി സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. സ്റ്റുവർട്ട് റൈഡറാണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകളെ കുറിച്ച് പഠനം നടത്തുന്ന സംഘത്തെ നയിക്കുന്നത്. സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്താണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകള്‍?

മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന അമ്പരപ്പിക്കുന്ന റേഡിയോ തരംഗങ്ങളുടെ ഹ്രസ്വവും തീവ്രവുമായ ഫ്ലാഷുകള്‍ അഥവാ സ്പന്ദനങ്ങളാണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs). 2007ലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. നിഗൂഢമായ ഇവയുടെ സ്വഭാവം ശാസ്ത്രലോകത്തെ എന്നും ആകര്‍ഷിക്കുന്ന ഒന്നാണ്. ഇവയുടെ ഉത്ഭവം ഒരു പ്രപഞ്ച രഹസ്യമായി തുടരുമ്പോളും ശക്തമായ സൂപ്പർനോവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടിരിക്കാം എന്നും ശാസ്ത്രലോകം കരുതുന്നുണ്ട്. അടുത്തിടെയുള്ള കണ്ടെത്തിയ ഒരു ഫാസ്റ്റ് റേഡിയോ ബർസ്റ്റ് 30 വർഷത്തിലേറെയായി സൂര്യൻ ഉൽപ്പാദിപ്പിച്ചതിന്‍റെ അത്രയും ഊർജ്ജം സെക്കൻഡിന്‍റെ ഒരു അംശത്തിൽ പുറത്തുവിട്ടിരുന്നു.

ENGLISH SUMMARY:

Mysterious and powerful burst of radio waves reached Earth after traveling through space for 8 billion years. Dubbed FRB 20220610A (Fast Radio Bursts)