Untitled design - 1

Image credit: CLEP

ചന്ദ്രന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങളയച്ച് അമ്പരപ്പിച്ചതിന് പിന്നാലെ നിര്‍ണായക ദൗത്യം നിര്‍വഹിച്ച് ചൈനയുടെ ചാങ്ഇ-6. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്‌കെനില്‍ നിന്നും കുഴിച്ചെടുത്ത പാറപ്പൊടിയാണ് ചാങ്ഇ - 6 പേടകത്തിലാക്കിയത്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗര്‍ത്തമുഖമാണ് ഐറ്റ്‌കെനിലെ അപ്പോളോ ബേസിന്‍. ഇവിടെ നിന്നും ശേഖരിച്ച സാംപിളുകളുമായി വൈകാതെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹ്വ അറിയിച്ചു. ജൂണ്‍ 25 ഓടെ മംഗോളിയയില്‍ ചാങ്ഇ-6 ലാന്‍ഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Image credit: CLEP

Image credit: CLEP

ഇതാദ്യമായാണ് ചന്ദ്രനിലെ ലൂണാര്‍ ഓര്‍ബിറ്റില്‍ നിന്നുള്ള സാംപിളുകള്‍ ശേഖരിക്കാനാകുന്നത്. മേയ് മൂന്നിന് വിക്ഷേപിക്കപ്പെട്ട ചാങ്ഇ-6 ജൂണ്‍ രണ്ടിന് പുലര്‍ച്ചെയോടെ (ബെയ്ജിങ് സമയം)യാണ് ചന്ദ്രനിലെത്തിയത്. അന്നു മുതല്‍ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു ചാങ്ഇ.  

Image credit: CNSA via Xinhua

Image credit: CNSA via Xinhua

ഏകദേശം രണ്ട് കിലോയോളം പാറപ്പൊടിയും മണ്ണും അപ്പോളോ ബേസിനില്‍ നിന്നും ചാങ്ഇ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കരുതിയത് പോലെ സുഗമമായി റോബോട്ടിന് ചന്ദ്രോപരിതലം കുഴിച്ച് സാംപിള്‍ ശേഖരിക്കാന്‍ കഴിഞ്ഞുവെന്ന് ചൈനീസ് നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഓബ്‌സര്‍വേറ്ററീസിലെ ഡപ്യൂട്ടി ചീഫ് ഡിസൈനര്‍ ചുന്‍ലായ് ലീ പറഞ്ഞു. ബസാള്‍ട്ടാണ് (കറുത്ത കല്ല്- ലാവ തണുത്തുറഞ്ഞത്) പ്രധാനമായും സാംപിഴിലുള്ളതെന്നും മുന്‍പും ബസാള്‍ട്ടിന് സമാനമായ പാറ ചന്ദ്രനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഖരിക്കപ്പെട്ട പാറപ്പൊടിക്ക് 200 കോടിയിലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചാങ്ഇ-6 ശേഖരിച്ച സാംപിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള നമ്മുടെ ധാരണകളെ വന്‍തോതില്‍ മാറ്റി മറിക്കാന്‍ പര്യാപ്തമാണെന്ന് ശാസ്ത്രലോകം പറയുന്നു. ഇതിന് പുറമെ ഭൂമിയുടെ പുരാതന ചരിത്രത്തിലേക്കും മറ്റ് ഗ്രഹങ്ങളുടെ ചരിത്രത്തിലേക്കും വെളിച്ചം വീശാന്‍ കഴിവുള്ളതാണെന്നും പ്രതീക്ഷിക്കപ്പെടുന്നു.  

എന്താണ് ചൈനയുടെ ചാങ്ഇ ദൗത്യം?

ചൈനയുടെ ചാന്ദ്രദേവതയാണ് ചാങ്ഇ-6 (Chang'e 6). ചൈന നടത്തിയ 5ചാങ്-ഇ ദൗത്യങ്ങളും വിജയത്തിലെത്തിയിരുന്നു. ചാങ്ഇ 1,2 ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്ററായിരുന്നു. 2007 ഒക്ടോബര്‍ 24 നും 2010 ഒക്ടോബര്‍ 1നുമായിരുന്നു വിക്ഷേപണം. ചാങ്ഇ 3,4 ല്‍ ലാന്‍ഡറും യൂടൂ (Yutu) റോവറും ഉള്‍പ്പെട്ടിരുന്നു. 2013 ഡിസംബര്‍ 14നും 2019 ജനുവരി 3നും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ഭൂമിയില്‍ ദൃശ്യമല്ലാത്ത ചന്ദ്രന്റെ വിദൂരവശമായ ദക്ഷിണധ്രുവത്തിലെ ആദ്യ സുരക്ഷിത ലാന്‍ഡിങ് ആയിരുന്നു ചാങ്-ഇ 4ന്റേത്. ചന്ദ്രശില കൊണ്ടുവരാനായിരുന്നു ചാങ്-ഇ 5 വിക്ഷേപിച്ചത്. 1731 ഗ്രാം സാംപിളുമായി അത് 2020 ഡിസംബര്‍ 16ന് ഭൂമിയില്‍ തിരിച്ചെത്തി. സാംപിളുകളെ വിശദമായി പഠിച്ചതോടെയാണ് ചന്ദ്രനിലെ മണ്ണിലെ ജലാംശത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. വെള്ളമുണ്ടെങ്കില്‍ റോക്കറ്റ് ഇന്ധനവുമുണ്ടെന്ന് തങ്ങള്‍ കരുതുന്നുണ്ടെന്നും അതേക്കുറിച്ച് വിശദമായി അറിയാന്‍ ചാങ്ഇ-6 സഹായിക്കുമെന്നും ചൈനീസ് ശാസ്ത്രജ്ഞരും വ്യക്തമാക്കിയിരുന്നു. 2030 ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ENGLISH SUMMARY:

China's Chang'e-6 successfully collects first rock samples from Moon's far side; ie Apolo basin. The sample canister will be parachuted back to Earth on June 25.