apple-pro-max

source-Apple Official Website

നിര്‍മല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഐ ഫോണുകള്‍ക്ക് വിലകുറച്ച് ആപ്പിള്‍. ഫ്ലാഗ്ഷിപ്പ് മോഡലുകളായ പ്രോ മാക്സ് വേരിയന്‍റുകള്‍ക്ക് ഉള്‍പ്പെടെ നിശ്ചയിച്ച പുതിയ വില ഔദ്യോഗിക വെബ് സൈറ്റിലൂടെ ആപ്പിള്‍ പുറത്തുവിട്ടു. മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ചുമത്തിയിരുന്ന കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിലൂടെയാണ് ഫോണുകളുടെ വിപണി വില കുറഞ്ഞത്. 

ഇന്ത്യയില്‍ വിറ്റുകൊണ്ടിരിക്കുന്ന ഫോണുകള്‍ക്ക് 18ശതമാനം ജിഎസ്ടിയും 22 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് (20ശതമാനം ബേസിക് + 2 ശതമാനം സര്‍ച്ചാര്‍ജ് ) ചുമത്തിയിരുന്നത്.എന്നാല്‍ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ച് നിലവില്‍ 16 ശതമാനമാണ് ഈടാക്കുന്നത്. ആ കുറവാണ് വിലയിലും പ്രതിഭലിച്ചത്.

വില കൂടിയ മോഡലുകളായ പ്രോ, പ്രോ മാക്സ് പേരിയന്‍റുകള്‍ ഇറക്കുമതി ചെയ്യുകയും മറ്റ് മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയുമാണ് ആപ്പിള്‍ ചെയ്യുന്നത്. അതുകൊണ്ടു കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നതിലൂടെ  പ്രോ, പ്രോ മാക്സ് പേരിയന്‍റുകള്‍ക്കാണ് വലിയ വിലക്കുറവ് അനുഭവപ്പെടുക. ഈ മോഡലുകള്‍ക്ക് 6000 രൂപയോളം വിലകുറഞ്ഞിട്ടുണ്ട്. 

1,59,900 രൂപയായിരുന്ന ഐഫോണ്‍ 15 പ്രോമാക്സ്സ് 256 ജിബി മോഡലിന് 5900 രൂപ കുറഞ്ഞ് 1,54,000 രൂപയായി. 512 ജിബി പതിപ്പിന് 179900 രൂപയില്‍ നിന്ന് 173900 രൂപയായി കുറഞ്ഞു.  1 ടിബി പതിപ്പിന് 6400 രൂപ കുറഞ്ഞ് 1,93,500 രൂപയായി. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന 15, 15 പ്ലസ് മോഡലുകള്‍ക്ക് 300 രൂപ വരെ മാത്രമേ വില കുറഞ്ഞിട്ടുള്ളൂ. 

ENGLISH SUMMARY:

Apple Reduces iPhone Prices In India After Union Budget