ടെലഗ്രാം ആപ്പിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ പലതരം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന പരാതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടരുകയാണ്. ഇന്ത്യയില്‍ ടെലഗ്രാമിന് അധികം ആയുസുണ്ടാകില്ലെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. സിഇഒ പാവെൽ ദുറോവ് പാരിസിൽ അറസ്റ്റിലായി. ടെലഗ്രാമിനു പൂട്ടു വീണാല്‍ കുറച്ചു പേര്‍ക്കെങ്കിലും നിരാശയുണ്ടാകും. പ്രത്യേകിച്ച് പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ചുളുവില്‍ കാണുന്നവര്‍ക്ക്. എന്നാല്‍ നിയമപരമായ രീതിയില്‍ ടെലഗ്രാം ഉപയോഗിക്കുന്നവര്‍ നിരാശപ്പെടേണ്ട. ടെലഗ്രാം ഇല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന മറ്റു ചില ആപ്പുകളുണ്ട്. അവയെ പരിചയപ്പെടാം.
സിഗ്നല്‍
സുരക്ഷിതത്വം തന്നെ സിഗ്നല്‍ ആപ്പിന്റെ മെയിന്‍. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഓപ്പണ്‍-സോഴ്‌സ് കോഡ്‌ബെയ്‌സ് തുടങ്ങിയവ ഉള്ള ഈ ആപ്പ് സ്വകാര്യത സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. വോയ്സ് കോള്‍, വിഡിയോ കോള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പുതുമയുള്ള മറ്റുചില ഫീച്ചറുകളും. സുരക്ഷാഫീച്ചറുകള്‍ ശക്തമായതിനാല്‍ രണ്ടു മെസേജുകള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ പോലും അനുവദിക്കില്ല.
മെസേജുകളും വിഡിയോകളും ചോര്‍ത്താനുള്ള സാധ്യത കുറവ്. ‘സ്വകാര്യതയോട് ഹലോ പറയുക’ എന്നതാണ് സിഗ്നലിന്റെ ടാഗ്‌ലൈൻ. ഐപാഡിലും ലാപ്ടോപ്പിലും സിഗ്നൽ ഉപയോഗിക്കാം. മാത്രമല്ല ഫോണിലെ അക്കൗണ്ടില്‍ ലിങ്ക് ചെയ്യാനും കഴിയും. എന്നാൽ ഇങ്ങനെ ലിങ്ക് ചെയ്യുമ്പോൾ ചാറ്റ് ഹിസ്റ്ററി കൈമാറില്ല. സിഗ്നൽ ഫൗണ്ടേഷനും സിഗ്നൽ മെസഞ്ചർ എൽഎൽസിയും ചേർന്ന് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ 2014 ലാണ് പിറവിയെടുത്തത്.
മൈക്രോസോഫ്റ്റ് ടീംസ്
പേര് സൂചിപ്പിക്കുന്നതുപോലെ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണിത്. തുടക്കം 2017ല്‍. മൈക്രോസോഫ്റ്റ് ടീംസ് പ്ലേ ടുഗതര്‍, മൈക്രോസോഫ്റ്റ് 365 സ്യൂട്ട്, വിഡിയോ കോണ്‍ഫറന്‍സിങ്, റിയല്‍ ടൈം കൊളാബൊറേഷന്‍ തുടങ്ങിയവയാണ് ഹൈലൈറ്റ്. വാണിജ്യ, വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ആപ്പ്. 175 രാജ്യങ്ങളിലെ 183,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടീംസിനെ ആശ്രയിക്കുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് തഴച്ചു വളര്‍ന്ന പ്ലാറ്റ്ഫോമാണിത്. ഈ ആപ്പ് ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍ സിഗ്നല്‍ പോലെ ഉറപ്പില്ല. 2023 ല്‍ 280 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുണ്ടായിരുന്നു ടീംസിന്.
സിഗ്നലും ടീംസും മാത്രമല്ല ടെലഗ്രാമിന് പകരം ഉപയോഗിക്കാവുന്ന പല ആപ്പുകളുമുണ്ട്. വാട്സാപ് ആണ് അതിലൊന്ന്. ടെലഗ്രാം ഉപേക്ഷിച്ച് വാട്സാപ് എടുത്തവരോട് അത് വീണ്ടും ഉപയോഗിക്കാന്‍ പറയുന്നതില്‍ അര്‍ഥമില്ല. എങ്കിലും ഒരവസരം കൂടി നല്‍കുന്നതിലും തെറ്റില്ല. മൈറ്റി നെറ്റ്‍വര്‍ക്സ്, ഡിസ്കോഡ്, വൈബര്‍, സ്ലാക്ക്, സ്നാപ് ചാറ്റ്, ഗൂഗിള്‍ ചാറ്റ്, ഫെയ്സ്ബുക്ക് ഗ്രൂപ്പ്സ്, ജനീവ, ട്വിച്ച്, ഫ്ലോക്, സ്കൈപ്പ് തുടങ്ങി പല തരം ഫീച്ചറുകള്‍ ഉള്ള ആപ്പുകളുടെ നീണ്ട നിര തന്നെയുണ്ട്. ഉപയോഗമനുസരിച്ച് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നു മാത്രം.