ഒരു ഫ്രണ്ടിനെ വിളിച്ച് മുട്ടുവേദനയ്ക്ക് ഏത് ഹോസ്പിറ്റലാണ് നല്ലതെന്ന് ചോദിച്ചത് മാത്രമേ ഓർമയുള്ളൂ.. പിന്നെ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ, മുട്ടുവേദന മാറാനുള്ള ട്രിക്കുകളാണ് റീൽസിൽ മുഴുവൻ. ഒരാളോട് സീക്രട്ടായി പറഞ്ഞ കാര്യം ഈ ഇൻസ്റ്റ എങ്ങനെയറിഞ്ഞു.. അപ്പോ നമ്മുടെ സ്വകാര്യ സംഭാഷണമൊന്നും സെയ്ഫല്ലേ?..
സംഗതി ശരിയാണ്, നമ്മുടെ ചാറ്റ് നാമല്ലാതെ ചിലർ കൂടി കാണുന്നുണ്ട്, പിന്നീട് അവ പരസ്യക്കാരിലെത്തും. ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക് എന്നിവ ഉൾപ്പെടുന്ന ഒരു മാർക്കറ്റിംഗ് കമ്പനി, ഉപഭോക്താക്കളുടെ ഫോൺ സംഭാഷണവും ചാറ്റും നിരീക്ഷിക്കുന്നുണ്ട്. പിന്നീട് പരസ്യങ്ങൾ നൽകുന്നതിനായി എഐ ഉപയോഗിക്കുന്നുമുണ്ട്.
കോക്സ് മീഡിയ ഗ്രൂപ്പ് നമ്മുടെ കോളുകളും മേസേജും നിരീക്ഷിച്ച് real-time intent ഡാറ്റ ചൂണ്ടാനായി “ആക്റ്റീവ് ലിസണിംഗ്” AI സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന് 404 മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഒന്നും സെയ്ഫല്ലെന്ന് ഇപ്പോ പിടികിട്ടിയില്ലേ?
എഐ പവർ ചെയ്യുന്ന സോഫ്‌റ്റ്‌വെയർ 470ൽ ലധികം സോഴ്സിൽ നിന്നും വോയ്‌സ് ഡാറ്റ ശേഖരിക്കുമെന്നാണ് കോക്സ് മീഡിയ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഔട്ട്‌ലെറ്റിൻ്റെ റിപ്പോർട്ട് പുറത്തുവന്നതോടെ, ഗൂഗിൾ അവരുടെ വെബ്‌സൈറ്റിൽ നിന്ന് CMG നീക്കം ചെയ്‌തെന്നും വാർത്തകൾ വരുന്നുണ്ട്.
എല്ലാ പരസ്യദാതാക്കളും ഗൂഗിളിന്റെ പരസ്യ നയം പാലിക്കണമെന്നാണ് ചട്ടം. ഇത് ലംഘിക്കുന്നവരെ കണ്ടെത്തിയാൽ, അവർക്കെതിരെ ആക്ഷനെടുക്കുമെന്ന് ഗൂഗിൾ വക്താവ് പറയുന്നു. ന്യൂയോർക്ക് പോസ്റ്റിനോടായിരുന്നു ഗൂഗിൾ വക്താവിന്റെ പ്രതികരണം.
പരസ്യങ്ങൾക്കായി മെറ്റാ ഫോണിൻ്റെ മൈക്രോഫോൺ ഉപയോഗിക്കുന്നില്ലെന്ന് മെറ്റാ വക്താവും പ്രതികരിച്ചു. എന്നാൽ, ഫോണിലൂടെയുള്ള രഹസ്യ സ്വഭാവമുള്ള ചാറ്റ് തങ്ങൾ ചെക്ക് ചെയ്യുന്നുണ്ടെന്ന ഒരു കമ്പനിയുടെ അവകാശവാദം വളരെ ഗൗരവമുള്ളതാണ്.