പെര്‍ത്തില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന. ഓസീസിനെതിരായ ഏകദിനപരമ്പരയിലെ സെഞ്ചറി നേട്ടത്തോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം സെഞ്ചറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തം പേരിലാക്കിയത്. നാല് സെഞ്ചറികളാണ് സ്മൃതി ഈ വര്‍ഷം അടിച്ചുകൂട്ടിയത്. ഇതിന് പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ 8000 ക്ലബിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ താരമെന്ന റെക്കോര്‍ഡും സ്മൃതി നേടി. 28 വയസും 146 ദിവസവുമാണ് 8000 ക്ലബിലെത്തുമ്പോള്‍ സ്മൃതിയുടെ പ്രായം.
കലണ്ടര്‍ വര്‍ഷം മൂന്ന് വീതം സെഞ്ചറികള്‍ നേടിയ ലോറ വോഫാര്‍ട്ട് (2024), നതാലി സൈവ ബ്രന്‍റ് (2023), സിന്ദ്ര അമിന്‍ (2022) സോഫി ഡിവിന്‍ (2018), എയ്മി സറ്റര്‍ത്വെയ്റ്റ് (2016), മെഗ് ലാറ്റിങ് (2016), ബെലിന്ദ ക്ലര്‍ക് (1997) എന്നിവരെയാണ് സ്മൃതി പിന്തള്ളിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂണ്‍ 16നും 19നും ഒക്ടോബര്‍ 29ന് ന്യൂസീലന്‍ഡിനെതിരെയുമായിരുന്നു സ്മൃതിയുടെ മറ്റ് മൂന്ന് സെഞ്ചറികള്‍. ഓസീസിനെതിരായ സെഞ്ചറി നേട്ടത്തോടെ ഏകദിന ക്രിക്കറ്റില്‍ സ്മൃതിയുടെ സെഞ്ചറി നേട്ടം ഒന്‍പതായി. 103 പന്തുകളില്‍ നിന്നായിരുന്നു പെര്‍ത്തില്‍ സ്മൃതിയുടെ സെഞ്ചറി നേട്ടം. 105 റണ്‍സെടുക്കുന്നതിനിടെ താരം പുറത്താവുകയും ചെയ്തു. സ്മൃതി പുറത്തായതിന് പിന്നാലെ അടുത്ത രണ്ട് ഓവറുകളില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. 165/2 എന്ന നിലയില്‍ നിന്നും 215 ന് ഓള്‍ഔട്ടാവുകയായിരുന്നു. പരമ്പര ഓസീസ് 3–0ത്തിന് തൂത്തുവാരി. അവസാന ഏകദിനത്തില്‍ 83 റണ്‍സിന്‍റെ വന്‍തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
'ന്യൂസീലന്‍ഡിനെതിരെ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. പക്ഷേ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ചില പ്പോള്‍ ബാറ്റിങ് നന്നാവും, ചിലപ്പോള്‍ ബോളിങ് നന്നാവും, രണ്ടും ഒന്നിച്ച് മെച്ചപ്പെടുത്തുന്നതില്‍ ടീമെന്ന നിലയില്‍ ഇക്കുറി സാധിച്ചില്ല. തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ടീം തിരിച്ചുവരു'മെന്നായിരുന്നു തോല്‍വിക്ക് പിന്നാലെ സ്മൃതിയുടെ പ്രതികരണം. ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരിക്കല്‍ പോലും സ്വയം സംശയിക്കാറില്ലെന്നും തിരിച്ചുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2013ല്‍ ബംഗ്ലദേശിനെതിരെയാണ് ഏകദിനത്തില്‍ സ്മൃതിയുടെ അരങ്ങേറ്റം. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്‍റെ അവിഭാജ്യ ഘടകമായി താരം വളരെ വേഗം മാറി. 2017 ല്‍ ഐസിസി വനിത ലോകകപ്പിലെ പ്രകടനം സ്മൃതിക്ക് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. കരുത്തുറ്റ ഡ്രൈവുകളിലൂടെയും ക്രിസ്പ് കട്ടുകളിലൂടെയും ബാറ്റിങ് വിരുന്ന് തന്നെയാണ് സ്മൃതി ഒരുക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.