sunil-chhetri-press-meet

രാജ്യാന്തര ഫുട്ബോളിൽനിന്ന് ഇതിഹാസ താരം സുനിൽ ഛേത്രി ബൂട്ടഴിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളില്‍ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണു മടക്കം. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണു മത്സരം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ വിഡിയോയിലൂടെയാണ് 39 കാരനായ സുനിൽ ഛേത്രി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ഫുട്‌ബോളിന്റെ പര്യായമായ മാറിയ സുനിൽ ഛേത്രി തന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് അവസാനം കുറിക്കുന്നത്. 19 വർഷം മുമ്പ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച അതേ നഗരത്തിലാണ് ഛേത്രി തന്റെ അവസാന മത്സരം കളിക്കുക എന്നതും യാദൃചികം. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിലവിൽ നാല് കളികളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കുവൈത്തിനെതിരായ വിജയം ഇന്ത്യയുടെ മുന്നോട്ടുപോക്കിൽ നിർണായകമാകും. 

1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം. പിതാവ് കെ.ബി ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. കെ.ബി ഛേത്രി ഇന്ത്യൻ ആർമി ടീമിലും അംഗമായിരുന്നു. മാതാവ് സുശീല ഛേത്രി. ‍ഡാർജിലിങ്ങിലായിരുന്നു ഛേത്രിയുടെ കുട്ടിക്കാലം. 2017ൽ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്. മുൻ ഇന്ത്യൻ താരം സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം.

sunil-chhetri-traing-ground

2001ൽ ഡൽഹി പ്രീമിയർ ലീഗിൽ സിറ്റി ക്ലബ് ഡൽഹിയുടെ താരമായിയാണ് ഛേത്രിയുടെ ക്ലബ്ബ് കരിയർ ആരംഭിക്കുന്നത്. ആ യാത്ര 2002ൽ മോഹൻ ബഗാനിൽ എത്തി. തുടർന്ന് ജെസിടി മിൽസിലും ഈസ്റ്റ് ബംഗാളിലും ഡെംപോയിലും കളിച്ചു. പിന്നീട് യുഎസ്എയുടെ കൻസാസ് സിറ്റി വിസാർഡ്‌സ്, പോർച്ചുഗലിന്റെ സ്‌പോർട്ടിംഗ് സിപി റിസർവ്‌സ് എന്നിവയുമായിയുള്ള സഹകരണം ഛേത്രയുടെ കഴിവുകൾ കൂടുതൽ മിനുക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്‌സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എൽ (2019), സൂപ്പർ കപ്പ് (2018) തുടങ്ങിയ കിരീടങ്ങൾ ഉയർത്തി. 

ക്ലബ് വിജയങ്ങൾ ശ്രദ്ധേയമാണെങ്കിലും, അന്തർദേശീയ മൽസരങ്ങളിലും ഛേത്രിയുടെ മാന്ത്രികത കാണാം. നെഹ്‌റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യൻഷിപ്പിലും (2011, 2015, 2021) ഇന്ത്യയുടെ വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2008ലെ എ.എഫ്.സി ചലഞ്ച് കപ്പ് വിജയത്തിലൂടെ  ഇന്ത്യ 27 വർഷത്തിന് ശേഷം ഏഷ്യൻ കപ്പ് പ്രവേശം ഉറപ്പാക്കി. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഹാട്രിക്കുകൾ നേടിയ ഇന്ത്യക്കാരനും ഛേത്രിയാണ്. നാലു തവണ ഛേത്രി ഹാട്രിക് തികച്ചു.

ഛേത്രിയെ വ്യത്യസ്തനാക്കുന്നത് ഗോൾ സ്‌കോറിങ് മികവാണ്. 2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഛേത്രി ഇതുവരെ 94 രാജ്യാന്തര ഗോളുകൾ നേടി. സെഞ്ചറി തികയ്ക്കാനായി ഇനി ആറു ഗോളുകൾ കൂടി ബാക്കി നിൽക്കെയാണ് വിരമിക്കൽ. സജീവമായ താരങ്ങളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അർജന്റീനയുടെ ലയണൽ മെസിക്കും പിന്നിൽ, മൂന്നാമത്തെ അന്താരാഷ്ട്ര ഗോൾ സ്‌കോററായി. 

sunil-chhetri-im-vijayan

2011ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ഒരു എഡിഷനിൽ ആറ് ഗോളുകൾ എന്ന ഇന്ത്യൻ ഇതിഹാസം ഐ.എം വിജയന്റെ റെക്കോർഡ് മറികടന്നു, ഏഴ് ഗോളുകൾ നേടി.  ക്ലബ്ബിലും രാജ്യത്തുടനീളവും, 515 മത്സരങ്ങളിൽ നിന്ന് ഛേത്രിയുടെ ഗോൾ നേട്ടം 252 ആണ്, ഓരോ രണ്ട് ഗെയിമുകളിലും ഒരു ഗോൾ എന്നതാണ് ശരാശരി. ഈ സ്ഥിരതയും കഴിവും ലോകം ശ്രദ്ധിച്ചു. 2022ൽ, അദ്ദേഹത്തിന്റെ ഫുട്ബോൾ യാത്രയും നേട്ടങ്ങളും ആഘോഷിക്കുന്ന ''ക്യാപ്റ്റൻ ഫന്റാസ്റ്റിക്" എന്ന ഡോക്യുമെന്ററി നിർമ്മിച്ച് ഫിഫ അദ്ദേഹത്തെ ആദരിച്ചു.