file photo
ചാംപ്യന്‍സ് ട്രോഫി പരമ്പരയില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുമായി വല്യ ചങ്ങാത്തം കൂടാന്‍ പോകരുതെന്ന് പാക് താരങ്ങള്‍ക്ക് ഉപദേശം. പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ മൊയിന്‍ ഖാന്‍റേതാണ് ഈ അഭിപ്രായപ്രകടനം. എതിരാളികളെ ബഹുമാനിക്കരുതെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ പ്രഫഷനല്‍ മര്യാദ മറുന്നുപോകരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. 'പാക്കിസ്ഥാനും ഇന്ത്യയുമായി കളിക്കുമ്പോള്‍ ഈയിടയായി, നമ്മുടെ കളിക്കാര്‍ അവര്‍ ക്രീസിലെത്തിയാല്‍ ഉടന്‍ ചെന്ന് അവരുടെ ബാറ്റ് തൊട്ടുനോക്കാനും ചുമലില്‍ തട്ടി സ്നേഹം പ്രകടിപ്പിക്കാനും സൗഹൃദ സംഭാഷണത്തിനുമെല്ലാം പോകുന്നുണ്ട്. എനിക്കിതൊന്നും മനസിലാകുന്നില്ല' - മൊയിന്‍ ഖാന്‍ ഉസ്ന ഷായുമായുള്ള പോഡ്കാസ്റ്റില്‍ പറഞ്ഞു.ഫെബ്രുവരി 23ന് ദുബായില്‍ വച്ചാണ് ഇന്ത്യ–പാക്ക് മല്‍സരം.
എതിര്‍കളിക്കാരോട് സംസാരിക്കുന്നത് ഗ്രൗണ്ടില്‍ വേണ്ടെന്നും കളിക്കളത്തിന് പുറത്തുമതിയെന്നുമാണ് തന്‍റെ നിലപാട്. അധികം സൗഹൃദമായാല്‍ ബഹുമാനം നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു. 'ഇന്ത്യയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ കളിക്കളത്തില്‍ വച്ച് സംസാരിക്കുക പോലും വേണ്ടെന്ന് ഞങ്ങളോട് മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞുതരുമായിരുന്നു. നിങ്ങള്‍ കൂട്ടുകൂടാന്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ദൗര്‍ബല്യമായാണ് അവര്‍ കാണുന്നത്'- മൊയിന്‍ പറയുന്നു. താന്‍ കളിച്ചിരുന്ന കാലത്തും ഇന്ത്യന്‍ താരങ്ങളോട് വലിയ ബഹുമാനമുണ്ടായിരുന്നുവെന്നും എന്നാല്‍ അതൊരിക്കലും ഗ്രൗണ്ടില്‍ കാണിക്കാന്‍ നിന്നിട്ടില്ലെന്നും മൊയിന്‍ വ്യക്തമാക്കുന്നു.
'ഞാന്‍ പറയുന്നത് ഇപ്പോഴത്തെ കളിക്കാര്‍ക്ക് എത്രത്തോളം മനസിലാകുമെന്നതില്‍ എനിക്ക് സംശയമുണ്ട്. പക്ഷേ കളിക്കളത്തിലെ സൗഹൃദം പ്രകടനം മോശമാക്കും, സുഹൃത്തുക്കള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കാതിരുന്നതാണ് തന്‍റെ ഏറ്റവും വലിയ സങ്കടമെന്നും മൊയിന്‍ പറഞ്ഞു. പാക്കിസ്ഥാനായി 69 ടെസ്റ്റ് മല്‍സരങ്ങളും 219 ഏകദിനങ്ങളുമാണ് മൊയിന്‍ കളിച്ചിട്ടുള്ളത്.