രോഹിത് ശര്‍മയേയും വിരാട് കോലിയേയും താരതമ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. തന്റെ പരിമിതികള്‍ മനസിലാക്കുന്നതിന് ഒപ്പം ടീമിനെ മുഴുവന്‍ സന്തോഷിപ്പിച്ച് നിര്‍ത്താന്‍ രോഹിത്തിന് സാധിക്കുന്നതായി കപില്‍ ദേവ് പറഞ്ഞു. വിരാട് കോലിയെ പോലെ പെട്ടെന്ന് എക്സൈറ്റഡ് ആവുന്നില്ല രോഹിത് ശര്‍മ എന്നും കപില്‍ ദേവ് പറഞ്ഞു.
'വിരാട് കോലിയുടേത് പോലെയല്ല രോഹിത് ശര്‍മ. ചാടിത്തുള്ളി നടക്കുന്ന പ്രകൃതമല്ല രോഹിത്തിന്റേത്. തന്റെ പരിമിതികളെ കുറിച്ച് രോഹിത്തിന് അറിയാം. എന്നാല്‍ ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത്തിന് സാധിക്കുന്നു. ടീമിനെ മുഴുവന്‍ സന്തോഷിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നു എന്നതും രോഹിത്തിന് അനുകൂലമായ ഘടകമാണ്', കപില്‍ ദേവ് പറയുന്നു.
പല പ്രധാന താരങ്ങളും അവരവര്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്യാപ്റ്റന്‍സി അവര്‍ക്ക് വേണ്ടിയാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ രോഹിത് ശര്‍മ അതല്ല ചെയ്യുന്നത് എന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. എന്നാല്‍ കപില്‍ ദേവിന്റെ കമന്റിന് എതിരെ കോലി ആരാധകര്‍ രംഗത്തെത്തി. മാത്രമല്ല, ട്വന്റി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തിയിട്ടില്ല. അതിന് മുന്‍പ് തന്നെ കോലി–രോഹിത് ക്യാപ്റ്റന്‍സി താരതമ്യങ്ങള്‍ തുടങ്ങിയതായും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
സൂപ്പര്‍ എയ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 41 പന്തില്‍ നിന്ന് 92 റണ്‍സ് പ്രകടനത്തോടെയാണ് രോഹിത് ഇന്ത്യയെ സെമിയിലേക്ക് എത്തിച്ചത്. എന്നാല്‍ മറുവശത്ത് രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത കോലി റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. ട്വന്റി20 ലോകകപ്പിലെ ആറ് ഇന്നിങ്സില്‍ നിന്ന് 66 റണ്‍സ് ആണ് കോലിക്ക് ഇതുവരെ നേടാനായത്. ഇന്ന് സെമി പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ 2022 ട്വന്റി20 ലോകകപ്പില്‍ 10 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ കണക്കും ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ വീട്ടാനുണ്ട്.