അഫ്ഗാനിസ്ഥാന്‍റെ ക്രിക്കറ്റ് വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് ബിസിസിഐയ്ക്കുണ്ട്. സ്വന്തം നാട്ടിലെ സംഘര്‍ഷങ്ങള്‍ പരിഗണിച്ച് പരിശീലനത്തിനും രാജ്യാന്തര മല്‍സരങ്ങള്‍ക്കും ബിസിസിഐയാണ് അഫ്ഗാന് സൗകര്യമൊരുക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്‍റെ 'ഹോം' ഇന്ത്യയാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ഏക ടെസ്റ്റിന്‍റെ രണ്ട് ദിവസവും മഴകൊണ്ടുപോയതോടെ നാണക്കേടിലായിരിക്കുകയാണ് ബിസിസിഐ.
മത്സരം നിശ്ചയിച്ച നോയിഡയിലെ നോയിഡ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടിലെ മോശം ഡ്രെയിനേജ് സംവിധാനമാണ് പരാതിക്ക് കാരണം. മഴമൂലം തിങ്കളാഴ്ച ആദ്യ ദിനം ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിവസം കാര്യമായ മഴയില്ലെങ്കിലും മത്സരത്തിന് യോഗ്യമായ ഗ്രൗണ്ടൊരുക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനായില്ല. ആദ്യ ദിനം ആറു തവണയാണ് അംപയര്‍ ഗ്രൗണ്ട് പരിശോധന നടത്തിയത്. മിഡ് ഓണ്‍, മിഡ് വിക്കറ്റ് ഏരിയയിലെ വെള്ളക്കെട്ടും 30 യാര്‍ഡ് സര്‍ക്കിളിനുള്ളിലെ വിവിധിയിടത്തെ മോശം അവസ്ഥയും കാരണമാണ് ആദ്യ ദിനം ഉപേക്ഷിച്ചത്.
ആദ്യമായാണ് അഫ്ഗാനും ന്യൂസിലാന്‍ഡും തമ്മില്‍ കളിക്കുന്നത്. ആദ്യ അവസരം തന്നെ നഷ്ടമായതില്‍ അസംതൃപ്തരാണ് അഫ്ഗാന്‍ ടീം. ഇനി ഗ്രേറ്റര്‍ നോയിഡയിലേക്കില്ലെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി പറഞ്ഞത്. നേരത്തെ ബന്ധപ്പെട്ടവരുമായി സംസാരിച്ചതാണ്. എല്ലാ സൗകര്യങ്ങളും ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ അവസ്ഥയില്‍ താരങ്ങള്‍ അസംതൃപ്തരാണെന്നും ടീം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തിയ പിച്ച് പരിശോധനയിലും ഗ്രൗണ്ട് മത്സര യോഗ്യമല്ലാത്തതിനാല്‍ രണ്ടാം ദിനവും ഉപേക്ഷിച്ചു. നാളെ 8.30 ക്കാണ് അടുത്ത പരിശോധന.
ഗ്രൗണ്ട് ഒരുക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് ഉപയോഗിച്ച രീതിയിലും വിമര്‍ശനം ഉയരുന്നുണ്ട്. പരിശീലന ഗ്രൗണ്ടിന്‍റെ പുൽത്തകിടികൾ മൈതാനത്ത് മറ്റി സ്ഥാപിക്കുകയാണെന്നും നനവുള്ള ഭാഗം ഉണക്കാന്‍ ഇലക്ട്രിക് ഫാന്‍ ഉപയോഗിക്കുകയാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണയായി ലഖ്നൗവിലും ഡെറാഡൂണിലുമാണ് അഫ്ഗാനിസ്ഥാന്‍റെ പരിശീലനം നടത്താറുള്ളത്. ഈ രണ്ട് നഗരങ്ങള്‍ അഫ്ഗാന്‍ പരിഗണിച്ചെങ്കിലും പ്രാദേശിക ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാലാണ് നോയിഡ അനുവദിച്ചത്.