പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. 'ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു’ എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്.
വിനേഷ് ഫോഗട്ടിനെ വിലക്കിയത് ഒളിംപിക്സ് നിയമാവലി അനുസരിച്ചെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ടുതവണ പരിശോധന നടത്തിയപ്പോഴും ഭാരം കൂടുതലായിരുന്നു. മതിയായ എല്ലാ സൗകര്യവും താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് നല്‍കിയിരുന്നെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. കായികമന്ത്രിയുടെ പ്രസ്താവനയ്ക്കിടെ ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. യുണൈറ്റഡ് വേള്‍ഡ് റെസ്‍ലിങ്ങിനാണ് അപ്പീല്‍ നല്‍കിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.പി രംഗത്തെത്തി. വിനേഷ് ഫോഗട്ടിന്‍റെ മെഡലുകള്‍ക്ക് വില കല്‍പിക്കാത്ത പലരും ഉണ്ട്. വിനേഷ് ഫോഗട്ടിനായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പറഞ്ഞത് ശരിയായില്ല. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ 140 കോടി ഇന്ത്യക്കാര്‍ നിരാശരാണെന്നും ഷാഫി ലോക്സഭയില്‍ പറഞ്ഞു.
വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത മനസിലാക്കാന്‍ കഴിയാത്ത കാര്യമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മാനേജുമെന്‍റും സപ്പോര്‍ട്ടിങ് ടീമും പരിശീലകരും എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഷെല്‍ജ ചോദിച്ചു. സര്‍ക്കാരും ഇന്ത്യന്‍ ഒളിംപിക് മാനേജ്മെന്‍റ് കമ്മിറ്റിയും ഇതിന് ഉത്തരം പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.