പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകളുമായി നീരജ് ചോപ്ര ഇന്ന് ജാവലിന്‍ ത്രോ ഫൈനലില്‍ മത്സരിക്കും. രാത്രി 11.55നാണ് ഫൈനല്‍ തുടങ്ങുക. നിലവിലെ ഒളിംപിക്, ലോക ജേതാവായ നീരജിന്‍റെ വെല്ലുവിളി ഉയര്‍ത്തി 11 പേര്‍ കൂടി മത്സരരംഗത്തുണ്ടാകും.
വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യതയിലൂടെ ഹൃദയം പൊട്ടിയ ടീം ഇന്ത്യക്ക് നീരജ് ചോപ്ര ഇന്ന് ആശ്വാസത്തിന്‍റെ സ്വര്‍ണം സമ്മാനിക്കുമോ എന്ന കാത്തിരിപ്പിലാണ് രാജ്യം. ടോക്കിയോയില്‍ കുറിച്ച ചരിത്രം ആവര്‍ത്തിക്കാന്‍ നീരജ് ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. യോഗ്യത റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.34 മീറ്റര്‍ എറിഞ്ഞ് ഒന്നാമനായാണ് നീരജ് യോഗ്യത നേടിയത്. ടോക്കിയോയില്‍ നീരജ് സ്വര്‍ണത്തിനായി എറിഞ്ഞത് 87.58 മീറ്റര്‍ മാത്രമായിരുന്നു.
പാരീസിലെ ഫൈനലില്‍ നീരജിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ അനവധിയാണ്. ഗ്രനേഡയുെട ആന്‍ഡേഴ്സണ്‍ പീറ്റേര്‍സ് ആണ് ഒരാള്‍. യോഗ്യത റൗണ്ടില്‍ 88.63 മീറ്റര്‍ എറിഞ്ഞ് നീരജിന് പിന്നില്‍ രണ്ടാമത്. 93.07 മീറ്റര്‍ ആണ് ആന്‍ഡേഴ്സന്‍റെ കരിയര്‍ ബെസ്റ്റ്. കെനിയയുടെ ജൂലിയസ് യെഗോ, ചെക്കിയയുടെ യാക്കൂബ് വാള്‍ഡെയ്ഹ്, പാകിസ്താന്‍റെ അര്‍ഷദ് നദീം, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരും സ്വര്‍ണ പോരാട്ടത്തിന്‍റെ മാറ്റ് കൂട്ടും.
ഇവരില്‍ വെബ്ബര്‍ ഒഴികെ ബാക്കിയെല്ലാ താരങ്ങളും 90 മീറ്ററിന് മുകളില്‍ ദൂരം കണ്ടെത്തിയവരാണ്. പക്ഷേ, സീസണിലെ പ്രകടനം നോക്കുമ്പോള്‍ ഇവരെല്ലാവരും നീരജിന് പിന്നിലാണ്. അതാണ് നീരജിന്‍റെ സ്വര്‍ണ സാധ്യത വര്‍ധിപ്പിക്കുന്നത്. കരിയര്‍ ബെസ്റ്റ് എന്തായാലും ഒളിംപിക്സ് പോലൊരു വേദിയിലെ പ്രകടനമാണ് പ്രധാനം. അവിടെ നീരജ് മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്നാണ് യോഗ്യത റൗണ്ടിലെ പ്രകടനം തെളിയിക്കുന്നത്. ആ പ്രകടനം ആവര്‍ത്തിച്ചാല്‍ മെഡല്‍ പോഡിയത്തില്‍ ആദ്യമായി ത്രിവര്‍ണ പതാകയ്ക്കൊപ്പം ദേശീയ ഗാനവും ഉയരും.