നോര്‍ത്ത് പാരിസ് ബോക്സിങ്ങ് അരീനയില്‍ ആതിഥേയരുെട ഡേവിന മിക്കലിനെ അഭയാര്‍ഥി ടീമംഗം സിന്‍ഡി വിന്നര്‍ എന്‍ഗാംബെ ഇടിച്ചുവീഴ്ത്തിയപ്പോള്‍ പിറന്നത് ഒളിംപിക്സിലെ ചരിത്രം. പേരുപറയാന്‍ ഒരു രാജ്യമോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പതാകയോ ഇല്ലാതെ ഒളിംപിക്സ് വേദിയിലേക്ക് എത്തിയ സിന്‍ഡി അഭയാര്‍ഥി ടീമിനായി മെഡല്‍ നേടുന്ന ആദ്യ താരമായി.
75 കിലോ വിഭാഗത്തിലാണ് സിന്‍ഡി മെഡലുറപ്പിച്ച് സെമിഫൈനലിന് യോഗ്യത നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ പാനമയുടെ അതീന ബൈലണെയാണ് സിന്‍ഡി നേരിടേണ്ടത്.
37 അംഗ അഭയാര്‍ഥി ടീമിനെ നയിച്ച് ഉദ്ഘാടന ചടങ്ങില്‍ പതാകയേന്തിയത് സിന്‍ഡിയായിരുന്നു. പതിനൊന്നാം വയസിലാണ് കാമറൂണില്‍ നിന്ന് സിന്‍ഡി ബ്രിട്ടനിലെത്തുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ നഷ്ടമായതിനാല്‍ സിന്‍ഡിക്കും ബന്ധുക്കള്‍ക്ക് കാമറൂണിലേക്ക് മടങ്ങിപോകാന്‍ കഴിയാതെയായി.
പിന്നീട് സ്വവര്‍ഗാനുരാഗിയെന്ന് തുറന്നുപറഞ്ഞതോെട സിന്‍ഡിക്ക് ബ്രിട്ടന്‍ അഭയാര്‍ഥി പദവി നല്‍കി. സ്വവര്‍ഗാനുരാകം കാമറൂണില്‍ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബ്രീട്ടീഷ് ബോക്സിങ്ങ് ടീമിനൊപ്പമാണ് സിന്‍ഡിയുടെ പരിശീലനം.