ഓപ്പണിങ് ഗെയിം നഷ്ടപ്പെട്ട് തുടക്കം. എന്നാല്‍ ജന്മദിനത്തിന്റെ അന്ന് തോല്‍വിയുടെ കയ്പുനീര്‍ നുണയാന്‍ ആയിരുന്നില്ല ശ്രീജ അകുലയുടെ തീരുമാനം. വനിതാ സിംഗിള്‍സ് ടേബിള്‍ ടെന്നീസില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് ശ്രീജ തന്റെ 26ാം ജന്മദിനം ആഘോഷമാക്കി. ഒളിംപിക്സില്‍ ടേബിള്‍ ടെന്നീസില്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരം എന്ന നേട്ടം ശ്രീജ പാരിസില്‍ സ്വന്തമാക്കി.
9-11ന് ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും 12-10, 11-4, 11-5, 10-12 സ്കോറിന് ജയം പിടിച്ചാണ് ശ്രീജ അകുല പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയത്. 'പ്രയാസമേറിയ മത്സരമായരുന്നു. പക്ഷേ എന്നില്‍ വിശ്വസിച്ച് ഞാന്‍ തിരിച്ചടിച്ച് തിരികെ കയറി. ജന്മദിനത്തില്‍ നേടാനായ ഈ ജയം കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു, പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിന് പിന്നാലെ ശ്രീജയുടെ വാക്കുകള്‍ ഇങ്ങനെ...
രണ്ടാം ഗെയിമില്‍ ആദ്യം നേടിയ 3 പോയിന്റിന്റെ ലീഡ് പിന്നീടെ നഷ്ടപ്പെടുത്തിയെങ്കിലും ടൈ ബ്രേക്കറില്‍ കളി പിടിക്കാന്‍ ശ്രീജയ്ക്കായി. അവിടെ നിന്ന് ആത്മവിശ്വാസം തിരികെ പിടിച്ചായിരുന്നു 51 മിനിറ്റ് നീണ്ട മത്സരം ശ്രീജ തനിക്ക് അനുകൂലമാക്കിയത്. 3,4 ഗെയിമുകളില്‍ ശ്രീജയുടെ ആധിപത്യമാണ് കണ്ടത് എങ്കിലും അഞ്ചാമത്തെ ഗെയിമില്‍ സെങ് തിരിച്ചടിച്ചു. എന്നാല്‍ തന്റെ മനസാന്നിധ്യം കൈവിടാതെ ആറാം ഗെയിം ജയിച്ച് അകുല പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
സീസണിലെ മികച്ച ഫോം തുടരുകയാണ് പാരിസിലും അകുല. തന്റെ കരിയര്‍ ബെസ്റ്റ് റാങ്കായ 24ലേക്ക് ജൂണിലായിരുന്നു ശ്രീജ അകുല എത്തിയത്. ഇതിലൂടെ ഇന്ത്യന്‍ വനിതാ സിംഗിള്‍സ് താരങ്ങളില്‍ മനിക ബത്രയെ മറികടന്ന് ശ്രീജ ഒന്നാമതെത്തുകയും ചെയ്തു. ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടിയും ഡബ്ല്യുടിടി കണ്ടന്റര്‍ സിംഗിള്‍സ് കിരീടം നേടിയും ടേബിള്‍ ടെന്നീസില്‍ ശ്രീജ തന്റെ പേര് ഉറപ്പിച്ചിരുന്നു.