8-2ന് പിന്നില്‍ നിന്നിടത്ത് നിന്ന് 18-21ന് ആദ്യ ഗെയിം പിടിച്ചു. 12-21ന് രണ്ടാമത്തെ ഗെയിമും.. പാരിസ് ഒളിംപിക്സിലെ തന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ജോനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തി ലക്ഷ്യാ സെന്‍ വിജയം ആഘോഷിച്ചത് ഇങ്ങനെ. മത്സരത്തിന് പിന്നാലെ, തകര്‍പ്പന്‍ തിരിച്ചുവരവിനൊപ്പം ഇന്തോനേഷ്യന്‍ താരത്തിന് എതിരെ വന്ന ലക്ഷ്യയുടെ നോ ലുക്ക് ഷോട്ടുള്‍പ്പെടെ ആഘോഷമാക്കുകയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍.
'സെന്‍'സേഷണല്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരാധക പ്രതികരണങ്ങള്‍. 19-18 എന്ന നിലയില്‍ ലീഡ് എടുത്ത് നില്‍ക്കുന്ന സമയം വന്ന ലക്ഷ്യാ സെന്നിന്റെ ക്രിസ്റ്റിക്കെതിരായ ഷോട്ടാണ് വലിയ കയ്യടി നേടുന്നത്. ക്രിസ്റ്റിയുടെ പവര്‍ഫുള്‍ സ്മാഷ് ലക്ഷ്യാ സെന്നിനെ ബാക്ക്ഫൂട്ടിലാക്കുമെന്ന് തോന്നിച്ചു. എന്നാല്‍ തന്റെ അതിശയിപ്പിക്കുന്ന നോ ലുക്ക് ഷോട്ടിലൂടെ ലക്ഷ്യാ സെന്‍ നിര്‍ണായക പോയിന്റ് സ്വന്തമാക്കി.
പാരിസില്‍ ഏറ്റുമുട്ടുന്നതിന് മുന്‍പ് ക്രിസ്റ്റിയും ലക്ഷ്യാ സെന്നും നേര്‍ക്കുനേര്‍ വന്നത് അഞ്ച് വട്ടം. അതില്‍ ലക്ഷ്യക്ക് ജയിക്കാനായത് ഒരു വട്ടം മാത്രം. എന്നാല്‍ പാരിസ് ഒളിംപിക്സില്‍ പോയിന്റില്‍ പിന്നില്‍ നിന്നിടത്ത് നിന്നും തിരികെ കയറി ക്രിസ്റ്റിയെ വീഴ്ത്തി ലക്ഷ്യ ആധിപത്യം നേടി. 2-8 എന്ന് പിന്നില്‍ നിന്നിടത്ത് നിന്നും തുടരെ ഏഴ് പോയിന്റ് നേടിയാണ് ലക്ഷ്യ തിരികെ കയറിയത്.