pv-sindhu

TOPICS COVERED

കഴിഞ്ഞ രണ്ട് ഒളിംപിക്സുകളില്‍ ഇന്ത്യയുടെ അഭിമാനമായ പി.വി.സിന്ധു മെഡല്‍ത്തുടര്‍ച്ചയ്ക്കായി ഇന്ന് പാരിസിലിറങ്ങുന്നു. തുടര്‍ച്ചയായ മൂന്ന് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകും സിന്ധുവെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കടുത്ത പരിശീലന മുറകളിലൂടെ കടന്നുപോയ ശേഷമാണ് സിന്ധു പാരിസിലേക്ക് വണ്ടികയറിയത്. 

റിയോയില്‍ വെള്ളി, ടോക്കിയോയില്‍ വെങ്കലം...ഇനി ആഗ്രഹിക്കാം ഒരു സുവര്‍ണനേട്ടം. നൂറ്റിപതിനൊന്നാം റാങ്കുകാരി മാലദ്വീപിന്‍റെ ഫാത്തിമാത് റസാഖുമായാണ് സിന്ധു ഇന്ന് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് Mലെ സിന്ധുവിന്‍റെ രണ്ടാം മല്‍സരം എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബയുമായാണ്. ഇരുമല്‍സരങ്ങളും ജയിച്ചാല്‍ സിന്ധുവിന് ടോപ് 16ലേക്ക് കടക്കാം. പാരിസിലും മെഡല്‍ കുറഞ്ഞതൊന്നും സിന്ധു പ്രതീക്ഷിക്കുന്നില്ല.

പരുക്കിന് പിന്നാലെ പാരിസ് ഒളിംപിക്സ് ലക്ഷ്യമിട്ട് ജര്‍മനിയില്‍ പരിശീലനം നടത്തിയ ശേഷമാണ് സിന്ധുവിന്‍റെ വരവ്. പാരിസിലെ കാലാവസ്ഥ, ഉയരം, സാഹചര്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നതിനായി കഠിന പരിശീലനം. അതിനായി ജര്‍മനിയിലെ സ്പോര്‍ട്സ് ക്യാംപില്‍ ഓക്സിജന്‍ കുറച്ചുള്ള ഹൈപോക്സിക് ചേംമ്പറിലും സിന്ധു ജീവിതം പരിചയിച്ചു.  പ്രകാശ് പദുക്കോണിന്‍റെ ശിക്ഷണം കൂടിയാകുമ്പോള്‍ പാരിസില്‍ ഇന്ത്യയുടെ തികഞ്ഞൊരു മെഡല്‍ പ്രതീക്ഷയായി മാറി നേട്ടത്തില്‍ സിന്ധു ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

PV Sindhu Hopes to Create History at Paris 2024: