ചിത്രം;instagram.com/ridhimapandit, facebook.com/shubmangillofficialpage
ശുഭ്മാന്‍ഗില്ലിനെ വിവാഹം കഴിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് നടി റിഥിമ പണ്ഡിറ്റ്. ഡിസംബറില്‍ ഇരുവരുടെയും വിവാഹമാണെന്ന് ചില മാധ്യമങ്ങളില്‍ വന്നതോടെയാണ് റിഥിമയ്ക്ക് അഭിനന്ദന സന്ദേശങ്ങളെ കൊണ്ട് പൊറുതിമുട്ടിയത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാവിലെ മുതല്‍ വാര്‍ത്ത നിഷേധിച്ച് മടുത്തുവെന്നും റിഥിമ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
'ആളുകള്‍ ഓരോന്ന് സങ്കല്‍പ്പിച്ചുണ്ടാക്കുന്നതാണ്. ആരോ ഒരാള്‍ വാര്‍ത്ത ഉണ്ടാക്കി. അത് അതിവേഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. എനിക്ക് സത്യത്തില്‍ ശുഭ്മന്‍ ഗില്ലിനെ വ്യക്തിപരമായി അറിയുക പോലുമില്ല. ഇത് തികഞ്ഞ അസംബന്ധമാണ്. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതാണ്. മറുപടി പറഞ്ഞ് ഞാന്‍ മടുത്തു. ഒടുവില്‍ എന്‍റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാമെന്ന് വരെ തീരുമാനിക്കുകയായിരുന്നു'വെന്ന് റിഥിമ പറയുന്നു.
തനിക്ക് നിലവില്‍ പ്രണയബന്ധങ്ങളില്ലെന്നും എന്നാല്‍ വിവാഹിതയാവുന്നതില്‍ മടിയില്ലെന്നും റിഥിമ വെളിപ്പെടുത്തി. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് കൊണ്ട് നല്ല ആലോചനകള്‍ കൂടി മുടങ്ങിപ്പോകും. വിവാഹം കഴിച്ച് ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റിഥിമ കൂട്ടിച്ചേര്‍ത്തു.
അഭ്യൂഹങ്ങള്‍ നിഷേധിച്ച് റിഥിമ ഇന്‍സ്റ്റഗ്രാമിലും രാവിലെ പോസ്റ്റ് ചെയ്തിരുന്നു.'ഇതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. കുറേയധികം പേര്‍ക്ക് അറിയേണ്ടത് എന്‍റെ വിവാഹത്തെ കുറിച്ചാണ്. അതും ആരെ? ഇല്ല, അത് നടക്കാന്‍ പോകുന്നില്ല. അങ്ങനെ എന്തെങ്കിലും എന്‍റെ ജീവിതത്തില്‍ ഉണ്ടായാല്‍ എല്ലാവരെയും അറിയിക്കും. ഇപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല' എന്നായിരുന്നു കുറിപ്പ്. പിന്നാലെ ഇത് നീക്കം ചെയ്തു.