rohit-hardik

സീസണില്‍ ഉടനീളം മുംബൈ ക്യാംപിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ക്യാപ്റ്റന്‍സി മാറ്റത്തില്‍ മുംബൈ ആടിയുലഞ്ഞപ്പോള്‍ സീസണ്‍ അവസാനത്തിലേക്ക് എത്തുമ്പോഴും ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹര്‍ദിക് ബാറ്റ് ചെയ്യാന്‍ എത്തിയ സമയം രോഹിത്, സൂര്യകുമാര്‍, തിലക് വര്‍മ എന്നിവര്‍ എഴുന്നേറ്റ് പോയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. നെറ്റ്സില്‍ പരിശീലനത്തിനായി ഹര്‍ദിക് എത്തിയപ്പോഴാണ് സംഭവം എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹര്‍ദിക്കും രോഹിത്തും സീസണില്‍ ഒരുമിച്ച് പരിശീലനം നടത്തിയ സംഭവങ്ങള്‍ കുറവായിരുന്നു. കൊല്‍ക്കത്തക്കെതിരായ മല്‍സരത്തിന് മുന്‍പ് നെറ്റ്സില്‍ രോഹിത് പരിശീലനം നടത്തുന്ന സമയം ഹര്‍ദിക് വിട്ടുനിന്നു. പിന്നാലെ രോഹിത്, സൂര്യകുമാര്‍, തിലക് വര്‍മ എന്നിവര്‍ ഒന്നിച്ചിരിക്കുന്ന സമയം ഹര്‍ദിക് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഈ മൂന്ന് പേരും എഴുന്നേറ്റ് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊല്‍ക്കത്തക്കെതിരായ മല്‍സരത്തിന് മുന്‍പ് കൊല്‍ക്കത്ത അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമായുള്ള രോഹിത്തിന്റെ സംഭാഷണവും ചര്‍ച്ചയാവുന്നു. ഹര്‍ദിക് ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ചാണ് രോഹിത് ഇവിടെ അഭിഷേകുമായി സംസാരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുംബൈക്ക് ഒപ്പമുള്ള തന്റെ അവസന സീസണായിരിക്കും ഇത് എന്ന് രോഹിത് അഭിഷേകിനോട് പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.