ആദ്യ പന്തില്‍ കോലി റണ്‍ ഔട്ട് ആയിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ? ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരുപക്ഷേ ആര്‍സിബി പരാജയപ്പെട്ടേനെ. റണ്‍ ഔട്ട് ആകാതെ കോലി രക്ഷപെട്ടതില്‍ ഏറ്റവുമധികം സന്തോഷിച്ചൊരാളെ ഇന്നലെ ബെംഗളൂരുവിലെ ഗാലറിയില്‍ ആരാധകര്‍ കണ്ടു. മകന്‍ അകായ് പിറന്ന ശേഷം കോലിയുടെ കളി കാണാന്‍ എത്തിയ അനുഷ്കയിലേക്കായിരുന്നു കാമറക്കണ്ണുകളത്രയും.
ക്രീസിലെത്തി നില്‍പ്പുറപ്പിച്ചതിന് പിന്നാലെയാണ് ആദ്യ പന്ത് ഡേവിഡ് മില്ലര്‍ അതിമനോഹരമായി തടഞ്ഞ് കീപ്പര്‍ എന്‍ഡിലേക്ക് എറിഞ്ഞത്. ബാറ്റ് വരെ തെറിച്ചു പോയ കോലി പന്തെത്തുമ്പോള്‍ പരിസരത്ത് പോലും ഉണ്ടായില്ല. ഭാഗ്യം ആര്‍സിബിക്കും കോലിക്കുമൊപ്പം നിന്നത് കൊണ്ട് മാത്രം റണ്‍ ഔട്ടായില്ല. ആശ്വാസം കൊണ്ട് കണ്ണുകള്‍ വിടര്‍ന്ന അനുഷ്കയുടെ മുഖം സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനുകളില്‍ തെളിഞ്ഞു. 27 പന്തില്‍ 42 റണ്‍സെടുത്താണ് ഒടുവില്‍ കോലി മടങ്ങിയത്.
മേയ് ഒന്നിനാണ് അനുഷ്ക തന്‍റെ 36–ാം ജന്‍മദിനം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചത്. നിന്നെ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഞാനുണ്ടാവുമായിരുന്നില്ലെന്നും ഞങ്ങളുടെ ജീവിതത്തിന്‍റെ പ്രകാശമാണ് നീയെന്നും പിറന്നാള്‍ സന്ദേശമായി കോലി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഫെബ്രുവരി പതിനഞ്ചിനാണ് ഇരുവര്‍ക്കും അകായ് പിറന്നത്.
13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി , ടൈറ്റന്‍സിനെതിരെ ലക്ഷ്യം കണ്ടത്. 23 പന്തില്‍ 64 റണ്‍സെടുത്ത ഡുപ്ലെസിയും കോലിയും ദിനേഷ് കാര്‍ത്തികുമാണ് ബെംഗളൂരുവിന് വിജയം എളുപ്പമാക്കിയത്. ടോസ് നേടിയ ആര്‍സിബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.