rishabh-pant

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള മല്‍സരത്തില്‍ വലിയ തോല്‍വി നേരിട്ടത്തിനൊപ്പം കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ തുക പിഴയും ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപയാണ് പിഴയിട്ടത്. മറ്റ് ടീമംഗങ്ങള്‍ മാച്ച് ഫീസിന്‍റെ 25 ശതമാനമോ അറു ലക്ഷം രൂപയോ ഏതാണ് കുറവ് എന്നതിന് അനുസരിച്ചാണ് പിഴ നല്‍കണം. എന്നാല്‍ ഇതേ രീതിയില്‍ അടുത്ത മല്‍സരത്തിലും നടപടി വന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനില്ലാതെ ഒരു മല്‍സരം കളിക്കേണ്ടി വരും. 

 

 

രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പന്തിനെതിരെ നടപടി വരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപ പിഴയിട്ടിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മൂന്നാമതൊരു നടപടി വന്നാല്‍ പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മല്‍സരത്തില്‍ വിലക്കും ലഭിക്കും. ഇതോടൊപ്പം മറ്റു ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷം രൂപയോ പിഴ ലഭിക്കും. 

 

ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 106 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 85 റണ്‍സെടുത്ത സുനില്‍ നരെയ്നും 54 റണ്‍സെടുത്ത അന്‍ക്രിഷ് രഘുവന്‍ഷിയുടെയും പ്രകടനത്തില്‍ 272 റണ്‍സ് എന്ന പടകൂറ്റന്‍ ലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡല്‍ഹി ക്യാപിറ്റലിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിങില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 166 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടോപ്പ് സ്കോറര്‍.