hardik-bumrah-1

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റേഴ്സ് റണ്‍സ് വാരുന്ന സമയം ബുമ്രയുടെ കൈകളിലേക്ക് പന്ത് നല്‍കാന്‍ ഹര്‍ദിക് വൈകിയതാണ് ഇര്‍ഫാന്‍ പഠാനെ പ്രകോപിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. 

സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നിങ്സിന്റെ 13ാം ഓവര്‍ വരെ എത്തിയപ്പോള്‍ ഒരു ഓവര്‍ മാത്രമാണ് ബുമ്ര പന്തെറിഞ്ഞത്. ട്രാവിസ് ഹെഡ്ഡും അഭിഷേക് ശര്‍മയും ബാറ്റ് ചെയ്ത സമയം ബുമ്രയ്ക്ക് ഹര്‍ദിക് ഒരോവര്‍ കൂടി നല്‍കിയിരുന്നു എങ്കില്‍ ഹൈദരാബാദിനെ അവര്‍ക്ക് 250 റണ്‍സില്‍ പിടിച്ചുകെട്ടാന്‍ സാധിച്ചേനെ. ബുമ്രയാണ് മുംബൈയുടെ ഏറ്റവും മികച്ച ബൗളര്‍. എന്നാല്‍ 13ാം ഓവര്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് ബുമ്രയ്ക്ക് ഹര്‍ദിക് രണ്ടാമത്തെ ഓവര്‍ നല്‍കിയത്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങിനേയും ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിക്കുന്നു. ടീമിലെ മറ്റ് താരങ്ങളെല്ലാം 200 എന്ന സ്ട്രൈക്ക്റേറ്റില്‍ കളിക്കുമ്പോള്‍ 120 എന്ന സ്ട്രൈക്ക്റേറ്റില്‍ ക്യാപ്റ്റന്‍ കളിക്കുന്നത് ശരിയല്ലെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഹൈദരാബാദിന് എതിരെ ബാറ്റ് ചെയ്ത മുംബൈ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക്റേറ്റ് ഹര്‍ദിക്കിന്റേതാണ്. നേരിട്ട ആദ്യ മൂന്ന് പന്തില്‍ നിന്ന് ഹര്‍ദിക് 11 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ 20 പന്തില്‍ നിന്ന് 24 റണ്‍സ് ആണ് പുറത്താകുമ്പോള്‍ ഹര്‍ദിക്കിന്റെ സ്കോര്‍. 

സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ചെയ്സ് ചെയ്യവെ മുംബൈ ജയം തൊടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ‍ഡെത്ത് ബോളിങ് മികവിലൂടെ മുംബൈയെ ഗുജറാത്ത് വീഴ്ത്തി. ഇവിടെ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങിയ ഹര്‍ദിക്കിന്റെ നീക്കം ഉള്‍പ്പെടെ വിവാദമായിരുന്നു.