രോഹിത് ശര്‍മയെ ലോങ് ഓണിലേക്ക് ഫീല്‍ഡ് ചെയ്യാന്‍ വിട്ട ഹര്‍ദിക് പാണ്ഡ്യയുടെ നീക്കം ആരാധകരില്‍ നിന്ന് വലിയ വിമര്‍ശനമാണ് നേരിട്ടത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാമത്തെ കളിയിലേക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഹര്‍ദിക്കിനെ രോഹിത് ശര്‍മ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യിച്ചു. അടിക്ക് തിരിച്ചടിയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.
മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തലങ്ങും വിലങ്ങും ആക്രമിച്ചതോടെ ഫീല്‍ഡ് പ്ലേസ്മെന്റിന്റെ ഉത്തരവാദിത്വം രോഹിത് ഏറ്റെടുക്കുകയായുരുന്നു. ഈ സമയമാണ് ഡീപ്പില്‍ ഹര്‍ദിക്കിനെ രോഹിത് ഫീല്‍ഡ് ചെയ്യിപ്പിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
രോഹിത് ശര്‍മ ഫീല്‍ഡ് പ്ലേസ്മെന്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് തടയിടാനായില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്കാണ് ഹൈദരാബാദ് എത്തിയത്. 11 വര്‍ഷം മുന്‍പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ 263 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ടോട്ടല്‍. 18 സിക്സും 19 ഫോറുമാണ് ഹൈദരാബാദ് ബാറ്റേഴ്സില്‍ നിന്ന് വന്നത്.
ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് 18 പന്തില്‍ നിന്ന് അര്‍ധ ശതകം കണ്ടെത്തി ഹൈദരാബാദിന്റെ കുതിപ്പിന് തുടക്കമിട്ടു. ഹെഡ്ഡിനൊപ്പം കട്ടയ്ക്ക് അഭിഷേക് ശര്‍മയും. ഇതോടെ ഏഴ് ഓവറില്‍ ഹൈദരാബാദ് സ്കോര്‍ 113 റണ്‍സിലെത്തി. 24 പന്തില്‍ നിന്നാണ് ഹെഡ് 62 റണ്‍സ് എടുത്തത്. 9 ഫോറും മൂന്ന് സിക്സും ഹെഡ്ഡിന്റെ ബാറ്റില്‍ നിന്ന് വന്നു, 7 സിക്സും മൂന്ന് ഫോറും പറത്തി 23 പന്തില്‍ നിന്ന് 63 റണ്‍സ് ആണ് അഭിഷേക് അടിച്ചെടുത്തത്. അഭിഷേകാണ് കളിയിലെ താരം.
ക്ലാസന്റേയും മര്‍ക്രത്തിന്റേയും വെടിക്കെട്ട് കൂടി വന്നതോടെ ഹൈദരാബാദ് കൂറ്റന്‍ സ്കോറിലേക്ക് എത്തി. 34 പന്തില്‍ നിന്ന് നാല് ഫോറും ഏഴ് സിക്സും പറത്തി 80 റണ്‍സ് ആണ് ക്ലാസന്‍ നേടിയത്. കൂറ്റന്‍ സ്കോര്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് വേണ്ടി ബാറ്റേഴ്സ് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ശ്രമിച്ചു. മുംബൈയുടെ ആദ്യ മൂന്ന് ബാറ്റേഴ്സിന്റേയും സ്ട്രൈക്ക്റേറ്റ് 200ന് മുകളിലാണ്. എന്നാല്‍ വിജയ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കും വിധം ക്രീസില്‍ നിന്ന് കളിക്കാന്‍ ഇവര്‍ക്കായില്ല. 34 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍.
Rohit sharma placed hardik pandya near the boundary line