ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഡാരില്‍ മിച്ചലിന്റെ ആദ്യ ഓവര്‍. മിച്ചലിനെതിരെ സ്ട്രെയിറ്റ് ഡ്രൈവ് കളിക്കാനുള്ള വിജയ് ശങ്കറിന്റെ ശ്രമം പാളി. പ്രായം 42ല്‍ എത്തിയൊരു താരം തന്റെ വലത്തേക്ക് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത് പന്ത് ഭദ്രമായി കൈക്കലാക്കുന്നു. ഈ സമയം കമന്ററി ബോക്സിലിരുന്ന് സുനില്‍ ഗാവസ്കര്‍ പറഞ്ഞു, ദി മാന്‍...
പ്രായം വെറും സംഖ്യ മാത്രമെന്ന് ധോണി ഒരിക്കല്‍ കൂടി തെളിയിച്ച നിമിഷം ചെപ്പോക്ക് ഇളകി മറിഞ്ഞു. 42ാം വയസിലും തന്റെ ഫിറ്റ്നസ് നിലവാരം എത്രമാത്രം എന്ന് ധോനി ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ധോണിയുടെ ഡൈവിങ് ക്യാച്ച് സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. 12 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രം എടുത്ത് നില്‍ക്കെയാണ് വിജയ് ശങ്കര്‍ ധോണിയുടെ കൈകളിലേക്ക് എത്തിയത്.
ഗുജറാത്തിന് എതിരെ 63 റണ്‍സിനാണ് ചെന്നൈയുടെ ആധികാരിക ജയം. ലീഗ് ഘട്ട മല്‍സരത്തില്‍ ഇത് ആദ്യമായാണ് ഗുജറാത്തിനെ ചെന്നൈ തോല്‍പ്പിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കി. 36 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്സും ഉള്‍പ്പെടെ ക്യാപ്റ്റന്‍ ഋതുരാജ് 46 റണ്‍സ് നേടി. സ്പെന്‍സര്‍ ആറ് ഋതുരാജിനെ സാഹയുടെ കൈകളിലെത്തിച്ച് മടക്കിയത്. 20 പന്തില്‍ നിന്നാണ് രചിന് രവീന്ദ്ര 46 റണ്‍സ് നേടിയത്. ആറ് ഫോറും മൂന്ന് സിക്സും രചിന്റെ ബാറ്റില്‍ നിന്ന് വന്നു. റാഷിദിന്റെ പന്തില്‍ രചിനെ സാഹ സ്റ്റംപ് ചെയ്ത് മടക്കി.
12 റണ്‍സ് എടുത്ത് നില്‍ക്കെ രഹാനെയെ സായ് കിഷോറിന്റെ പന്തില്‍ സാഹ സ്റ്റംപ് ചെയ്തു. എന്നാല്‍ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ് ചെന്നൈയെ തുണച്ചു. 23 പന്തില്‍ നിന്ന് രണ്ട് ഫോറും അഞ്ച് സിക്സും പറത്തി 51 റണ്‍സ് ആണ് ദുബെ നേടിയത്. ഡാരില്‍ മിച്ചല്‍ 24 റണ്‍സും സമീര്‍ റിസ്വി 6 പന്തില്‍ നിന്ന് 14 റണ്‍സും നേടി. ഏഴ് റണ്‍സ് എടുത്ത ജഡേജ അവസാന പന്തില്‍ റണ്‍ഔട്ടായി.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സായ് സുദര്‍ശനാണ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഗുജറാത്തിന്റെ ടോപ് സ്കോറര്‍. 31 പന്തില്‍ നിന്ന് 37 റണ്‍സ് ആണ് സായ് നേടിയത്. സാഹ 17 പന്തില്‍ നിന്ന് 21 റണ്‍സും ഡേവിഡ് മില്ലര്‍ 21 റണ്‍സും നേടി. ചെന്നൈക്ക് വേണ്ടി ദീപക് ചഹര്‍, മുസ്താഫിസൂര്‍ റഹ്മാന്, തുഷാര്‍ ദേഷ്പാണ്ഡേ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.