ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. റാഷിദ് ഖാനെ നേരിടാന്‍ ഭയന്നാണ് ഹര്‍ദിക് തനിക്ക് മുന്‍പേ ടിം ഡേവിഡിനെ ക്രീസിലേക്ക് അയച്ചത് എന്ന് മുന്‍ താരങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഏഴാമതായി ബാറ്റിങ്ങിന് ഇറങ്ങാനുള്ള തീരുമാനം ഇവിടെ ഹര്‍ദിക് സ്വയം സ്വീകരിച്ചതാവാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം മനോജ് തിവാരിയുടെ വാക്കുകള്‍. മുംബൈ മെന്ററായ സച്ചിന് ടെണ്ടുല്‍ക്കറുടെ സ്വാധീനത്തിലേക്കാണ് തിവാരി വിരല്‍ ചൂണ്ടുന്നത്.
അത് ഹര്‍ദിക്കിന്റെ തീരുമാനമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ഗുജറാത്തിലാണെങ്കില്‍ രണ്ട് പേരാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്, ഹര്‍ദിക്കും നെഹ്റയും. എന്നാല്‍ മുംബൈ ഡഗൗട്ടില്‍ ചില വമ്പന്‍ പേരുകളുണ്ട്. ഇവരുടെ സ്വാധീനഫലമായിട്ടായിരിക്കാം ചിലപ്പോള്‍ ഹര്‍ദിക് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയത്. ബൗച്ചര്‍ സച്ചിന് പറയുന്നതിനൊപ്പം നില്ക്കും. ബൗച്ചര്‍ അത് ടീം മാനേജ്മെന്റിലെ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യും, മനോജ് തിവാരി പറയുന്നു. ക്രിക്ബസിന്റെ ചര്‍ച്ചയിലായിരുന്നു പ്രതികരണം.
ധോണിയെ അനുകരിക്കാനാണ് ഹര്‍ദിക് ശ്രമിച്ചത് എന്ന് പറഞ്ഞാണ് മുംബൈ ക്യാപ്റ്റനെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വിമര്‍ശിച്ചത്. ധോണിയായാലും കോലിയായാലും ഓരോരുത്തര്‍ക്കും വ്യത്യസ്ത ചിന്താഗതിയാണ്. നിങ്ങളുടെ കഴിവുകളെ ആശ്രയിച്ചാണ് കളിക്കേണ്ടത്. കഴിഞ്ഞ രണ്ട് സീസണിലും മൂന്നാം സ്ഥാനത്തോ നാലാമതോ ആണ് ഹര്‍ദിക് ബാറ്റ് ചെയ്തത്. അഞ്ചാമതായി പോലും വേണമെങ്കില്‍ ബാറ്റിങ്ങിന് ഇറങ്ങാം. എന്നാല്‍ ഹര്‍ദിക്ക് ഏഴാമതായി ഇറങ്ങേണ്ട കാര്യമില്ല, ഷമി പറഞ്ഞു.
ഗുജറാത്തിന് എതിരെ മുംബൈക്ക് അവസാന നാല് ഓവറില്‍ 48 റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഏഴ് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാല്‍ ഡെത്ത് ബൗളിങ്ങില്‍ മികവ് കാണിച്ച് ഗുജറാത്ത് കളി കൈക്കലാക്കി. 11 ഡോട്ട്ബോളുകളാണ് അവസാന ഓവറുകളില്‍ ഗുജറാത്ത് ബൗളര്‍മാരില്‍ നിന്ന് വന്നത്. ആറ് വിക്കറ്റും ഇവര്‍ പിഴുതു.
Mohammad shami slams hardik pandya