ധരംശാല ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ചറി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത്തിനേയും ഗില്ലിനേയും നഷ്ടമായി. 68 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.
രോഹിത് ശര്‍മയുടെ 12ാം ടെസ്റ്റ് സെഞ്ചറിയാണ് ഇത്. 48ാമത് രാജ്യാന്തര സെഞ്ചറിയും. രണ്ടാം ദിനം 52 റണ്‍സ് എന്ന വ്യക്തിഗത സ്കോറില്‍ നിന്ന് ബാറ്റിങ് ആരംഭിച്ച രോഹിത് മികച്ച ഫോമിലാണ് ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ റണ്‍വേട്ട രോഹിത് 400 കടത്തുകയും ചെയ്തു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരവുമായി രോഹിത്. 9 സെഞ്ചറിയാണ് രോഹിത് നേടിയത്. നാല് വീതം സെഞ്ചറികളുമായി ഗില്ലും കോലിയുമാണ് രോഹിത്തിന് പിന്നില്‍. 2021ന് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ താരവും രോഹിത്താണ്, ആറ് സെഞ്ചറികള്‍. 30 വയസ് പിന്നിട്ടതിന് ശേഷം 35 സെഞ്ചറികളാണ് രോഹിത് നേടിയത്.
137 പന്തില്‍ നിന്നാണ് ഗില്‍ തന്റെ നാലാം ടെസ്റ്റ് സെഞ്ചറിയിലേക്ക് എത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച ഫോമിലാണ് ഗില്ലിന്റേയും ബാറ്റിങ്. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ചറി നേടി. മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും അര്‍ധ ശതകം കണ്ടെത്തിയ ഗില്‍ അഞ്ചാം ടെസ്റ്റില്‍ ശതകം തൊട്ടു. 162 പന്തില്‍ നിന്ന് 103 റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ സ്റ്റോക്ക്സ് ക്ലീന്‍ ബൗള്‍ഡാക്കി. ജെയിംസ് ആന്‍ഡേഴ്സനാണ് ഗില്ലിനെ മടക്കിയത്. 150 പന്തില്‍ നിന്ന് 12 ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്സ്.
രണ്ടാം ദിനം ആദ്യ സെഷനില്‍ 30 ഓവറില്‍ നിന്ന് 129 റണ്‍സ് ആണ് ഇന്ത്യ സ്കോര്‍ ചെയ്തത്. രോഹിത്തിന്റേയും ഗില്ലിന്റേയും കൂട്ടുകെട്ട് 160 റണ്‍സില്‍ എത്തിനില്‍ക്കുന്നു.