വിരാട് കോലിക്ക് പകരം രോഹിത് ശർമ്മയെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ നായകനാക്കാനുള്ള തീരുമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗാംഗുലി. ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് ആയിരിക്കെയാണ് 2022ല്‍ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതും പകരം രോഹിത്ത് ശര്‍മ ക്യാപ്റ്റനായി എത്തുന്നതും.
ഇന്ത്യൻ പ്രീമിയർ ലീഗിലെ റെക്കോർഡ് കണക്കിലെടുത്താണ് രോഹിത്തിനെ നായകസ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് ഗാംഗുലി വെളിപ്പെടുത്തിയത്. നായകനെന്ന നിലയില്‍ രോഹിത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് മനസിലായെന്നും ഇതേത്തുടര്‍ന്നാണ് കോലിയെ മാറ്റാനുള്ള തീരുമാനത്തിൽ എത്തിയതെന്നും ഗാംഗുലി പറഞ്ഞു.
എന്നാല്‍ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ കോലിയോട് ആവശ്യപ്പെട്ടതായി ഗാംഗുലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വെച്ച് നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതെന്നും ഗാംഗുലി നിരീക്ഷിച്ചു.
'ലോകകപ്പിൽ അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസി നോക്കൂ. ഇന്ത്യയെ ഫൈനലിലെത്തിക്കുന്നു. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്. ഞാൻ ബിസിസിഐ പ്രസിഡന്‍റായിരിക്കെയാണ് അദ്ദേഹം ക്യാപ്റ്റനായത്.രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികവില്‍ എനിക്ക് അത്ഭുതമില്ല, അദ്ദേഹത്തിലെ കഴിവ് കണ്ടാണ് ഞാൻ അദ്ദേഹത്തെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്' ഗാംഗുലി പറഞ്ഞു .
അതേസമയം, മുംബൈ ഇന്ത്യൻസിൽ അടുത്തിടെ രോഹിത്തിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യയാണ് ഇനിമുതല്‍ നായകസ്ഥാനം അലങ്കരിക്കുക. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടായിരുന്ന ഹാർദിക് ഇത്തവണ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സിനെ നയിക്കും. ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശുഭ്മാൻ ഗില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തു.
Sourav Ganguly Opens Up On Decision To Replace Rohit Sharma With Virat Kohli