ടൂര്‍ണമെന്റിന് ഇടയില്‍ മുഖ്യ പരിശീലകനെ പുറത്താക്കി. നോക്കൗട്ടിലേക്ക് എത്തിയത് തലനാരിഴയ്ക്ക്. പ്രീക്വാര്‍ട്ടറില്‍ സെനഗലിനെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍...സമ്മര്‍ദങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ കടന്നായിരുന്നു ആഫ്രിക്കയുടെ രാജക്കന്മാരാവാനുള്ള കലാശപ്പോരാട്ടത്തിലേക്ക് ഐവറി കോസ്റ്റ് എത്തിയത്. കലാശപ്പോരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യ പകുതിയില്‍ തന്നെ നൈജീരയക്കെതിരെ ഗോള്‍ വഴങ്ങി സമ്മര്‍ദത്തിലേക്ക്. എന്നാല്‍ കാന്‍സറിനേയും അതിജീവിച്ച് ഗ്രൗണ്ടിലേക്ക് പന്ത് തട്ടാന്‍ തിരികെയെത്തിയ ഹാളര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 81ാം മിനിറ്റില്‍ ഹാളറിന്റെ ഗോള്‍. കിരീടം ചൂടി ഐവറി കോസ്റ്റ്...
2022 ജൂലൈയിലാണ് സെബാസ്റ്റ്യന്‍ ഹാളര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് അയാക്സില്‍ നിന്ന് എത്തിയതിന് പിന്നാലെയായിരുന്നു ഇത്. പ്രീസീസണിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡിനെ ബാദ്റഗാസില്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോള്‍ താരത്തിന് ശാരീരിക അസ്വസ്ഥതകള്‍ നേരിടുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ വൃഷണ ഭാഗത്ത് കാന്‍സര്‍ സ്ഥിരീകരിച്ചു. പിന്നെ കിമോതെറാപ്പികളുടേയും ശസ്ത്രക്രിയകളുടേയും ദിനങ്ങള്‍.
എന്നാല്‍ 2023 ഫെബ്രുവരിയില്‍ കാന്‍സറിനേയും തോല്‍പ്പിച്ച് ഹാളര്‍ മൈതാനത്തേക്ക് മടങ്ങിയെത്തി. 2024 ഫെബ്രുവരിയില്‍ ഹാളറിന്റെ തോളിലേറി ഐവറി കോസ്റ്റ് ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ചാമ്പ്യന്മാരും. 'ഈ നിമിഷം ഞങ്ങള്‍ പലവട്ടം സ്വപ്നം കണ്ടതാണ്', നൈജീരിയയെ വീഴ്ത്തിയതിന് ശേഷം ഇങ്ങനെയായിരുന്നു ഹാളറിന്റെ വാക്കുകള്‍.
കലാശപ്പോരില്‍ 38ാം മിനിറ്റില്‍ വില്യം ട്രൂസ്റ്റിന്റെ ഗോളിലൂടെയാണ് നൈജീരിയ ലീഡ് എടുത്തത്. ഒരു ഗോള്‍ വഴങ്ങിയതിന്റെ സമ്മര്‍ദത്തില്‍ ഐവറി കോസ്റ്റിന് ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ 62ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സി ഐവറി കോസ്റ്റിനെ സമനിലയിലെത്തിച്ചു. ഒടുവില്‍ 81ാം മിനിറ്റില്‍ അഡിന്‍ഗ്രയുടെ ക്രോസില്‍ കാല് വെച്ച് പന്ത് വലയിലാക്കി ഹാളറിന്റെ വിജയ ഗോളും. സെമി ഫൈനലില്‍ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് ഐവറി കോസ്റ്റ് വീഴ്ത്തിയപ്പോള്‍ വല കുലുക്കിയതും ഹാളറാണ്.
Striker sebastian haller scored winning goal against nigeria