രവീന്ദ്ര ജഡേജയുടെ പിതാവിന്റെ ആരോപണങ്ങളും അതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം നല്‍കിയ മറുപടികളും വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. ഇപ്പോള്‍ ഭര്‍തൃപിതാവിന്റെ ആരോപണങ്ങളെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ക്ഷുഭിതയായി പ്രതികരിക്കുകയാണ് റിവാബ ജഡേജ.
ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാനല്ല എത്തിയിരിക്കുന്നത്. അതിനെ കുറിച്ച് അറിയണം എങ്കില്‍ നേരിട്ട് ബന്ധപ്പെടാം. പൊതുവേദിയില്‍ ഇങ്ങനത്തെ ചോദ്യങ്ങളല്ല ചോദിക്കേണ്ടത് എന്നുമാണ് അനിരുദ്ധ് സിങ് ജഡേജയുടെ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി എംഎല്‍എ കൂടിയായ റിവാബ പ്രതികരിച്ചത്.
ദൈനിക് ഭാസ്കര്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിവാബയ്ക്ക് എതിരെ രവീന്ദ്ര ജഡേജയുടെ പിതാവ് ആരോപണങ്ങള്‍ ഉന്നയിച്ചത്. 'രവീന്ദ്ര ജഡേജയുമായും റിവാബയുമായും എനിക്ക് ബന്ധമൊന്നുമില്ല. അവരെ വിളിക്കാറില്ല. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജാംനഗറില്‍ ഞാന്‍ തനിച്ചാണ് താമസിക്കുന്നത്. രവീന്ദ്ര ജഡേജ ഈ നഗരത്തില്‍ സ്വന്തം ബംഗ്ലാവിലാണ് താമസിക്കുന്നത്. ഒരേ നഗരത്തില്‍ താമസിച്ചിട്ടും തമ്മില്‍ കാണാറില്ല. രവീന്ദ്ര ജഡേജയെ ക്രിക്കറ്റ് താരമാക്കിയതില്‍ ഖേദമുണ്ട്', രവീന്ദ്ര ജഡേജയുടെ പിതാവ് പറയുന്നു.റിവാബ ഞങ്ങളുടെ കുടുംബത്തില്‍ വിള്ളല്‍ സൃഷ്ടിച്ചു. സ്വത്തുക്കളെല്ലാം അവളുടെ പേരിലാക്കി നല്‍കണമെന്ന് പറഞ്ഞു. അഞ്ച് വര്‍ഷമായി പേരക്കുട്ടിയുടെ മുഖം പോലും കാണാനായിട്ടില്ല. രവീന്ദ്ര ജഡേജയുടെ അമ്മായമ്മയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്, ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ രവീന്ദ്ര ജഡേജയുടെ പിതാവ് പറയുന്നു.
എന്നാല്‍ ബിജെപി എംഎല്‍എ കൂടിയായ റിവാബയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണ് ഇതെന്ന് രവീന്ദ്ര ജഡേജ പ്രതികരിച്ചു. 'അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. എനിക്കും ഒരുപാട് പറയാനുണ്ട്. എന്നാല്‍ പരസ്യമായി പറയുന്നില്ല എന്നായിരുന്നു രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
Ravindra Jadeja's wife rivaba reaction