ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിരാട് കോലി മടങ്ങിയെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ടീമിലേക്ക് മടങ്ങി എത്തുന്നത് സംബന്ധിച്ച് സെലക്ടര്‍മാരുമായി കോലി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണ് ഇനിയുള്ളത്. കോലിയെ ഒഴിവാക്കി ഈ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് സൂചന.
ഫെബ്രുവരെ പകുതി വരെയാണ് കോലി ഇടവേള ആവശ്യപ്പെട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ടീമിലേക്ക് എപ്പോള്‍ തിരിച്ചുവരണം എന്ന് കോലിക്ക് തീരുമാനിക്കാം. ഇതുവരെ ഞങ്ങളെ ഒരു വിവരവും അറിയിച്ചിട്ടില്ല. കോലി കളിക്കാന്‍ തീരുമാനിച്ചാല്‍ ടീമില്‍ ഉള്‍പ്പെടുത്തും', ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കോലിയും അനുഷ്കയും എന്ന് എബി ഡിവില്ലിയേഴ്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് കോലിയുടെ തീരുമാനം.
രാജ്കോട്ടിലും റാഞ്ചിയിലും ധരംശാലയിലുമായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇനിയുള്ള മൂന്ന് ടെസ്റ്റുകള്‍. ഇന്ത്യന്‍ മധ്യനിര ബാറ്റിങ് പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കോലിയുടെ തിരിച്ചുവരവ് ഇന്ത്യക്ക് ശക്തിപകരും. അതുകൊണ്ട് തന്നെ കോലിയുടെ മടങ്ങിവരവാണ് ബിസിസിഐയും ആഗ്രഹിക്കുന്നത്. എന്നാല്‍ കുടുംബത്തിനൊപ്പം നില്‍ക്കണം എന്ന കോലിയുടെ തീരുമാനത്തെ ബിസിസിഐ ബഹുമാനിക്കുന്നു. അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള പരമ്പരയ്ക്കുള്ള ടീമില്‍ സെലക്ടര്‍മാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയില്ല.
രജത്തിന് കൂടുതല്‍ അവസരം നല്‍കിയേക്കും. ശ്രേയസ് അയ്യറിന് പകരം സര്‍ഫ്രാസ് ഖാന് അവസരം നല്‍കുമോ എന്നതും ആകാംക്ഷ ഉണര്‍ത്തുന്നു. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ ശ്രേയസിന്റെ ടെസ്റ്റ് റെക്കോര്‍ഡ് മികച്ചതാണ് എന്നതിനാല്‍ ശ്രേയസിനെ ടീം മാനേജ്മെന്റ് പിന്തുണയ്ക്കാനാണ് സാധ്യത. രജത്തിനേയും സര്‍ഫ്രാസിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ടീം മാനേജ്മെന്റ് വിട്ടുനില്‍ക്കാനാണ് സാധ്യത.
Virat Kohli might miss remaining tests against England