2024 ലെ പാരീസ് ഒളിംപിക്സില്‍ അർജന്‍റീനക്കായി കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫുട്ബോള്‍ താരം ലയണൽ മെസ്സി. മെസ്സിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയയും വരാനിരിക്കുന്ന ഒളിംപിക്സില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി അർജന്‍റീനിയന്‍ റേഡിയോ ഔട്ട്‌ലെറ്റായ ഡി സ്‌പോർട്‌സ് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഒളിംപിക്സ് ടീമിൽ കളിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം മെസ്സിയുടേതും എയ്ഞ്ചല്‍ ഡി മരിയയുടേതുമാണെന്ന് ബാഴ്‌സലോണ മിഡ്ഫീൽഡര്‍ ഹാവിയർ മഷറാനോ അഭിപ്രായപ്പെട്ടിരുന്നു. ഒളിംപിക്സ് യോഗ്യതയ്ക്കുള്ള അർജന്‍റീനയുടെ ടീമിന്‍റെ പരിശീലകനാണ് എഫ് സി ബാഴ്‌സലോണയുടെ മുൻ താരം കൂടിയായ മഷറാനോ.
അതേസമയം പാരീസ് ഒളിംപിക്സിലെ ഫുട്‌ബോൾ മല്‍സരങ്ങള്‍ നേരത്തെ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടങ്ങൾ ജൂലൈ 24 മുതൽ 30 വരെയും ഫൈനൽ ഓഗസ്റ്റ് 9 നുമാണ് നടക്കുക. 23 വയസിൽ താഴെയുള്ളവർക്കാണ് ഒളിംപിക്സ് ഫുട്ബോള്‍ മല്‍സരങ്ങള്‍ കളിക്കാൻ അനുമതിയെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നാണ് നിയമം. സീനിയർ സ്ക്വാഡ് കളിക്കാരെ ടീമുകൾക്ക് നഷ്ടമാകുന്നത് തടയുക എന്ന ആശയത്തോടെയാണിത്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ സ്വർണം നേടിയ അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ടീമില്‍ മെസിയും ഹവിയർ മഷറാനോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഡി മരിയയുടെ ഒറ്റഗോളിന് നൈജീരിയയെ തോൽപിച്ചാണ് അന്ന് അര്‍ജന്‍റീന ചാമ്പ്യൻമാരായത്.
ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് അവസാനം വരെ ലീഗ് മല്‍സരങ്ങളില്ലാത്തതിനാല്‍ ഒളിംപിക്സിന് പോയാലും മെസ്സിക്ക് മല്‍സരങ്ങളൊന്നും നഷ്ടമാകില്ല എന്നാണ് കണക്കുകൂട്ടല്‍. അതേസമയം സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സില്‍ ഫ്രാൻസിനായി കളിക്കാൻ കിലിയൻ എംബപെയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് 2024 ലെ പാരീസ് ഒളിംപിക്സ്.