ന്യൂസീലൻഡ് എ ടീമിനെതിരായ രണ്ടാം മത്സരം നാലു വിക്കറ്റിനു ജയിച്ച് ഇന്ത്യ എ ടീം. രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 47 ഓവറില്‍ 219 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 34 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എ വിജയലക്ഷ്യത്തിലെത്തി.
ഓപ്പണർ പൃഥ്വി ഷായുടെ അർധസെഞ്ചറി മികവിലാണ് ഇന്ത്യൻ മുന്നേറ്റം. 48 പന്തുകൾ നേരിട്ട പൃഥ്വി ഷാ 77 റൺസെടുത്തു പുറത്തായി. 11 ഫോറും മൂന്നു സിക്സുമാണു പൃഥ്വി ഷാ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ സഞ്ജു സാംസണും ഇന്ത്യ എ ടീമിനു വേണ്ടി തിളങ്ങി. 35 പന്തുകളിൽനിന്ന് സഞ്ജു 37 റൺസെടുത്തു.
ഋതുരാജ് ഗെയ്‌ക്‌വാദ് (34 പന്തിൽ 30), ഷാർദൂൽ ഠാക്കൂർ (24 പന്തിൽ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം 27ന് ചെന്നൈയിൽ നടക്കും.