മെന്റര്‍ സ്ഥാനത്തേക്കായി ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സമീപിച്ചതായി റിപ്പോര്‍ട്ട്. 2024 ഐപിഎല്‍ സീസണിന്റെ തുടക്കത്തിലാണ് ഗൗതം ഗംഭീറിനെ മെന്ററായി കൊല്‍ക്കത്ത കൊണ്ടുവരുന്നത്. കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയതിന് പിന്നാലെ ഗൗതം ഗംഭീറിന് മുന്‍പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം എന്ന ഓഫര്‍ വരികയായിരുന്നു.
10 വര്‍ഷത്തെ പദ്ധതിയായാണ് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത ക്യാംപിലേക്ക് കൊണ്ടുവന്ന് ഷാരൂഖ് ഖാന്‍ ഗംഭീറിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ടീം കിരീടം ചൂടിയതിന് പിന്നാലെ ഫ്രാഞ്ചൈസിയില്‍ തുടരുന്നതിനായി ബ്ലാങ്ക് ചെക്ക് ഗംഭീറിന് മുന്‍പില്‍ ഷാരൂഖ് നീട്ടിയതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം എന്ന മോഹിപ്പിക്കുന്ന ഓഫര്‍ ഗംഭീറിന്റെ മുന്‍പിലേക്കെത്തുകയായിരുന്നു.
ട്വന്റി20 ലോകകപ്പോടെ ദ്രാവിഡിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്ര അവസാനിച്ചു. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡിനായി 2025 ഐപിഎല്‍ സീസണില്‍ മുന്‍പില്‍ കണ്ട് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ കൂടാതെ മറ്റ് ഫ്രാഞ്ചൈസികളും രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേയും ദ്രാവിഡ് ഐപിഎല്‍ ഫ്രഞ്ചൈസിയില്‍ മെന്ററായും കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായിരുന്ന ദ്രാവിഡ് 2017ലാണ് പടിയിറങ്ങിയത്. ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ജൂനിയര്‍ ടീമുകളുടേയും ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമിന്റേയും പരിശീലകനായി. 2021 മുതലാണ് എന്‍സിഎയുടെ തലപ്പത്തേക്ക് എത്തിയത്.