ഐപിഎൽ 2024 സീസണിലെ അവസാന ലീഗ് മത്സരത്തിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡ്!. ഇന്ന് വൈകിട്ട് 7.30ന് ബർസപൂരിൽ നടക്കുന്ന കളിയിൽ രാജസ്ഥാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. ഇന്ന് 3 സിക്സടിച്ചാൽ ടി 20 ക്രിക്കറ്റിൽ 300 സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജുവും നടന്നുകയറും.
ഈ സീസണിലെ ഫോമും സിക്‌സറുകൾ അടിക്കാനുള്ള കഴിവും നോക്കിയാൽ, കൊൽക്കത്തയ്ക്കെതിരായ കളിയിൽ തന്നെ സാംസണിന് ഈ നാഴികക്കല്ലിലെത്താൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ പട്ടികയിൽ ആദ്യ സ്ഥാനം 507 സിക്‌സറുകൾ പറത്തിയ രോഹിത് ശർമ്മയ്ക്കാണ്. തൊട്ടുപിന്നാലെ വിരാട് കോലി(404), എംഎസ് ധോണി(337), സുരേഷ് റെയ്‌ന(325), സൂര്യകുമാർ യാദവ് (312), കെഎൽ രാഹുൽ( 308) എന്നിവരാണ് ഫോർമാറ്റിൽ 300ലധികം സിക്‌സറുകൾ നേടിയ മറ്റ് ഇന്ത്യൻ ബാറ്റർമാർ. 270 ടി20 മത്സരങ്ങൾ കളിച്ച സാസൺ ഇതുവരെ പായിച്ചത് 297 സിക്സറുകളാണ്.
അതേസമയം, ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ തുടർ തോൽവികൾ ഏറ്റുവാങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. കൊല്‍ക്കത്തയ്‌ക്കെതിരെ വിജയിച്ചാല്‍ മാത്രമെ രാജസ്ഥാന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാവൂ. പരുക്കേറ്റ വെസ്റ്റ്ഇൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയർ ഇന്ന് രാജസ്ഥാൻ നിരയിൽ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. 13 കളികളിൽ നിന്നായി 504 റൺസാണ് ഈ സീസണിൽ സഞ്ജുവിന്റെ സമ്പാദ്യം.
ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിനെ പുകഴ്ത്തി മുൻ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ‘‘ഒരു ക്രിക്കറ്ററുടെ കഴിവ് അറിയാൻ ഒരുപാട് സമയമൊന്നും വേണ്ട. ക്യാപ്റ്റൻസിയിലും പവർ ഹിറ്റിങ്ങിലും വിക്കറ്റിന് പിന്നിലുമെല്ലാം സാംസൺ മികച്ചു നിൽക്കുകയാണ്. നായകനെന്ന നിലയിൽ നന്നായി കളിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ബാറ്റിങ്ങിന് അവസരം കിട്ടിയാൽ ട്വന്റി20 ലോകകപ്പിലും സഞ്ജു തകർക്കുമെന്നാണ് പ്രതീക്ഷ.’’– ഗംഭീർ വ്യക്തമാക്കി.